25 December Wednesday

കാരവനിലെ മരണം 
വിഷപ്പുക ശ്വസിച്ച്‌

വെബ് ഡെസ്‌ക്‌Updated: Wednesday Dec 25, 2024

മനോജ്‌കുമാർ / ജോയൽ


വടകര (കോഴിക്കോട്‌)
വടകര ദേശീയപാതയിൽ കരിമ്പനപ്പാലത്ത്‌ റോഡരികിൽ നിർത്തിയിട്ട കാരവനിൽ രണ്ടു യുവാക്കൾ മരിച്ചത്‌ വിഷപ്പുക ശ്വസിച്ചാകാമെന്ന്‌ ജില്ലാ പൊലീസ് മേധാവി പി നിതിൻരാജ് പറഞ്ഞു. ഡ്രൈവർ മലപ്പുറം വണ്ടൂർ വാണിയമ്പലം സ്വദേശി മനോജ്‌കുമാർ (48), കണ്ണൂർ തിമിരി തട്ടുമ്മൽ നെടുംചാലിൽ പറശേരി വീട്ടിൽ ജോയൽ (26) എന്നിവരെയാണ് തിങ്കൾ രാത്രി വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ സംശയാസ്പദമായ പരിക്കുകൾ ഒന്നും കണ്ടെത്തിയില്ല.

വാഹനത്തിലെ ജനറേറ്ററിൽനിന്ന്‌ പുറന്തള്ളിയ കാർബൺ മോണോക്സൈഡ് ആകാൻ സാധ്യതയുമുണ്ട്. മെഡിക്കൽ കോളേജ് ഫോറൻസിക് മേധാവി സുജിത്ത് ശ്രീനിവാസൻ, അസി. പ്രൊഫസർ പി പി അജേഷ് എന്നിവർ കാരവനിൽ പരിശോധന നടത്തി. സ്ഥിരമായി വാഹനം ഓടിക്കുന്ന ആളല്ല മരിച്ച മനോജ്‌കുമാർ. വാഹന സംബന്ധമായ ഡ്രൈവറുടെ പരിചയക്കുറവും അപകടത്തിന് കാരണമായേക്കാമെന്നാണ്‌ നിഗമനം. ജനറേറ്റർ വാഹനത്തിന് ഉള്ളിൽനിന്നാണ് പ്രവർത്തിപ്പിച്ചത്. ഇങ്ങനെ പ്രവർത്തിപ്പിക്കുമ്പോൾ പുക വാഹനത്തിനുള്ളിലേക്ക് കടക്കാൻ സാധ്യതയുണ്ടോയെന്ന്‌ വിശദമായി പരിശോധിക്കുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

മൃതദേഹങ്ങൾ പോസ്‌റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ജോയലിന്റെ അച്ഛൻ: അഗസ്‌റ്റിൻ. അമ്മ: സിസിലി.  മനോജ്കുമാറിന്റെ അച്ഛൻ: കേശവൻനായർ. അമ്മ: ശാരദാമ്മ. ഭാര്യ: പ്രിയ. മക്കൾ: ഗായത്രി, മീനാക്ഷി.

കാരവനിൽ 6 പേർക്ക്‌ 
കിടക്കാൻ സൗകര്യം
വടകരയിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തിയ കാരവനിൽ ആറുപേർക്ക്‌ കിടക്കാൻ സൗകര്യം. രണ്ട് ബെഡ്റൂം, അടുക്കള, ബാത്ത്റൂം എന്നിവയ്‌ക്കു പുറമേ ഡ്രൈവർ കാബിൻ ഉൾപ്പെടെ ശീതീകരിച്ചിട്ടുമുണ്ട്‌.  വിരലടയാള വിദഗ്‌ധർ, ഫോറൻസിക് വിഭാഗം, ഡോഗ് സ്‌ക്വാഡ്‌ എന്നിവയുടെ നേതൃത്വത്തിൽ കാരവനിലെ ജനറേറ്ററും യുപിഎസും അടക്കം പരിശോധിച്ചു.

വേണം ശ്രദ്ധ
നിർത്തിയിട്ട വണ്ടിയിൽ കിടന്നുറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിലേക്കുകൂടി സംഭവം വിരൽചൂണ്ടുന്നു. സാധാരണ വാഹനങ്ങളിൽ എൻജിൻ ഓൺ ആക്കി കിടന്നുറങ്ങുന്നത്‌ സുരക്ഷിതമല്ലെന്ന്‌ വിദഗ്‌ധർ. കാരവൻ പോലുള്ളവയാണെങ്കിൽ വായുസഞ്ചാരം ഉറപ്പാക്കണം. കൃത്യമായി എസി അറ്റകുറ്റപ്പണി നടത്തണം. വാഹനത്തിനുള്ളിൽ ഓക്‌സിജന്റെ അളവുകുറയുന്നത്‌ അപകടസാധ്യത വർധിപ്പിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top