27 November Wednesday
ചേലക്കര പരാജയത്തിന്‌ 
കാരണം നേതാക്കളെന്ന്‌ എഐസിസി സെക്രട്ടറി

ജമാഅത്തെ ഇസ്ലാമി എസ്‌ഡിപിഐ പരസ്യ പ്രസ്താവനകൾ ; മറുപടിയില്ലാതെ 
കോൺഗ്രസ്‌

പ്രത്യേക ലേഖകൻUpdated: Tuesday Nov 26, 2024


തിരുവനന്തപുരം
പാലക്കാട്ടെ യുഡിഎഫ്‌ ജയത്തിനുപിന്നിൽ തങ്ങളാണെന്ന്‌ ജമാഅത്തെ ഇസ്ലാമിയും എസ്‌ഡിപിഐയും പരസ്യമായി പ്രസ്താവനകൾ നടത്താൻ തുടങ്ങിയതോടെ വർഗീയ ബാന്ധവത്തിൽ മറുപടി മുട്ടി കോൺഗ്രസ്‌. ഏത്‌ വർഗീയതയേയും മതനിരപേക്ഷ ശക്തികൊണ്ട്‌ നേരിടണമെന്ന നിലപാടിൽ വെള്ളം ചേർത്ത്‌ ജമാഅത്തെ ഇസ്ലാമിയുടേയും എസ്‌ഡിപിഐയുടേയും കൂടെ ചേർന്നെന്നാണ്‌ കോൺഗ്രസിനെതിരെ ഉയരുന്ന രൂക്ഷ വിമർശം. ഓരോ മണ്ഡലത്തിലേയും സ്ഥാനാർഥികളെ നോക്കി പിന്തുണച്ചുപോന്നിരുന്ന ജമാഅത്തെ ഇസ്ലാമി പിന്നീട്‌ രാഷ്‌ട്രീയ പ്രവർത്തന രംഗത്തേക്ക്‌ ഇറങ്ങുകയും വർഗീയ അടിസ്ഥാനത്തിൽ സംഘടിപ്പിക്കാൻ തുടങ്ങുകയുമായിരുന്നു. സിപിഐ എം ഒരു ഘട്ടത്തിലും അവരുടെ പിന്തുണ തേടിയിട്ടില്ലെന്ന്‌ ഓരോ ഘട്ടത്തിലും എടുത്ത നിലപാടുകൾ തെളിയി
ക്കുന്നു. 

‘പണ്ട്‌ സിപിഐ എമ്മിനും ബന്ധമുണ്ടായിരുന്നില്ലേ ?’ എന്ന നുണക്കഥയുമായി യുഡിഎഫ്‌ പത്രവും കോൺഗ്രസ്‌ ലീഗ്‌ നേതാക്കളും പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പാളുകയാണ്‌. അത്തരം കള്ളക്കഥകൾക്കെല്ലാം അക്കാലത്തുതന്നെ സിപിഐ എമ്മും ഇടതുപക്ഷവും മറുപടി നൽകിയിട്ടുള്ളതുമാണ്‌. 2021ലെ തെരഞ്ഞെടുപ്പിലും ജമാ അത്തെ ഇസ്ലാമി എൽഡിഎഫിനെ പരാജയപ്പെടുത്തണമെന്നാണ്‌ ആവശ്യപ്പെട്ടത്‌.

