05 November Tuesday

കലുങ്കുകൾ ശുചീകരിക്കില്ലെന്ന നയം റെയില്‍വേ തിരുത്തണം: മേയേഴ്‌സ്‌ കൗൺസിൽ

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2024


കണ്ണൂർ
റെയിൽവേ ഭൂമിയിലെ കലുങ്കുകൾ ശുചീകരിക്കാൻ ഉത്തരവാദിത്വമില്ലെന്ന റെയിൽവേ നയം  തിരുത്തണമെന്ന്‌ കണ്ണൂരിൽ ചേർന്ന കേരള മേയേഴ്സ് കൗൺസിൽ യോഗം ആവശ്യപ്പെട്ടു. ഇത്‌ സംബന്ധിച്ച്‌ മേയർമാർക്ക് റെയിൽവേ ഡിവിഷണൽ മാനേജർ  കത്തയച്ചത്‌ പ്രതിഷേധാർഹമാണ്‌. കത്ത് നിയമവിരുദ്ധവും  ഹൈക്കോടതിവിധിയുടെ ലംഘനവുമാണെന്ന്‌ യോഗം വ്യക്തമാക്കി.

നഗരങ്ങളിൽ സ്വാഭാവികനീരൊഴുക്ക് ഉണ്ടായിരുന്ന തോടുകൾക്ക് കുറുകെയാണ് റെയിൽവേ ലൈനുകൾ സ്ഥാപിച്ചത്. സാധാരണതോടുകൾ  ശുചീകരിക്കുന്നതുപോലെ ഈ കലുങ്കുകൾ വൃത്തിയാക്കാനാവില്ല. സുരക്ഷാപ്രശ്നം കൂടിയാണിത്‌. ആമയിഴഞ്ചാൻ തോടിൽ തൊഴിലാളിക്കുണ്ടായ ദാരുണാന്ത്യം മുന്നിലുണ്ട്. വൈദ്യുതി ലൈനുകളിലൂടെയാണ് ട്രെയിൻ ഓടുന്നത്. അതിനാൽ കലുങ്കുകൾ വൃത്തിയാക്കാൻ  യന്ത്രസാമഗ്രികൾ ഉപയോഗിക്കാനാവില്ല. ഇവിടം വൃത്തിയാക്കേണ്ട  ഉത്തരവാദിത്വം റെയിൽവേക്കാണ്‌.  ഇത് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്‌. തോടുകളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയാതിരിക്കാൻ നടപടി സ്വീകരിക്കും. കെ- സ്മാർട്ട് പദ്ധതി കോർപ്പറേഷനുകൾക്ക്‌ ഏറെ സഹായകരമായതിൽ സംസ്ഥാന സർക്കാരിനെ യോഗം അഭിനന്ദിച്ചു. 

2016 മുതൽ വസ്തുനികുതി പരിഷ്കരണത്തിന്റെ ഡിമാൻഡ്‌ ലഭിക്കാത്തതിനാൽ നികുതി അടയ്‌ക്കാത്തവർക്ക് സെപ്തംബർ 30 വരെ പിഴപ്പലിശ ഒഴിവാക്കണം.  കുടിശ്ശിക ഗഡുക്കളായി അടയ്‌ക്കാൻ ഉത്തരവിറക്കണം. സെപ്തംബർ 30 വരെ വ്യാപാരലൈസൻസ് പുതുക്കാൻ സമയം നീട്ടിയതിന്റെ പ്രയോജനം വ്യാപാരികൾക്ക് ലഭിക്കണമെന്ന  ഉത്തരവും ഇറക്കണമെന്ന്‌ ആവശ്യപ്പെട്ടു.  പ്രസിഡന്റ്‌  അഡ്വ. എം അനിൽകുമാർ അധ്യക്ഷനായി.  സെക്രട്ടറി പ്രസന്ന ഏണസ്റ്റ് റിപ്പോർട്ട് അവതരിപ്പിച്ചു.  മേയർമാരായ ബീന ഫിലിപ്പ് (കോഴിക്കോട്), എം കെ വർഗീസ്‌ (തൃശൂർ), മുസ്ലിഹ് മഠത്തിൽ (കണ്ണൂർ) എന്നിവർ സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top