26 October Saturday

കോൺഗ്രസിന്റെ നിലപാട്‌ പിന്തുടർന്നാൽ മുസ്ലിം ലീഗും ശോഷിക്കും : മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Saturday Oct 26, 2024

ചേലക്കര മണ്ഡലം എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്‌ഘാടനം ചെയ്യാനെത്തിയ 
മുഖ്യമന്ത്രി പിണറായി വിജയനെ സ്ഥാനാർഥി യു ആർ പ്രദീപ് സ്വീകരിക്കുന്നു


ചേലക്കര
വർഗീയവാദികളോട്‌ സമരസപ്പെടുന്ന കോൺഗ്രസിന്റെ നിലപാട്‌ പിന്തുടർന്നാൽ മുസ്ലിം ലീഗും ശോഷിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ്‌ ചേലക്കര മണ്ഡലം കൺവൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൃദുഹിന്ദുത്വ നിലപാട്‌ സ്വീകരിക്കുന്ന കോൺഗ്രസിന്റെ നയം അപകടകരമാണ്‌.  ജമാഅത്തെ ഇസ്ലാമി, എസ്‌ഡിപിഐ എന്നിവയെ കൂട്ടുപിടിക്കുന്ന മുസ്ലിം ലീഗും  ഇതേ ഗതികേടിലേക്കാണ്‌ നീങ്ങുന്നത്‌. വർഗീയവാദികളോട്‌ വിട്ടുവീഴ്‌ചയില്ലാത്ത നിലപാടെടുക്കാൻ എൽഡിഎഫിനെപ്പോലെ യുഡിഎഫിനാകുന്നില്ല. ന്യൂനപക്ഷ വർഗീയ ശക്തികളായ ജമാഅത്തെ ഇസ്ലാമിയുടെയും എസ്‌ഡിപിഐയുടെയും പിന്തുണ യുഡിഎഫ്‌ തേടുന്നു. വോട്ടാണ്‌ പ്രധാനമെന്നുകണ്ട്‌ വർഗീയതയെ പ്രാേത്സാഹിപ്പിക്കുന്നു. വേണ്ടിവന്നാൽ ബിജെപിയിൽ പോകുമെന്ന്‌ പ്രഖ്യാപിച്ച പ്രസിഡന്റും ആർഎസ്‌എസ്‌ ആചാര്യൻ ഗോൾവാൾക്കറുടെ ചിത്രത്തെ വണങ്ങിയ മറ്റൊരു നേതാവുമുള്ള കോൺഗ്രസ്‌ വർഗീയതയുടെ ആടയാഭരണങ്ങൾ അണിയുന്നു.

തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി വിജയിച്ചപ്പോൾ കഴിഞ്ഞതവണ കോൺഗ്രസിന്‌ ലഭിച്ച 87,000 വോട്ട്‌ കാണാനില്ല. എൽഡിഎഫിന്‌ പതിനേഴായിരം വോട്ട്‌ വർധിച്ചു. കോൺഗ്രസ്‌ വോട്ട്‌ ചോർന്ന്‌ ബിജെപി ജയിച്ചു. 

മലപ്പുറത്തെ കുറ്റകൃത്യങ്ങൾ സമുദായത്തിന്റെ പിടലിക്കിടേണ്ട. കുറ്റകൃത്യമായി കണ്ടാൽമതി. അല്ലാതെയുള്ള പ്രചാരണം വർഗീയതയാണ്‌. ഹവാലയും സ്വർണ കള്ളക്കടത്തും ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ പൊലീസ്‌ ഇടപെടുമ്പോൾ ചിലർക്ക്‌ പൊള്ളുന്നു. ഇതിൽ ഏറ്റവും കൂടുതൽ കേസുകൾ പിടിച്ചത്‌ മലപ്പുറം ജില്ലയിലാണ്‌. ഇവിടെയാണ്‌ കരിപ്പൂർ വിമാനത്താവളമുള്ളത്‌.  മലപ്പുറത്തെ തെറ്റായി ചിത്രീകരിക്കുന്നത്‌ സംഘപരിവാറാണ്‌. പിന്നോക്കാവസ്ഥ പരിഹരിക്കാനാണ്‌ ഇ എം എസ്‌  സർക്കാർ മലപ്പുറം ജില്ല രൂപീകരിച്ചത്‌. കുട്ടിപ്പാകിസ്ഥാൻ എന്നുപറഞ്ഞ്‌ അതിനെ എതിർത്തത്‌ കോൺഗ്രസും ജനസംഘവുമാണ്. മലപ്പുറം ജില്ല രൂപീകരിച്ചതിന് പഴി കേൾക്കുമ്പോഴും അത്‌ ശരിയായ തീരുമാനമാണെന്നാണ്‌ ഞങ്ങൾ പറഞ്ഞത്‌. നാടിന്റെ അധോഗതി ആഗ്രഹിക്കുന്നവർ ഒരു ഭാഗത്തും പുരോഗതി ആഗ്രഹിക്കുന്നവർ എൽഡിഎഫിനൊപ്പവുമാണ്‌–-  മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top