26 December Thursday

പെരിന്തൽമണ്ണ സ്വർണക്കവർച്ച: 
9 പേർ കൂടി അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 26, 2024


മലപ്പുറം
പെരിന്തൽമണ്ണയിൽ കെഎം ജ്വല്ലറി ഉടമകളെ ആക്രമിച്ച്‌ സ്വർണം കവർന്ന കേസിൽ ഒമ്പതുപേർ കൂടി അറസ്‌റ്റിൽ. കവർച്ച ആസൂത്രണം ചെയ്‌തവരും നേരിട്ട്‌ പങ്കെടുത്തവരും ഉൾപ്പെടെയാണ്‌ മൂന്ന്‌ ദിവസത്തിനകം വിവിധ ജില്ലകളിൽ നിന്നായി അറസ്‌റ്റിലായത്‌. നാലുപേർ നേരത്തെ പിടിയിലായിരുന്നു. നാലുപേരെ കൂടി പിടികൂടാനുള്ളതായി മലപ്പുറം ജില്ലാ പൊലീസ്‌ മേധാവി ആർ വിശ്വനാഥ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

താമരശേരി അടിവാരം ആലംപടി ശിഹാബുദ്ദീൻ (28), പുത്തൻവീട്ടിൽ അനസ് (27),  കൊലപാതകക്കേസിൽ  കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന കണ്ണൂർ കൂത്തുപറമ്പ്  പാറക്കെട്ട് വീട്ടിൽ വിപിൻ (36),  പിണറായി എരുവെട്ടി സ്വദേശി കിഴക്കേപറമ്പത്ത് അനന്തു(28), തൃശൂർ വെള്ളാനിക്കര  കൊട്ടിയാട്ടിൽ സലീഷ് (35), കിഴക്കുംപാട്ടുകര  പട്ടത്ത് മിഥുൻരാജ്‌ (അപ്പു–-37), പാട്ടുരക്കൽ  കുറിയേടത്ത് മനയിൽ അർജുൻ (28), പീച്ചി ആലപ്പാറ  പയ്യംകോട്ടിൽ പി എസ്‌ സതീഷ് (46), കണ്ണറ  കഞ്ഞിക്കാവിൽ ലിസൺ (31) എന്നിവരാണ്‌  അറസ്‌റ്റിലായത്‌. കൂത്തുപറമ്പ് പത്തായക്കുന്ന് പാട്ടിയം സ്വദേശികളായ ശ്രീരജ് വീട്ടിൽ നിജിൽ രാജ് (35), ആശാരിക്കണ്ടിയിൽ പ്രഭിൻലാൽ (29), തൃശൂർ വരന്തരപ്പള്ളി  കളിയങ്ങര സജിത്ത് കുമാർ(39), എളവള്ളി  കോരാംവീട്ടിൽ നിഖിൽ(29) എന്നിവർ കവർച്ച നടത്തി മടങ്ങുമ്പോൾ പിടിയിലായിരുന്നു.

ശിഹാബുദ്ദീൻ, അനസ്‌ എന്നിവരാണ്‌ കവർച്ച ആസൂത്രണം ചെയ്‌തത്‌. മോഷണക്കേസിൽ അറസ്‌റ്റിലായ ഇവർ കണ്ണൂർ സെൻട്രൽ ജയിലിൽ വിപിനുമായി വിവരം പങ്കുവച്ചു. വിപിനാണ്‌ അനന്തുവിനെ ക്വട്ടേഷൻ ചുമതല ഏൽപ്പിച്ചത്‌. കണ്ണൂരിലും കോഴിക്കോട്ടും തൃശൂരുമുള്ള ക്വട്ടേഷൻ സംഘങ്ങളും പങ്കാളികളായി. മൂന്നര കിലോ സ്വർണം നഷ്ടമായതായാണ്‌ മൊഴി. ഇതിൽ 2.2 കിലോ പൊലീസ്‌ കണ്ടെടുത്തു. കവർച്ച ആസൂത്രണം ചെയ്‌ത കണ്ണൂർ സ്വദേശി ഉൾപ്പെടെ നാലുപേരെ ഇനിയും പിടികൂടാനുണ്ട്‌. സംഘം ഉപയോഗിച്ച കാറും ബൈക്കും കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌. കടയടച്ച് വീട്ടിലേക്ക് പോവുകയായിരുന്ന കെഎം ജ്വല്ലറി ഉടമകളും സഹോദരങ്ങളുമായ ഷാനവാസിനേയും യൂസഫിനേയും പരിക്കേൽപിച്ചാണ്‌ സംഘം സ്വർണാഭരണങ്ങൾ കവർന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top