ആലുവ
നഗരത്തിലെ തിരക്കിനിടയിൽ ഭിന്നശേഷിക്കാർ റോഡ് മുറിച്ചുകടക്കാൻ ബുദ്ധിമുട്ടുന്നത് പലതവണ കണ്ടിട്ടുണ്ട് കച്ചേരിപ്പടി സെന്റ് ആന്റണീസ് എച്ച്‌എസ്‌എസ് വിദ്യാർഥിനികളായ ആര്യയും അംലയും. കാഴ്‌ചപരിമിതിയുള്ളവർക്കാണ് കൂടുതൽ പ്രയാസം. ഇവരെ സഹായിക്കണമെന്ന ചിന്തയാണ് "സ്‌മാർട്ട് കെയിൻ' നിർമിക്കുന്നതിലേക്ക് ഇരുവരെയും എത്തിച്ചത്. ഐഒടി (ഇന്റർനെറ്റ് ഓഫ് തിങ്സ്) അധിഷ്‌ഠിതമായാണ് സ്‌മാർട്ട് കെയിന്റെ നിർമാണം.
നടക്കുമ്പോൾ വഴിയിലെ തടസ്സങ്ങളും കുഴികളുമെല്ലാം തിരിച്ചറിഞ്ഞ് ശബ്‌ദത്തിലൂടെ സിഗ്‌നലുകൾ നൽകുന്ന സംവിധാനം സ്‌മാർട്ട് കെയിനിലുണ്ട്. ഇതിനായി അൾട്രാസോണിക്, ടിൽറ്റ് (കുഴികൾ തിരിച്ചറിയാനുള്ള) സെൻസറുകളും ഘടിപ്പിച്ചിരിക്കുന്നു. എംഐടി ആപ് ഇൻവന്റർ ഉപയോഗിച്ച് വിദ്യാർഥികൾതന്നെ തയ്യാറാക്കിയ മൊബൈൽ ആപ്പുമായി വൈഫൈ വഴി ബന്ധിപ്പിച്ചാണ് സ്‌മാർട്ട് കെയിന്റെ ഉപയോഗം. ഇതിനായി പ്രത്യേക വൈഫൈ ചിപ്പും കെയിനിലുണ്ട്. എച്ച്‌എസ്‌എസ് വിഭാഗം വർക്കിങ് മോഡൽ വിഭാഗത്തിലാണ് പ്ലസ്‌ടു വിദ്യാർഥികളായ ആര്യ വി നായരും അംല ആന്റണിയും മത്സരിച്ചത്. സ്‌മാർട്ട് കെയിൻ മെച്ചപ്പെടുത്തി അർഹരായവരിലേക്ക് എത്തിക്കണമെന്നാണ് ഇരുവരുടെയും ആഗ്രഹം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..