21 December Saturday

പാഠം 1, പഠനം ഒന്നാന്തരം ; മറുനാടിനും മധുരിച്ച‌് മലയാളം

വെബ് ഡെസ്‌ക്‌Updated: Monday May 27, 2019

കൊച്ചി
തെരുവോരക്കച്ചവടത്തിനായി എല്ലാവർഷവും ഒക്ടോബറിൽ ഒരുകൂട്ടം നാടോടികൾ എറണാകുളത്തെത്തും.  നോർത്ത് പാലത്തിനടിയിലാണ് ഇവരുടെ തമ്പ‌്. അവരെത്തിയതറിഞ്ഞാൽ അതിരാവിലെ തൃക്കണാർവട്ടം യൂണിയൻ എൽപി സ്‌കൂളിലെ അധ്യാപകരും സമഗ്രശിക്ഷാ അഭിയാന‌ുകീഴിലെ ബഹുഭാഷാപ്രാവീണ്യമുള്ള വളന്റിയറും അവിടേക്കെത്തും. നാടോടിക്കൂട്ടത്തിനെ വിളിച്ച‌് കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസം നൽകേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തും.

പലരും അവരുടെ കുട്ടികളെ സ്‌കൂളിലേക്ക‌് അയക്കാൻ വിസമ്മതിക്കുകയാണ‌് പതിവ‌്. അവരുടെ മനസ്സ‌് മാറുംവരെ ബോധവൽക്കരണം തുടരും. ഒടുവിൽ അവർ സമ്മതം മൂളിയാൽ കുഞ്ഞുങ്ങളെ കുളിപ്പിച്ചൊരുക്കി സ്‌കൂളിലേക്ക് കൊണ്ടുപോകുന്നതും ഈ അധ്യാപകരും വളന്റിയർമാരും ചേർന്നാണ്. നാടോടികൾ ഡൽഹിയിലേക്ക് മടങ്ങുംവരെ കുഞ്ഞുങ്ങൾ തൃക്കണാർവട്ടം യൂണിയൻ എൽപി സ്‌കൂളിൽ പഠിക്കും.

കൗതുകം തോന്നുമെങ്കിലും ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം നിരവധി നാടോടികൾ തമ്പടിക്കാറുണ്ട്. കേരളത്തിലെത്തിയാൽ ഇവരുടെ കുഞ്ഞുങ്ങളും യൂണിഫോമണിഞ്ഞ് പൊതുവിദ്യാലയങ്ങളിലേക്ക് പോകും, പാഠങ്ങൾ പഠിക്കും, യഥാസമയം ഭക്ഷണം കഴിക്കും. മറുനാടുകളിൽനിന്ന് കേരളത്തിലെത്തുന്ന കുഞ്ഞുങ്ങൾക്ക് ഒരുകാരണവശാലും വിദ്യാഭ്യാസം നഷ്ടമാകരുതെന്ന സർക്കാരിന്റെ ഉറച്ച നിലപാടിന്റെ ഭാഗമായാണ‌് കേരളത്തിൽ അത‌് സംഭവിക്കുന്നത‌്.

തൃക്കണാർവട്ടം എസ‌്എ‌ൻഎ ഹയർ സെക്കൻഡറി സ‌്കൂളിൽ പത്താംക്ലാസ‌് പരീക്ഷയെഴുതിയ ഉത്തർപ്രദേശുകാരനായ ആര്യൻ ഗുപ‌്ത ഒമ്പത‌് വിഷയത്തിന‌് എ പ്ലസ‌് നേടി ഇക്കുറി സ‌്കൂളിന്റെ അഭിമാനതാരമായി. ജിദേശ‌് പാണ്ഡെയുടെയും കർണാടകക്കാരി ഗായത്രിയുടെയും മകൾ നയന തൃക്കണാർവട്ടം എസ‌്എൻ ഹയർ സെക്കൻഡറി സ‌്കൂളിലെ വിദ്യാർഥിനിയാണ‌്. മലയാളം സെക്കൻഡ‌് പേപ്പറിന‌് ഉൾപ്പെടെ എല്ലാ വിഷയത്തിനും രണ്ടുവർഷംമുമ്പ‌് എസ‌്എസ‌്എൽസിക്കും ഇപ്പോൾ പ്ലസ‌്ടുവിനും എ പ്ലസ‌് നേടി. ഈ സ‌്കൂളിൽത്തന്നെ പഠിക്കുന്ന നയനയുടെ അനിയത്തി നന്ദനയ‌്ക്ക‌് ഇത്തവണ എസ‌്എസ‌്എൽസി പരീക്ഷയ‌്ക്ക‌് എട്ട‌് വിഷയത്തിനാണ‌് എ പ്ലസ‌്.

മറുനാട്ടുകാരായ കുട്ടികൾക്ക് ഭാഷാപരിമിതി മറികടക്കാൻ നിരവധി പദ്ധതികളുണ്ട‌് സർവശിക്ഷാ അഭിയാനിൽ. പഠനശേഷി കുറഞ്ഞ കുട്ടികളെ സഹായിക്കാൻ സ്‌കൂളുകളിൽ റിസോഴ്‌സ് അധ്യാപകർ പ്രവർത്തിക്കുന്നു. ശാരീരികപരിമിതിമൂലം സ്‌കൂളുകളിലേക്കെത്താൻ കഴിയാത്തവരെ വീടുകളിലെത്തി പഠിപ്പിക്കാനും റിസോഴ്‌സ് അധ്യാപകരുണ്ട്. ആദിവാസി ഊരുകളിൽനിന്ന‌് വരുന്ന കുട്ടികളുടെ വിദ്യാഭ്യാസമുന്നേറ്റം ലക്ഷ്യമിട്ട് ഓരോ പ്രദേശത്തും പ്രത്യേക വളന്റിയർമാർ വേറെയും.  ഈ വിഭാഗത്തിലെ കുട്ടികൾക്ക് പ്രത്യേക ട്യൂഷനും നൽകുന്നുണ്ട്. ഇവർക്ക് സ്‌കൂളിലേക്കെത്താനുള്ള യാത്രച്ചെലവ് ഉൾപ്പെടെ സർക്കാർ നൽകുന്നു.
പരിമിതികൾമൂലം ഒരു കുട്ടിക്കും വിദ്യാഭ്യാസ അവകാശം നഷ്ടമാകരുതെന്ന ലക്ഷ്യമാണ് സർക്കാരിനുള്ളത്. ആ ലക്ഷ്യം വിജയിച്ചുവെന്ന് തെളിയിക്കുന്നതാണ് ഇത്തവണത്തെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷാഫലം. സർക്കാർ കൈപിടിച്ചപ്പോൾ നിരവധി കുട്ടികളാണ്, നഷ്ടമാകുമെന്നു കരുതിയ വിദ്യാഭ്യാസത്തിന്റെ മധുരം നുകർന്നത‌്. അവർ ശാരീരിക, ഭാഷാ പരിമിതികളെയും സാമ്പത്തിക പരാധീനതകളെയും അതിജീവിച്ച് തുടർപഠനത്തിന് യോഗ്യത നേടി. ഇതിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരും ഉൾപ്പെടുന്നു.

‘വീട്ടിലേക്കെത്തുന്ന സ്‌കൂൾ’
അതേക്കുറിച്ച്‌ നാളെ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top