08 September Sunday

കേന്ദ്രബജറ്റിലും അവഗണന ; കൊച്ചി തുറമുഖത്തിന്റെ ഭാവി പ്രതിസന്ധിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2024


കൊച്ചി
കപ്പൽച്ചാലിലെ ചെളി നീക്കി ആഴംകൂട്ടാൻ പണം അനുവദിക്കണമെന്നതുൾപ്പെടെ വിവിധ ആവശ്യങ്ങൾ അവഗണിച്ച കേന്ദ്രബജറ്റ്‌ നിരാശാജനകമെന്ന്‌ കൊച്ചിൻ പോർട്ട്‌ സംയുക്ത ട്രേഡ്‌ യൂണിയൻ ഫോറം. തുറമുഖത്തിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന വിഷയമായിട്ടും കേന്ദ്രസർക്കാർ പരിഗണിച്ചില്ല. വർഷങ്ങൾക്കുമുമ്പ്‌ അനുവദിച്ച 400 കോടി രൂപയുടെ വായ്പാബാധ്യത എഴുതിത്തള്ളണമെന്ന ആവശ്യവും അവഗണിച്ചു. വിഴിഞ്ഞം തുറമുഖം പ്രവർത്തനമാരംഭിച്ച സാഹചര്യത്തിൽ കൊച്ചി തുറമുഖത്തെ മത്സരാധിഷ്‌ഠിതമായി നിലനിർത്താൻ നടപടിവേണമെന്നും ഫോറം പ്രസിഡന്റ്‌ പി എം മുഹമ്മദ്‌ ഹനീഫ്‌, ജനറൽ കൺവീനർ സി ഡി നന്ദകുമാർ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

വാർഷിക ആഴംകൂട്ടലിനുപുറമേ ചെളിനീക്കലുൾപ്പെടെ വർഷം മുഴുവൻ പരിപാലിക്കേണ്ട തുറമുഖമാണിത്‌. കപ്പൽച്ചാലുകളുടെ പരിപാലനം കേന്ദ്രസർക്കാരിന്റേതാകണമെന്ന ആവശ്യം പരിശോധിക്കാൻ ഇന്ത്യൻ പോർട്ട്‌ അസോസിയേഷൻ രൂപീകരിച്ച വിദഗ്‌ധസമിതിയുടെ റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാക്കുന്നു.

കൊച്ചി തുറമുഖത്തുനിന്ന്‌ വർഷം 20–-28 മില്യൺ ക്യുബിക്‌ മീറ്റർ ചെളി നീക്കുന്നുണ്ട്‌. ബജറ്റിൽ ഉൾക്കൊള്ളിച്ച്‌ കേന്ദ്രസർക്കാർ സാമ്പത്തികസഹായം നൽകണമെന്ന്‌ സമിതി ശുപാർശ ചെയ്‌തിരുന്നു. രാജ്യത്തിന്‌ സാമ്പത്തികനേട്ടം ഉണ്ടാക്കിത്തരുന്ന വല്ലാർപാടം കണ്ടെയ്‌നർ ട്രാൻസ്‌ഷിപ്‌മെന്റ്‌ ടെർമിനലിന്റെ പ്രവർത്തനത്തിനും ഈ സാമ്പത്തികസഹായം ആവശ്യമാണ്‌.

പോർട്ടിന്റെ ചെലവിൽ ആഴംകൂട്ടി സംരക്ഷിക്കുന്ന കപ്പൽച്ചാൽസൗകര്യം ഇന്ത്യൻ നേവിയും കപ്പൽശാലയും തീരസംരക്ഷണസേനയും സൗജന്യമായി ഉപയോഗിക്കുന്നുണ്ട്‌. ചെളിനീക്കലും ആഴംകൂട്ടലും തുടർന്നും ഏറ്റെടുക്കേണ്ടിവരുന്നത്‌ തുറമുഖ ട്രസ്റ്റിന്‌ ബാധ്യതയാകും. ഇത്‌  തുറമുഖത്തിന്റെ നിലനിൽപ്പ്‌ അപകടത്തിലാക്കും. ജീവനക്കാരെയും പെൻഷൻകാരെയുംകൂടി ബാധിക്കുമെന്നതിനാൽ ട്രേഡ്‌ യൂണിയൻ സംയുക്തഫോറം അധികൃതർക്ക്‌ നിവേദനങ്ങൾ നൽകിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top