14 November Thursday

കാർട്ടൂണിസ്റ്റ് ടോംസ് അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 27, 2016

കോട്ടയം> വരയിലൂടെ ചിരിയെയും ചിന്തകളെയും സമന്വയിപ്പിച്ച മലയാളികളുടെ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ടോംസ് അന്തരിച്ചു. 86 വയസായിരുന്നു.  ബുധനാഴ്ച രാത്രി 10.45ഓടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.  സംസ്കാരം പിന്നീട്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

1929ല്‍ കുട്ടനാട്ടിലെ വെളിയനാട്ട് വി ടി കുഞ്ഞിത്തൊമ്മന്റെയും സിസിലി തോമസിന്റെയും മകനായി ജനിച്ച ടോംസ് എന്ന അത്തിക്കളം വാടയ്ക്കല്‍ തോപ്പില്‍ വി ടി തോമസ് ബ്രിട്ടീഷ് സൈന്യത്തില്‍ സേവനം ചെയ്ത ശേഷമാണ് വരയുടെ ലോകത്തേക്ക് എത്തിയത്. ടോംസിന്റെ അയല്‍വാസിയായ വക്കീലിന്റെ മക്കളാണ് ബോബനും മോളിയും. ഇവരെ മനസില്‍ കണ്ടായിരുന്നു 30–ാം വയസില്‍ ബോബനും മോളിയും എന്ന കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം രൂപം നല്‍കിയത്. സത്യദീപം മാസികയിലൂടെ 1950 ലാണ് ബോബനെയും മോളിയേയും പരിചയപ്പെടുത്തുന്നത്. പിന്നീട് മനോരമ ആഴ്ചപ്പതിപ്പിലൂടെ 1957ല്‍ ഈ കഥാപാത്രങ്ങള്‍ പ്രശസ്തരായി. അദ്ദേഹം സ്വന്തം മകനും മകള്‍ക്കും ബോബന്‍, മോളി എന്ന് പേരിട്ടു. മനോരമ വാരികയിലൂടെ 40 വര്‍ഷത്തോളം അദ്ദേഹം ബോബനും മോളിയും വരച്ചു.

മനോരമയില്‍ നിന്ന് രാജിവച്ച ടോംസ് തന്റെ കാര്‍ട്ടൂണ്‍ പരമ്പര മറ്റൊരു പ്രസിദ്ധീകരണത്തിലൂടെ വരയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍ അതിനെതിരെ, കാര്‍ട്ടൂണിന്റെ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്ന് കാണിച്ച് മനോരമ കോടതിയെ സമീപിച്ചു.മറ്റ് പ്രസിദ്ധീകരണങ്ങളില്‍ ടോംസ് ബോബനും മോളിയും വരയ്ക്കുന്നത് കോടതി താല്‍ക്കാലികമായി വിലക്കി. പില്‍ക്കാലത്ത് ടോംസിന് തന്നെ കാര്‍ട്ടൂണ്‍ പരമ്പരയുടെ ഉടമസ്ഥാവകാശം ഹൈക്കോടതി ഇടപെടലിലൂടെ തിരികെ ലഭിച്ചു.

കേരളത്തിലെ മധ്യവര്‍ഗ്ഗ ജീവിതത്തിന്റെ തമാശകള്‍, ആനുകാലിക രാഷ്ട്രീയസാമൂഹിക സംഭവങ്ങള്‍ എന്നിവയാണ് ഈ കാര്‍ട്ടൂണ്‍ പരമ്പരയിലൂടെ ടോംസ് വരച്ചുകാട്ടിയത്. ബോബനും മോളിയും കേന്ദ്രകഥാപാത്രങ്ങളാക്കി 1971 ല്‍ ശശികുമാറിന്റെ സംവിധാനത്തില്‍ സിനിമയും പുറത്തിറങ്ങി. 2006ല്‍ ക്യാറ്റ് ലോജിസ്റ്റിക്സ് എന്ന സ്ഥാപനം ബോബനും മോളിയും കഥകള്‍ ആനിമേഷന്‍ ചലച്ചിത്രങ്ങളായി നിര്‍മ്മിച്ചു. 200 കഥകളാണ് ആനിമേറ്റ് ചെയ്തത്. ബോബനും മോളിയും പുസ്തകരൂപത്തിലും പുറത്തിറങ്ങി.

ഭാര്യ: തെരീസാക്കുട്ടി. മക്കള്‍: ബോബന്‍(ടോംസ് കോമിക്സ്), മോളി, റാണി(ആരോഗ്യവകുപ്പ്), ഡോ.പീറ്റര്‍(യു കെ), ബോസ് (ടോംസ് കോമിക്സ്), ഡോ.പ്രിന്‍സി(സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ മുംബൈ).