ജമാ അത്തെ ഇസ്ലാമിയുടെ അമീർ മുഖ്യമന്ത്രി പിണറായി വിജയനെ ഓഫീസിൽ സന്ദർശിക്കുന്ന ചിത്രം തെറ്റായ വിശദീകരണത്തോടെ പ്രചരിപ്പിക്കേണ്ട അവസ്ഥയിലായി യുഡിഎഫ്‌. സംസ്ഥാന മുഖ്യമന്ത്രിയെ ഒരു സംഘടനയുടെ നേതാക്കൾ ഓഫീസിൽ സന്ദർശിക്കുന്നത്‌ പുതിയ കാര്യമല്ല. യുഡിഎഫിനു വേണ്ടി തങ്ങൾ ബിജെപിയെ പാലക്കാട്‌ പരാജയപ്പെടുത്തി എന്നാണ്‌ ഇപ്പോഴും അവർ പറയുന്നത്‌. കാലങ്ങളായി സിപിഐ എം പറഞ്ഞുപോരുന്നതും ഈ അപകടമാണ്‌. ഒരു ഭാഗത്ത്‌ ആർഎസ്‌എസും മറുഭാഗത്ത്‌ ന്യൂനപക്ഷങ്ങളും വർഗീയമായും പരസ്പരം സഹായിച്ചും സംഘടിക്കുന്നത്‌ നിലവിലുള്ള സാമൂഹ്യ അന്തരീക്ഷത്തെ തകർക്കുകയും സംഘർഷത്തിലേക്ക്‌ നയിക്കുകയും ചെയ്യും.

ചേലക്കര പരാജയത്തിന്‌ 
കാരണം നേതാക്കളെന്ന്‌ എഐസിസി സെക്രട്ടറി
ചേലക്കര ഉപതെരഞ്ഞെടുപ്പിൽ മികച്ച പ്രവർത്തനമാണ്‌ കോൺഗ്രസ്‌ നടത്തിയതെന്ന കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെയും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെയും അവകാശവാദം തള്ളി എഐസിസി സെക്രട്ടറി പി വി മോഹൻ. ചേലക്കരയിലെ പരാജയത്തിന്‌ കാരണം കോൺഗ്രസ്‌ നേതാക്കളാണെന്ന്‌   തൃശൂരടക്കം കേരളത്തിലെ അഞ്ച്‌ ജില്ലകളുടെ ചുമതലയുള്ള മോഹൻ പറഞ്ഞു. ഒരു ഇംഗ്ലീഷ്‌ മാധ്യമത്തോടാണ്‌ അദ്ദേഹത്തിന്റെ പ്രതികരണം.

ചേലക്കരയിലുണ്ടായത്‌ എൽഡിഎഫിന്റെ ജയമല്ല, കോൺഗ്രസിന്റെ നഷ്ടമാണ്‌. ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ മുതൽ ഉപതെരഞ്ഞെടുപ്പിനുള്ള പദ്ധതികൾ ആവിഷ്‌കരിച്ചെങ്കിലും നടപ്പാക്കുന്നതിൽ പരാജയപ്പെട്ടു. പദ്ധതികളും പ്രവർത്തകരുമുണ്ടായിരുന്നെങ്കിലും കാര്യക്ഷമമായി നടപ്പാക്കാൻ പറ്റുന്ന നേതാക്കളുണ്ടായില്ല.

മധ്യനിരയിൽ തെരഞ്ഞെടുപ്പ്‌ പ്രവർത്തനം നിരീക്ഷിക്കാൻ സംവിധാനമുണ്ടായില്ല. നാനൂറോളം ദളിത്‌ കോളനികളുണ്ടായിട്ടും അവിടെനിന്ന്‌ 3000 വോട്ടുകൾപോലും ഉറപ്പിക്കാനായില്ല. ഡിഎംകെ സ്ഥാനാർഥി പിടിച്ച 3000ത്തോളം വോട്ട്‌ തങ്ങളുടേതാണ്‌. പോളിങ്ങിലുണ്ടായ മൂന്ന്‌ ശതമാനം കുറവും ബാധിച്ചു. ഇതൊക്കെയും തിരിച്ചടിയായത്‌ യുഡിഎഫിനാണ്‌.   തൃശൂർ, പാലക്കാട്‌, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളുടെ ചുമതല പി വി മോഹനാണ്‌. രമ്യ ഹരിദാസിനെ സ്ഥാനാർഥിയാക്കുന്നതിൽ സംസ്ഥാന  ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ്‌ മുൻഷിക്കും പി വി മോഹനും എതിർപ്പുണ്ടായിരുന്നു. ചേലക്കരയുടെകൂടി ചുമതലയുണ്ടായിരുന്ന മോഹനെ പിന്നീട്‌ പാലക്കാട്‌ മാത്രമാക്കി മാറ്റി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top