പെരുമ്പാവൂർ
പൂരക്കളിയുടെ ആവേശവും നാടൻപാട്ടിന്റെ താളവും ഉയർത്തെഴുന്നേൽപ്പുകളുടെ കഥകളുമായി റവന്യുജില്ലാ സ്‌കൂൾകലോത്സവത്തിന് പെരുമ്പാവൂർ കുറുപ്പംപടി എംജിഎം എച്ച്‌എസ്‌എസിൽ വർണാഭമായ തുടക്കം. ആദ്യദിനം 151 പോയിന്റുമായി ആലുവ ഉപജില്ലയാണ് മുന്നിൽ. ഇഞ്ചോടിഞ്ച് പോരിൽ നോർത്ത് പറവൂർ (149) രണ്ടാംസ്ഥാനത്തുണ്ട്. 142 പോയിന്റുമായി ആതിഥേയരായ പെരുമ്പാവൂരാണ് മൂന്നാംസ്ഥാനത്ത്. നിലവിലെ ചാമ്പ്യൻമാരായ എറണാകുളം അഞ്ചാംസ്ഥാനത്താണ് (129).
ആലുവ വിദ്യാധിരാജാ വിദ്യാഭവൻ ഇഎംഎച്ച്എസാണ് സ്‌കൂൾ പട്ടികയിൽ ഒന്നാമത് (65). വൈപ്പിൻ എടവനക്കാട് ഹിദായത്തുൽ ഇസ്ലാംസ്‌കൂൾ (48) രണ്ടാംസ്ഥാനത്തുണ്ട്. മൂന്നാമത് മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്എസ്എസ്. അറബിക് കലോത്സവത്തിൽ യുപി വിഭാഗത്തിൽ കോലഞ്ചേരി, ആലുവ, മൂവാറ്റുപുഴ, വൈപ്പിൻ, മട്ടാഞ്ചേരി, നോർത്ത് പറവൂർ ഉപജില്ലകൾ 10 പോയിന്റുമായി ഒപ്പത്തിനൊപ്പമാണ്. ഹൈസ്‌കൂൾ വിഭാഗത്തിൽ കോതമംഗലം, പെരുമ്പാവൂർ, വൈപ്പിൻ, കോലഞ്ചേരി, ആലുവ ഉപജില്ലകളാണ് മുന്നിൽ (30 പോയിന്റ്). സംസ്‌കൃതോത്സവം യുപി, ഹൈസ്‌കൂൾ വിഭാഗങ്ങളിൽ 20 പോയിന്റുമായി ആലുവ ഉപജില്ലയാണ് മുന്നിൽ.
എല്ലാ വിഭാഗങ്ങളിലെയും രചനാമത്സരങ്ങൾ ആദ്യദിനം പൂർത്തിയായി. ആറ് അപ്പീലുകളാണ് ആദ്യദിനം ലഭിച്ചത്. മേളയ്‌ക്ക് തുടക്കംകുറിച്ച് രാവിലെ ഒമ്പതിന് ഡിഡിഇ ഹണി ജി അലക്‌സാണ്ടർ പതാക ഉയർത്തി. ഔദ്യോഗിക ഉദ്ഘാടനം ചൊവ്വ രാവിലെ ഒമ്പതിന് വ്യവസായമന്ത്രി പി രാജീവ് നിർവഹിക്കും.
പൊടിപൂരമാക്കി മൂത്തകുന്നം
പൂരക്കളിയിൽ എട്ടുവർഷത്തോളമായി കുതിക്കുകയായിരുന്നു മൂത്തകുന്നം എസ്എൻഎം എച്ച്എസ്എസ്. എന്നാൽ, കഴിഞ്ഞ ജില്ലാ കലോത്സവത്തിൽ സാമ്പത്തികപരിമിതി വില്ലനായി. ഇക്കുറി കൈപിടിക്കാൻ രക്ഷാകർത്താക്കളും അധ്യാപകരും ഒന്നിച്ചു. പണം സ്വരൂപിച്ച് കുട്ടികളെ വേദിയിലെത്തിച്ചു. അവർക്കുള്ള സമ്മാനമായി എച്ച്‌എസ്‌എസ് വിഭാഗത്തിൽ ഒന്നാംസ്ഥാനം തിരികെപ്പിടിച്ചു മൂത്തകുന്നം ടീം. കൗസിക്, ആരോമൽ, നവനീത്, ദേവാനന്ദ്, ആദിത്യൻ, കൃഷ്ണരാജ്, കാളിദാസ്, അഭിനവ്, സൗരവ്, അതുൽ, ആൽഫിൻ, സ്മിജേഷ് എന്നിവരടങ്ങുന്ന ടീമാണ് നേട്ടംകൊയ്തത്. സംസ്ഥാന കലോത്സവങ്ങളിലും പലവട്ടം ഒന്നാമതെത്തുകയും എ ഗ്രേഡ് നേടുകയും ചെയ്തിട്ടുണ്ട്. ഹൈസ്കൂൾ വിഭാഗം പൂരക്കളിയിൽ ആരക്കുഴ സെന്റ് ജോസഫ് എച്ച്എസിനാണ് ഒന്നാംസ്ഥാനം.
ഉള്ളം
പൊള്ളാതെ
ഉയരെ
കാലിൽ പൊള്ളലേറ്റതിന്റെ മുറിവ് നഷ്‌ടപ്പെടുത്തിയ അവസരങ്ങളുടെ വേദനയുമായാണ് ശ്രീഗൗരി ജില്ലാ സ്കൂൾ കലോത്സവത്തിന് എത്തിയത്. എന്നാൽ, നങ്ങ്യാർകൂത്ത് വേദിയിൽനിന്ന് ഒന്നാംസ്ഥാനവുമായി ഇരട്ടി സന്തോഷത്തോടെയാണ് മടക്കം. സ്കൂൾതല മത്സരങ്ങൾക്ക് ദിവസങ്ങൾക്കുമുമ്പാണ് കാലിൽ ചൂടുവെള്ളം വീണ് പൊള്ളിയത്. അതോടെ, ഒരുപാട് ആഗ്രഹിച്ച ഭരതനാട്യം, കേരളനടനം മത്സരങ്ങളിൽ പങ്കെടുക്കാനായില്ല. കേര
ളനടനത്തിൽ പങ്കെടുത്തെങ്കിലും മുറിവ് വീണ്ടും പൊട്ടിയതോടെ പാതിയിൽ മുടങ്ങി. അങ്ങനെ ജില്ലാതലത്തിൽ മത്സരിക്കാനായത് ഹൈസ്കൂൾവിഭാഗം നങ്ങ്യാർകൂത്തിൽമാത്രം. സെന്റ് തെരേസാസ് സിജിഎച്ച്എസ്എസ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയാണ്. കലാമണ്ഡലം ഡോ. കൃഷ്‌ണേന്ദുവിനുകീഴിൽ നാലുവർഷമായി നങ്ങ്യാർകൂത്ത് അഭ്യസിക്കുന്നു. കുസാറ്റിലെ അസി. പ്രൊഫസറായ ഡോ. സാബുവിന്റെയും ഫിഷറീസ് ഉദ്യോഗസ്ഥയായ ആശയുടെയും മകളാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..