ധൂര്‍ത്തടിക്കാത്ത വര
അനില്‍കുമാര്‍ എ വി

കാര്‍ട്ടൂണിസ്റ്റാവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഒരു കാര്‍ട്ടൂണിസ്റ്റിന്റെ ജീവിതം  ജീവിക്കണമെന്ന് പറഞ്ഞത് ഒലിവര്‍ ഗാസ്പിര്‍ട്സ്. രചനയില്‍ ഉള്‍ച്ചേരേണ്ട അടിമുടി സമര്‍പ്പണമായിരിക്കണം ആ പ്രശസ്ത ജര്‍മന്‍ കാര്‍ട്ടൂണിസ്റ്റിന്റെ മനസിലപ്പോള്‍. കാര്‍ട്ടൂണുകള്‍ സംഭവിക്കുന്നത് എവിടെയെങ്കിലുമാകുന്നത് ഇഷ്ടമില്ല, എനിക്കറിയുന്ന ഇടങ്ങളാവണം അവയുടെ പശ്ചാത്തലം എന്ന റോസ് ചാസ്റ്റിന്റെ പ്രതികരണവും ഇതോടു ചേര്‍ക്കാം. ദി ന്യൂയോര്‍ക്കറിലെ കാര്‍ട്ടൂണിസ്റ്റായ അവര്‍ തദ്ദേശീയതയാണ് ഊന്നിയതും. ടോംസിന്റെ വരകളും കഥാപാത്രങ്ങളും അവയില്‍ പരന്നൊഴുകിയ കറുത്ത ഫലിതങ്ങളും ഓര്‍ക്കുമ്പോള്‍ ഗാസ്പിര്‍ട്സിന്റെ റോസിന്റെയും അഭിപ്രായങ്ങളാണ് മുന്നിലെത്തുക.വരകള്‍ ഏറ്റവും പിശുക്കി ഉപയോഗിച്ച്, രണ്ടോ മൂന്നോ സ്ട്രോക്കുകളിലൂടെ കാര്‍ട്ടൂണും കഥാപാത്രങ്ങളും പൂര്‍ത്തിയാക്കി അദ്ദേഹം.

ബോബനും മോളിയും ഉണ്ണിക്കുട്ടനും കുഞ്ചുക്കുറുപ്പുമെല്ലാം ടോംസിന്റെ കൃതഹസ്തത തെളിയിച്ച രചനകള്‍. കുട്ടനാട്ടിലെ തറവാട് വീടിനടുത്ത കുസൃതിക്കുടുക്കകളായ ഇരട്ടകളായിരുന്നു ബോബനും മോളിയുടെ പ്രചോദനമെങ്കിലും കേരളത്തിലെ കുട്ടികള്‍ ഒരു ഘട്ടത്തില്‍ അവരില്‍ സ്വന്തം പ്രതിരൂപങ്ങള്‍ കണ്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ടോംസ് വിദ്യാര്‍ഥികളുമായി നടത്തിയ ആശയവിനിമയത്തില്‍ അവര്‍ പലവട്ടം അക്കാര്യം സൂചിപ്പിച്ചു. തങ്ങളൊരിക്കലും കണ്ടിട്ടില്ലാത്ത കിഴക്കാംതൂക്ക് ഗ്രാമത്തിലേക്കുള്ള യാത്രപോലെയായിരുന്നു ആസ്വാദനം. ബോബനും മോളിക്കും എത്ര വയസായി എന്നുവരെ ചിലര്‍ ചോദിച്ചു. അവര്‍ എപ്പോഴും പന്ത്രണ്ടുകാരാണെന്ന് മറുപടി നല്‍കിയ അദ്ദേഹം, മുത്തച്ഛനും മുത്തശ്ശിയുമായാല്‍ അവരെ ആരിഷ്ടപ്പെടുമെന്നും കൂട്ടിച്ചേര്‍ത്തു. യഥാര്‍ഥ മോളിയുടെ പേരക്കുട്ടിയുടെ പേരിടല്‍ ചടങ്ങിന് താന്‍ പോയത് ടോംസ് വെളിപ്പെടുത്തിയപ്പോള്‍ കുട്ടികള്‍ ആശ്ചര്യത്തിന്റെ മുനമ്പിലായിരുന്നു. ബോബന്റെയും മോളിയുടെയും കുറുമ്പ് നിറഞ്ഞ സാഹസികതകളിലൂടെ സാമൂഹ്യ–രാഷ്ട്രീയ സമസ്യകളിലേക്കും അദ്ദേഹം കുതിച്ചു. പഞ്ചായത്ത് പ്രസിഡന്റ്, എല്ലാവരും ചേട്ടത്തിയെന്നു വിളിച്ച മറിയാമ്മ, ആശാന്‍, പോത്തന്‍ വക്കീല്‍, കൊച്ചുപട്ടി– എന്നിങ്ങനെ ബോബനും മോളിയെ ടോംസ് കഥപോലെ വളര്‍ത്തി, കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവരും അത് ഹൃദയത്തോട് ചേര്‍ത്തുവെച്ചത് അതിനാല്‍. ആ രണ്ട് കുരുന്നുകളുടെ കൌതുകങ്ങളും അവരുടെ കണ്ണില്‍ തറച്ച വിസ്മയങ്ങളും ഗ്രാമത്തിന്റെ ജീവിചരിത്രംപോലെയായി. ചെറിയ മനസില്‍ വിടര്‍ന്ന ചോദ്യങ്ങള്‍ ആക്ഷേപഹാസ്യത്തിന്റെ കരുത്തുനേടി.
ബോബനും മോളിക്ക് അതേ പേരില്‍ ശശികുമാര്‍ ചലച്ചിത്രഭാഷ്യവുമൊരുക്കി. 1971 ഏപ്രില്‍ 30ന് പുറത്തിറങ്ങിയ സിനിമയില്‍ മധു, അടൂര്‍ഭാസി, കവിയൂര്‍പൊന്നമ്മ, മണവാളന്‍ ജോസഫ് തുടങ്ങിയവരായിരുന്നു പ്രധാനവേഷങ്ങളില്‍. തിരക്കഥ എസ്എല്‍ പുരം സദാനന്ദന്റേത്.കാര്‍ട്ടൂണ്‍ സ്ട്രിപ്പില്‍നിന്ന് വ്യത്യസ്തമായി ദുരന്തപര്യവസായിയായിരുന്നു സിനിമ. സ്കൂള്‍ നിലംപൊത്തി കഥാപാത്രങ്ങള്‍ മരിക്കുന്നു. വയലാറിന്റെ എട്ട് ഗാനങ്ങള്‍കൊണ്ടും ശ്രദ്ധേയമായിരുന്നു സിനിമ. 2006ല്‍ ബോബനുംമോളിയും ആസ്പദമാക്കി ആനിമേഷന്‍ സിനിമയും പുറത്തിറങ്ങി. എ കെ സയ്ബര്‍ ആയിരുന്നു അതൊരുക്കിയത്.

