19 December Thursday

വന്യജീവി ആക്രമണം ; കർഷകസംഘം മാർച്ചിൽ പ്രതിഷേധമിരമ്പി

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024


കോതമംഗലം
കേന്ദ്ര വനം വന്യജീവി സംക്ഷണനിയമം ഭേദഗതി ചെയ്യുക, വനവും ജനവാസമേഖലയും വേർതിരിച്ച് മതിലുകളും വേലികളും സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌ കേരള കർഷകസംഘം കോതമംഗലം ഡിഎഫ്ഒ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. അഖിലേന്ത്യ കിസാൻസഭ നേതൃത്വത്തിൽ പാർലമെന്റിലേക്ക് നടക്കുന്ന മാർച്ചിനുമുന്നോടിയായിട്ടായിരുന്നു സമരം. രാജ്ഭവനുമുന്നിൽ നടത്തിയ മാർച്ച‍് സംസ്ഥാന പ്രസിഡന്റ് എം വിജയകുമാറും ഉദ്ഘാടനം ചെയ്തു

കുട്ടമ്പുഴ, കവളങ്ങാട്, പൈങ്ങോട്ടൂർ, കീരംപാറ, പിണ്ടിമന, കോട്ടപ്പടി, അയ്യമ്പുഴ, കാലടി, നീലീശ്വരം പഞ്ചായത്തുകളിൽ വന്യമൃഗശല്യം രൂക്ഷമാണെന്ന്‌ കർഷകസംഘം വ്യക്തമാക്കി. പ്രശ്‌നം പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഇവിടത്തെ കർഷകർ പ്രക്ഷോഭത്തിലാണ്‌. നിയമം ഭേദഗതി ചെയ്യേണ്ട കേന്ദ്രസർക്കാർ നിസ്സംഗത പുലർത്തുന്നു. എംപിമാർ വിഷയം പാർലമെന്റിൽ ഉന്നയിക്കാത്തതിൽ ജനങ്ങൾ പ്രതിഷേധത്തിലാണ്‌. ഇതെല്ലാം സംസ്ഥാന സർക്കാരിന്റെ തലയിൽ കെട്ടിവച്ച് മുഖം രക്ഷിക്കാനാണ്‌ ശ്രമിക്കുന്നതെന്നും കർഷകസംഘം വ്യക്തമാക്കി.

കർഷകസംഘം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പി എം ഇസ്‌മയിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ആർ അനിൽകുമാർ അധ്യക്ഷനായി. ആന്റണി ജോൺ എംഎൽഎ, ജില്ലാ സെക്രട്ടറി എം സി സുരേന്ദ്രൻ, കെ തുളസി, കെ വി ഏലിയാസ്, കെ കെ ശിവൻ, പി കെ സോമൻ, കെ എ ജോയി, ഷാജി മുഹമ്മദ്, കെ കെ ടോമി , കെ ബി മുഹമ്മദ്, പി എം അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു.കോഴിപ്പിള്ളി കവലയിൽനിന്ന്‌ ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് കർഷകർ പങ്കെടുത്തു. പ്രതീകാത്മകമായി നരേന്ദ്ര മോദിയുൾപ്പടെയുള്ളവരുടെ ചിത്രങ്ങൾ വാഴയിൽ ചാർത്തി പ്രകടനത്തിനുമുന്നിൽ പ്രദർശിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top