കളമശേരി
ഭവനവായ്പ കുടിശ്ശികയായതിനെ തുടർന്ന് വീട്ടിലാരുമില്ലാത്ത സമയത്ത് നടപ്പാക്കിയ ജപ്തിയിൽ പെരിങ്ങഴയിലെ കുടുംബം രണ്ടാംദിവസവും വീടിന് പുറത്ത് കഴിഞ്ഞു. എസ്‍സി വിഭാഗത്തിൽപ്പെട്ട വാളവേലിൽ വീട്ടിൽ അജയൻ, ബിബി എന്നിവരുടെ വീടാണ് വ്യാഴം പകൽ 2.30 ഓടെ വീട്ടിലാരുമില്ലാത്തസമയത്ത് ജപ്തി ചെയ്തത്. എസ്ബിഐ വൈറ്റില ശാഖയിൽനിന്ന് 2014ൽ 27 ലക്ഷം രൂപ ലോണെടുത്താണ് വീട് നിർമിച്ചത്. ഇതിനിടെ 14.50 ലക്ഷം രൂപ അടച്ചെങ്കിലും ഇനി 52 ലക്ഷംകൂടി അടയ്ക്കണമെന്നാണ് ബാങ്ക് നിലപാട്.
ജപ്തിയെ തുടർന്ന് മന്ത്രി പി രാജീവ്, ബാങ്ക് അധികൃതരുമായി സംസാരിച്ച് കുടിശ്ശിക 40 ലക്ഷം രൂപയാക്കി കുറച്ചു. എന്നാൽ, തുകയുടെ 15 ശതമാനം (ആറ് ലക്ഷം രൂപ) അടച്ചെങ്കിൽമാത്രമെ ജപ്തിയിൽ ഇളവ് നൽകി വീട് തുറക്കാൻ അനുവദിക്കൂ എന്ന നിലപാടിൽ ബാങ്ക് ഉറച്ചുനിൽക്കുകയാണ്. ഇത്ര വലിയ തുക കണ്ടെത്താൻ കഴിയാതെ കുടുംബം പ്രയാസത്തിലാണ്.
കഴിഞ്ഞ ഏപ്രിലിൽ 33 ലക്ഷം രൂപ അടച്ചാൽ കുടിശ്ശിക തീർക്കാമെന്നും മുൻകൂറായി അഞ്ച് ലക്ഷം അടയ്‌ക്കണമെന്നും ബാങ്ക് രേഖാമൂലം കുടുംബത്തെ അറിയിച്ചിരുന്നതാണ്. ഇതനുസരിച്ച് തൊട്ടടുത്ത ക്ഷേത്രം ഭാരവാഹികൾ 50 ലക്ഷം രൂപ വില നിശ്ചയിച്ച് വീട് വിലയ്ക്കെടുക്കാൻ തയ്യാറായി അഞ്ച് ലക്ഷം രൂപ ബാങ്കിൽ അടച്ചതാണ്. എന്നാൽ, ബാങ്ക് സ്വമേധയാ വച്ച വ്യവസ്ഥയിൽനിന്ന് പിൻമാറി. തുടർന്നാണ് കുടിശ്ശിക വീണ്ടും കൂടിയത്.
ബാങ്ക് ഉദ്യോഗസ്ഥർ വീടിന്റെ പൂട്ട് തകർത്ത് അകത്തുനിന്ന് പുറത്തേക്കുള്ള വാതിലുകളുടെ ബോൾട്ട് ഇട്ടിട്ടുണ്ട്. പുറത്ത് മറ്റു പൂട്ടുകളിട്ടും അടച്ചു. അജയനും ബിബിയും വെള്ളിയാഴ്ച ജോലിക്ക് പോയിരുന്നില്ല. പത്തിലും ഡിഗ്രിക്കും പഠിക്കുന്ന കുട്ടികളും മാതാപിതാക്കളോടൊപ്പം കഴിഞ്ഞു. ഇവരുടെ വസ്ത്രമുൾപ്പെടെ വീടിനകത്താണ്. അയൽവീട്ടിലാണ് ഇവർ രാത്രി കഴിഞ്ഞത്. ഇനിയുള്ള രണ്ടുനാൾ ബാങ്ക് അവധിയാണ്. ആരെങ്കിലും സഹായത്തിനെത്തിയില്ലെങ്കിൽ മുതിർന്ന പെൺകുട്ടിയുൾപ്പെടുന്ന കുടുംബം എത്രനാൾ വീടിനുപുറത്ത് കഴിയേണ്ടിവരുമെന്ന ആശങ്ക നിലനിൽക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..