കൂത്താട്ടുകുളം
നടക്കാവ് റോഡിൽ വാളിയപ്പാടം പാടശേഖരത്തിനുസമീപത്തെ പാലത്തിന് ബലക്ഷയം. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പൊതുമരാമത്തുവകുപ്പ് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. കിഴക്കൻ മേഖലയിൽനിന്ന് നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡാണിത്.
പാലത്തിന്റെ അപ്രോച്ച് റോഡിനുചേർന്ന ഭാഗം ഇടിഞ്ഞുതാഴ്ന്നനിലയിലാണ്. തിരുമാറാടി പഞ്ചായത്ത് അധികൃതർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പിഡബ്ല്യുഡി ഉദ്യോഗസ്ഥർ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചത്. ഇടിഞ്ഞഭാഗത്ത് ടാർ വീപ്പകളും സ്ഥാപിച്ചു. റോഡിന്റെ ഒരു വശത്തുകൂടി മാത്രമേ ഗതാഗതം അനുവദിച്ചിട്ടുള്ളൂ. ഒന്നരവർഷംമുമ്പ് ഈ ഭാഗത്ത് റോഡ് ഇടിഞ്ഞിരുന്നു. പിന്നീട് കരിങ്കല്‍ പാകിയശേഷം റോഡ് പൂർവസ്ഥിതിയിലാക്കി. പാലത്തിന് ഇരുവശങ്ങളിലുമുള്ള കരിങ്കല്‍ക്കെട്ട് തകർന്ന് മണ്ണ് നഷ്ടപ്പെട്ടതാണ് റോഡ് ഇടിയാനുള്ള കാരണമെന്ന് പറയുന്നു. പാലത്തിന്റെ വീതികുറവ് അപകടങ്ങൾക്ക് കാരണമാകാറുണ്ട്. വീതികൂടിയ തോട് പാലത്തിനുസമീപം വരുമ്പോൾ കുപ്പിക്കഴുത്തുരൂപത്തില്‍ ആയതുമൂലം പാടശേഖരങ്ങളില്‍ വെള്ളം കയറുന്നതും പതിവാണ്. പാലം പൊളിച്ച് വീതികൂട്ടി പണിയണമെന്ന ആവശ്യം ശക്തമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..