26 October Saturday
തീവ്രസ്വഭാവമുള്ള ദുരന്തമെന്ന് വിജ്ഞാപനം ചെയ്തില്ല 
, ദുരന്തബാധിതരുടെ വായ്‌പകൾ എഴുതിത്തള്ളിയില്ല

അപേക്ഷിച്ചത് 3 തവണ , 
കേന്ദ്രം സഹായിച്ചില്ല ; മുണ്ടക്കൈ ദുരന്തത്തിൽ ഹൈക്കോടതിയിൽ കേരളത്തിന്റെ സത്യവാങ്‌മൂലം

സ്വന്തം ലേഖികUpdated: Saturday Oct 26, 2024


കൊച്ചി
മുണ്ടക്കൈയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി  മൂന്നുതവണ അപേക്ഷ നൽകിയിട്ടും കേന്ദ്രസർക്കാർ പ്രത്യേക സഹായം നൽകിയില്ലെന്ന് കേരളം.  ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ എൽ കുര്യാക്കോസ്‌ നൽകിയ സത്യവാങ്മൂലത്തിലാണ്‌  കേന്ദ്ര അവഗണന തുറന്നുകാട്ടിയത്‌. 

ദുരിതബാധിതരുടെ വായ്‌പ എഴുതിത്തള്ളണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചില്ല. തീവ്രസ്വഭാവമുള്ള ദുരന്തമെന്ന് വിജ്ഞാപനം ചെയ്യണമെന്ന ആവശ്യവും അംഗീകരിച്ചില്ല. ഇതംഗീകരിച്ചിരുന്നെങ്കിൽ പുനർനിർമാണത്തിന്‌ ആഗോളസഹായം ലഭിച്ചേനെ. കഴിഞ്ഞ രണ്ടുവർഷം സംസ്ഥാന ദുരന്തപ്രതികരണ നിധിയിലേക്ക്‌ ദേശീയ ദുരന്തനിവാരണ പ്രതികരണനിധിയിൽനിന്ന്‌ അനുവദിച്ച തുകയിൽ ബാക്കിയുള്ള 782.99 കോടി രൂപ സംസ്ഥാനത്താകെ ഉപയോഗിക്കാനുള്ളതാണ്‌. ഈ തുക വയനാടിന്‌ മാത്രമായി ഉപയോഗിക്കാനാകില്ല. വയനാടിന്‌ അത്‌ അപര്യാപ്തവുമാണ്‌. കേന്ദ്രം പ്രത്യേക സഹായം നൽകിയാൽ ദുരിതാശ്വാസപ്രവർത്തനങ്ങൾ വേഗത്തിലാക്കാനാകും. ദുരന്തബാധിതരുടെ ഭവന, വാഹന വായ്‌പകളടക്കം എഴുതിത്തള്ളണമെന്ന ആവശ്യത്തിലും കൃത്യമായ തീരുമാനം അറിയിച്ചിട്ടില്ല–-  സത്യവാങ്‌മൂലത്തിൽ പറഞ്ഞു.  വ്യവസായികളുടെ വൻ വായ്‌പകൾ എഴുതിത്തള്ളുമ്പോഴും ദുരിതബാധിതരുടെ നാമമാത്ര വായ്‌പകളിൽ നടപടിയില്ലെന്നും കേരളം വിമർശിച്ചു. ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി എം ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്   ഹർജി 30ന് വീണ്ടും പരിഗണിക്കും.

സത്യവാങ്‌മൂലത്തിലെ 
നിർദേശങ്ങൾ
● കേന്ദ്രസർക്കാരിന്റെ കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനം  കാര്യക്ഷമമാക്കുക
● പ്രളയ മുന്നറിയിപ്പുകേന്ദ്രങ്ങളുടെ എണ്ണം കൂട്ടുക
● വെള്ളപ്പൊക്ക മുന്നറിയിപ്പ്‌ സംവിധാനം കേന്ദ്രീകൃതമാക്കി ദേശീയ ദുരന്തനിവാരണ അതോറിറ്റി വെബ്സൈറ്റുമായി ബന്ധിപ്പിക്കുക
● ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ ഹൈറേഞ്ച്‌ മേഖലയിൽ സ്ഥാപിക്കുകയോ ഉപഗ്രഹ നിരീക്ഷണം ഏർപ്പെടുത്തുകയോ ചെയ്യുക  
● പുൽപ്പള്ളി പഴശ്ശിരാജ കോളേജ് ക്യാമ്പസിൽ മഴനിരീക്ഷണ റഡാർ സ്ഥാപിക്കാൻ  ഉടൻ അനുമതി നൽകുക

പെരുമാറ്റച്ചട്ടം പുനരധിവാസത്തെ 
ബാധിക്കരുത്
മുണ്ടക്കൈ പുനരധിവാസ, ദുരിതാശ്വാസ പ്രവർത്തനങ്ങളെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധിക്കരുതെന്ന് കേന്ദ്ര–സംസ്ഥാന സർക്കാരുകളോട് ഹൈക്കോടതി. അമിക്കസ് ക്യൂറി അഡ്വ. രഞ്ജിത് തമ്പാൻ നൽകിയ റിപ്പോർട്ട് അംഗീകരിച്ചാണ് ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി എം ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. പരിസ്ഥിതിലോല പ്രദേശമായതിനാൽ വയനാട്ടിലെ പ്രചാരണം ഹരിത പ്രോട്ടോകോൾ പ്രകാരമാണെന്ന് തെരഞ്ഞെടുപ്പ് കമീഷൻ ഉറപ്പുവരുത്തണമെന്നും കോടതി നിർദേശിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top