23 December Monday

ഇ ഗ്രാന്റ്‌സ്‌ കുടിശ്ശിക കൈമാറി ; പട്ടികവിഭാഗ, പിന്നാക്ക വിദ്യാർഥികൾക്ക്‌ നൽകിയത്‌ 548 കോടി രൂപ

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024


തിരുവനന്തപുരം
പട്ടിക വിഭാഗ, പിന്നാക്ക വിദ്യാർഥികളുടെ ഇ ഗ്രാന്റ്‌സ്‌ കുടിശ്ശിക തീർത്ത്‌ മുഴുവൻ തുകയും വിതരണം ചെയ്‌തു. 548 കോടി രൂപയാണ്‌ കൈമാറിയത്‌. പട്ടിക ജാതിക്കാരായ 1,34,782 വിദ്യാർഥികൾക്കും പട്ടികവർഗ വിഭാഗത്തിലെ 23,118 വിദ്യാർഥികൾക്കും പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് തുക പബ്ലിക് ഫണ്ട് മാനേജ്മെന്റ്‌ സിസ്റ്റംവഴി കൈമാറി. പട്ടികവർഗ വിഭാഗത്തിലെ കുടിശ്ശിക വിതരണം പൂർത്തിയായി. മറ്റ് അർഹ, പിന്നാക്ക വിഭാഗം വിദ്യാർഥികൾക്കുള്ള പഠനാനുകൂല്യ വിതരണവും തുടങ്ങി. ആർട്സ്, സയൻസ്, പിഎച്ച്ഡി മുൻഗണനാ ക്രമത്തിലാണ്‌  വിതരണം.

പന്ത്രണ്ട്‌ ലക്ഷത്തിലേറെ വിദ്യാർഥികൾക്കാണ് ഓരോ വർഷവും ഇ ഗ്രാന്റ്‌സ്‌ നൽകുന്നത്‌. വിദ്യാഭ്യാസ അവസരങ്ങൾ വിപുലമാക്കിയതിനാൽ എണ്ണം ഇനിയും ഉയരും. 2023-–-24 ൽ ഗ്രാന്റിന് അപേക്ഷിക്കാത്തവർക്ക് ആഗസ്ത് 15വരെ അപേക്ഷിക്കാം. 2024-–-25 വർഷത്തെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനുള്ള അപേക്ഷാ നടപടി പൂർത്തിയാക്കിവരികയാണ്. 2,67,000 പുതിയ അപേക്ഷകൾ പട്ടികജാതി വിഭാഗത്തിലും 17,000 അപേക്ഷകൾ പട്ടികവർഗ വിഭാഗത്തിലും ലഭിച്ചു.

അധികതുക വകയിരുത്തി: ഒ ആർ കേളു
വരുമാന പരിധിയുടെ പേരിൽ പട്ടികജാതി വിദ്യാർഥികൾക്ക് കേന്ദ്ര സർക്കാർ നിഷേധിച്ച തുകകൂടി ബജറ്റിൽ അധികമായി വകയിരുത്തിയാണ് പഠനാനുകൂല്യം നൽകുന്നത്‌. പിന്നാക്ക–- മറ്റ് അർഹ വിഭാഗം വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് വകയിരുത്തൽ കേന്ദ്ര ബജറ്റിൽ കുറച്ചത് ഉന്നത വിദ്യാഭ്യാസ മേഖലയ്‌ക്ക്‌ തിരിച്ചടിയാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top