26 November Tuesday

അശമന്നൂർ വില്ലേജ് ഓഫീസ് കെട്ടിടം ശോച്യാവസ്ഥയിൽ

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2024


പെരുമ്പാവൂർ
കാലപ്പഴക്കത്തില്‍ ശോച്യാവസ്ഥയിലായി അശമന്നൂർ വില്ലേജ് ഓഫീസ് കെട്ടിടം. മേൽക്കൂരയില്‍നിന്ന്‌ സിമ​ന്റ് പാളികള്‍ അടര്‍ന്നുവീണ് കമ്പികള്‍ കാണാവുന്ന നിലയിലാണ് കെട്ടിടം. 40 വർഷം പഴക്കമുള്ള കെട്ടിടത്തിന് ചോര്‍ച്ചയുമുണ്ട്. 1000 ചതുരശ്രയടിയുള്ള കെട്ടിടത്തിൽ അഞ്ചു മുറികളും ഒരു ശുചിമുറിയുമുണ്ട്. ഭിന്നശേഷിക്കാർക്ക് ഓഫീസിലേക്ക് കയറാൻ സംവിധാനമില്ല. പുറത്ത്‌ ശുചിമുറിയില്ലാത്തതും ഓഫീസിലെത്തുന്ന ജനങ്ങൾക്ക് ദുരിതമാണ്. 69 സെ​ന്റ് സ്ഥലത്താണ് പബ്ലിക് ‌ഹെൽത്ത് സെ​ന്ററും കൃഷി ഓഫീസും വില്ലേജ് ഓഫീസും പ്രവർത്തിക്കുന്നത്. പിഎച്ച്സിക്ക് സൗകര്യം വർധിപ്പിക്കുന്നതിന് ആരോഗ്യവകുപ്പ് സ്ഥലം ആവശ്യപ്പെട്ടിട്ടുണ്ട്.

സമീപത്തെ ഒഴിഞ്ഞ റവന്യു സ്ഥലത്ത് വില്ലേജ് ഓഫീസിനും കൃഷി ഓഫീസിനും കെട്ടിടം നിർമിക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. പുതിയ കെട്ടിടം നിർമിക്കാനുള്ള പദ്ധതികൾ നടക്കുന്നതിനാൽ വില്ലേജ് ഓഫീസി​ന്റെ അറ്റകുറ്റപ്പണികൾക്ക് പണം ചെലവഴിക്കേണ്ടെന്നാണ് തീരുമാനം. വില്ലേജ് ഓഫീസ് വളപ്പിൽ നിൽക്കുന്ന മരങ്ങളും അപകടാവസ്ഥയിലാണ്. അടിയിൽ മണ്ണില്ലാതെ വേരുകൾ പുറത്തുനിൽക്കുന്ന മരങ്ങൾ കാറ്റിൽ ഒടിഞ്ഞുവീഴാൻ സാധ്യതയുണ്ട്. വില്ലേജ് ഓഫീസും നാട്ടുകാരും പരാതി നൽകിയിട്ടുണ്ടെങ്കിലും മരങ്ങൾ നീക്കംചെയ്യുന്നതിന് വനംവകുപ്പ് അംഗീകാരം നൽകിയിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top