27 September Friday

വ്യാജ ഇ-കോമേഴ്സ് വെബ് സൈറ്റുകൾക്കെതിരെ ജാഗ്രത പാലിക്കണം: കേരള പൊലീസ്

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024

തിരുവനന്തപുരം > പ്രമുഖ ഓൺലൈൻ ഇ-കോമേഴ്സ് വെബ്സൈറ്റുകളുടെ പേര് ഉപയോഗിച്ച് സാമൂഹ്യമാധ്യമങ്ങൾ വഴി പരസ്യം നൽകുന്ന വ്യാജ ഷോപ്പിംഗ് സൈറ്റുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ്. സൈബർ പോലീസിന്റെ പരിശോധനയിൽ കണ്ടെത്തിയ ഇത്തരം 155 വ്യാജ വെബ്സൈറ്റുകൾ നീക്കം ചെയ്യാൻ നടപടി ആരംഭിച്ചു.

പ്രമുഖ ഇ-കോമേഴ്സ് സൈറ്റുകൾ ഈ ആഴ്ച ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ അടക്കമുള്ളവ വൻ വിലക്കുറവിൽ വില്പന നടത്തുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ അവസരം മുതലെടുത്താണ് തട്ടിപ്പുകാർ സാമൂഹ്യമാധ്യമങ്ങൾ വഴി പരസ്യം നൽകി ഉപഭോക്താക്കളെ ആകർഷിക്കുന്നത്. ഒറ്റനോട്ടത്തിൽ യഥാർത്ഥ വെബ്സൈറ്റ് പോലെ തോന്നിക്കുന്ന ഇവ സന്ദർശിച്ച് ഓർഡർ ചെയ്താൽ പണം നഷ്ടപ്പെടാൻ സാധ്യത കൂടുതലാണെന്നും പൊലീസ് അറിയിച്ചു.

വളരെ വിലക്കുറവ് വാഗ്ദാനം ചെയ്യുന്ന വെബ്സൈറ്റുകളുടെ ആധികാരികതയും നിയമസാധുതയും പരിശോധിച്ചു മാത്രമേ അവയിലൂടെ ഓർഡർ നൽകാനും പണം കൈമാറ്റം ചെയ്യാനും ശ്രമിക്കാവൂ. വ്യാജ വെബ്സൈറ്റുകൾ തിരിച്ചറിയുന്നതിന് വെബ്സൈറ്റ് വിലാസം സൂക്ഷ്മമായി പരിശോധിക്കണം. വാട്ട്സാപ്പ്, എസ് എം എസ്, സാമൂഹ്യ മാധ്യമങ്ങൾ എന്നിവ വഴി ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് ഇ-കോമേഴ്സ് വെബ്സൈറ്റുകളിൽ പ്രവേശിക്കരുതെന്നും പൊലീസ് നിർദേശം നൽകി.

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിൽ പെട്ടാൽ എത്രയും പെട്ടെന്ന് 1930 എന്ന നമ്പറിൽ പോലീസിനെ വിവരം അറിയിക്കണം. പണം നഷ്ടപ്പെട്ട് ഒരു മണിക്കൂറിനകം ഈ നമ്പറിൽ വിവരം അറിയിച്ചാൽ നഷ്ടമായ തുക തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണെന്നും കേരള പൊലീസ് ഫേസ് ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top