കൊച്ചി
‘എന്റെ മനസ്സ് നീറുകയാണ്. ഈ അവസരത്തിൽ എം ടിയുടെ ഓർമകൾ കാലാതീതമാകുമെന്ന് പറയാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്’– എം ടിയെ സ്‌മരിക്കുമ്പോൾ എം കെ സാനുവിന്റെ വാക്കുകൾ വികാരഭരിതമായി.
‘‘ഒരു രാത്രി മുഴുവൻ നീണ്ട സാഹിത്യചർച്ചയാണ് എം ടിയെപ്പറ്റി ഓർക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്നത്. കോഴിക്കോട് അളകാപുരി ഹോട്ടലായിരുന്നു വേദി. എഴുത്തുകാരൻ, ഏകാന്തത, സമൂഹം എന്നിവയെക്കുറിച്ചൊക്കെ സംസാരിച്ചു. മനുഷ്യരുടെ സഹനങ്ങളെക്കുറിച്ചും അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ചും അനുതാപത്തോടെ അദ്ദേഹം സംസാരിക്കുന്നത് കേട്ടിരുന്നു. ചർച്ച പുലരുവോളം നീണ്ടത് അറിഞ്ഞില്ല.
കോട്ടയത്തുവച്ചാണ് ആദ്യമായി എം ടിയെ കാണുന്നത്. ‘കാലം’ ആണ് ഏറ്റവും ഇഷ്ടമുള്ള നോവൽ എന്നു പറഞ്ഞപ്പോൾ എം ടിയും അതിനോട് യോജിച്ചു. പിന്നീടൊരിക്കൽ കണ്ടുമുട്ടിയപ്പോൾ സി ജെ തോമസിനെക്കുറിച്ച് പുസ്‌തകം എഴുതുന്ന കാര്യം പറഞ്ഞു. അന്ന് മുഴുവൻ സി ജെയെക്കുറിച്ചായിരുന്നു സംസാരം. പുസ്‌തകം പ്രസിദ്ധീകരിക്കാൻ താൻ എത്തുമെന്ന് വാക്കുതന്നാണ് അന്ന് മടങ്ങിയത്. പിന്നീട് ‘സി ജെ തോമസ് ഇരുട്ടുകീറുന്ന വജ്രസൂചി’ എന്ന പേരിൽ എഴുതിയ പുസ്‌തകം പൂർത്തിയായത് അറിയിച്ചപ്പോൾ സന്തോഷത്തോടെയാണ് പ്രസിദ്ധീകരണച്ചടങ്ങിന് എത്തിയത്.
ഏതാനും ദിവസങ്ങളായി കേരളീയ സഹൃദയരോടൊപ്പം ഞാനും ആശങ്കാകുലനായിരുന്നു. ചുരുക്കം ചില സുഹൃത്തുക്കൾമാത്രമുള്ള ആളായിരുന്നു എം ടിയെങ്കിലും വ്യാപരിക്കുന്ന മേഖലയിൽ അദ്ദേഹം അങ്ങേയറ്റം ആത്മാർഥത പുലർത്തി. സൂക്ഷ്‌മമായി എഴുതുന്ന ആളാണ് എം ടി. അതിന് ഏറ്റവും മനോഹരമായ ഉദാഹരണമാണ് ‘മഞ്ഞ്’. സനാതനമായ മൂല്യങ്ങൾക്ക് കാവ്യത്തിന്റെ മാധുര്യം നൽകി സനാതനമായ ഭംഗിയോടെ കാലത്തെ അതിജീവിക്കത്തക്ക തരത്തിൽ സൃഷ്ടിച്ച സാഹിത്യശിൽപ്പിയാണ് വിട്ടുപിരിഞ്ഞത്’’– എം കെ -സാനു പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..