22 November Friday

ഇതാണ്‌ രാജ(ന്റെ) യോഗം ; പപ്പടം വിറ്റ്‌ കണ്ടത്‌ 40 രാജ്യങ്ങൾ

ടി എസ് സുജേഷ്Updated: Saturday Oct 26, 2024

മോസ്‌കോയിൽ സ്റ്റാലിന്റെ പ്രതിമയ്‌ക്ക്‌ മുമ്പിൽ 
പി കെ രാജന്‍


കങ്ങഴ(കോട്ടയം)
രാജന്‌ ലോകമെന്നാൽ ഒരു പപ്പടവട്ടമേയുള്ളൂ. പക്ഷേ അവയിലെ കുമിളകൾ ഓരോന്നും ഓരോ ഭൂഖണ്ഡങ്ങളാണ്‌. പപ്പടമുണ്ടാക്കി വിറ്റ്‌ യാത്രതുടങ്ങിയ ഈ എഴുപതുകാരൻ 40 രാജ്യങ്ങളാണ്‌ ഇതുവരെ സന്ദർശിച്ചത്‌. റഷ്യയിൽനിന്ന്‌ മടങ്ങിയെത്തിയത്‌ ഒരാഴ്‌ച മുമ്പാണ്‌. കോട്ടയം കങ്ങഴ ശിവോദയം ഭവനിൽ പി കെ രാജന്‌ പരമ്പരാഗതമായി പപ്പടനിർമാണമാണ്‌ തൊഴിൽ. യാത്രകൾ എന്നും ആവേശമാണ്‌. മൂന്നാറും ഊട്ടിയും മൈസൂരുമൊക്കെ സന്ദർശിച്ചാണ്‌ തുടക്കം. ലോകംചുറ്റാനുള്ള ആഗ്രഹം മൂത്തപ്പോൾ അമ്പതാം വയസിൽ ആദ്യം പറന്നത്‌ ചൈനയിലേക്ക്‌.

ചൈന കണ്ട്‌ മടങ്ങിയപ്പോൾ വിദേശയാത്രകളോടുള്ള കമ്പം വർധിച്ചു. ദീർഘയാത്രകൾ തൊഴിലിനെ ബാധിക്കുമെന്ന ആശങ്കയായിരുന്നു ആദ്യകാലത്ത്‌. പിന്നീട് പപ്പട വ്യവസായം വളരുകയും മൂത്ത മകൻ രാജേഷ് കാര്യങ്ങൾ നോക്കിത്തുടങ്ങുകയും ചെയ്‌തതോടെ പിന്നെ തിരിഞ്ഞു നോക്കിയില്ല. അമേരിക്ക, ഇറ്റലി, പോളണ്ട്‌, ജർമനി, യുകെ, ഗൾഫ്‌ രാജ്യങ്ങൾ.. നിര നീണ്ടു.

  ‘‘കുറേ കാശുണ്ടാക്കിയിട്ട്‌ എന്താ കാര്യം. ലോകം കാണണം. വിവിധ സംസ്‌കാരങ്ങൾ അറിയണം. യാത്രകൾ നമ്മളെ ഒരുപാട്‌ മാറ്റും’’–- രാജന്റെ കണ്ണിൽ തെളിയുന്നു, കണ്ട ലോകം. കണ്ട രാജ്യങ്ങളിൽ ഏറ്റവും ഇഷ്ടം ന്യൂസിലൻഡ്‌ ആണ്‌. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും സന്ദർശിച്ചു.

‘ശിവോദയം’ പപ്പട നിർമാണ കേന്ദ്രത്തിന്‌ 55 വയസായി. 24 തൊഴിലാളികളുണ്ട്‌. യാത്ര  കഴിഞ്ഞ് നാട്ടിലെത്തിയാൽ രാജൻ വീണ്ടും തൊഴിലിൽ സജീവമാകും. യാത്രകൾക്ക് എല്ലാ പിന്തുണയും നൽകുന്നത്‌ ഭാര്യ ഓമനയും മക്കളായ രാജേഷും രതീഷും. കച്ചവടത്തിലെ തിരക്കുകൾക്കിടയിലും അടുത്ത യാത്രയ്‌ക്കുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top