കുട്ടികളും മുതിര്‍ന്നവരും ഒരേ താളത്തില്‍ ആസ്വദിച്ച ടോംസിന്റെ മറ്റൊരു കാര്‍ട്ടൂണ്‍ കഥാപാത്രമാണ് ഉണ്ണിക്കുട്ടന്‍. രക്ഷിതാക്കളെയും അധ്യാപകരെയും മുള്‍മുനയില്‍നിര്‍ത്തിയ ആറുവയസുകാരന്റെ ചലന ഭ്രമണങ്ങളായിരുന്നു  ഇതിവൃത്തം. ഉണ്ണിക്കുട്ടന്റെ സില്‍വര്‍ ജൂബിലി ആഘോഷം കൊച്ചിയില്‍ നടന്നപ്പോള്‍ ലോകപ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ഡാരിയില്‍ കെയ്ജില്‍ പങ്കെടുത്തത് ശ്രദ്ധേയമായി. "കാക്ക നാടന്‍കഥ എഴുതുന്നെന്നോ? കാക്കനാടന്‍ കഥയെഴുതുന്നെന്ന് വായീരെടാ'' എന്ന ഉണ്ണിക്കുട്ടനിലെ  സന്ദര്‍ഭം മറക്കാനാവില്ല. ഏറെ ജനപ്രീതിനേടിയ അത് മലയാളത്തില്‍നിന്ന് ദേശീയ ശ്രദ്ധയിലേക്കുമെത്തി. ഇംഗ്ളീഷ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളില്‍ സിഡി ഇറങ്ങിയത് അതാണ് കാണിച്ചത്. ഉണ്ണിക്കുട്ടനെ തട്ടിക്കൊണ്ടുപോയതിന്റെ നൂറുകണക്കിന് എപ്പിസോഡുകള്‍ക്ക് മറ്റ് സംസ്ഥാനങ്ങളിലെ കുട്ടികളും കാത്തുനിന്നു.

 

ടോംസിനെ ആദരിക്കുന്ന ചടങ്ങില്‍ ബോബനും മോളിയും മമ്മുട്ടിക്കൊപ്പം

ടോംസിനെ ആദരിക്കുന്ന ചടങ്ങില്‍ ബോബനും മോളിയും മമ്മുട്ടിക്കൊപ്പം

പോത്തന്‍ വക്കീലിന്റെ റോളില്‍  നിര്‍ദേശിച്ചു
മമ്മൂട്ടി

ചെറുപ്പത്തില്‍ ആഴ്ചപ്പതിപ്പ് കിട്ടിയാല്‍ പിന്‍ഭാഗത്തെ പേജില്‍നിന്നാണ് വായന തുടങ്ങുക. ബോബന്റെയും മോളിയുടെയും കുസൃതിജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിച്ചതിന് വീട്ടില്‍നിന്ന് തല്ലുകിട്ടിയിട്ടുണ്ട്. ഒരു വിഷുക്കാലത്ത് ബോബനും മോളിയും ഒറ്റപ്പുസ്തകമായി പ്രസിദ്ധീകരിച്ചത് വാങ്ങി സൂക്ഷിച്ചു. ആ കാര്‍ട്ടൂണ്‍ പരമ്പരക്ക് സമൂഹത്തില്‍ ആഴത്തില്‍ സ്വാധീനം ചെലുത്താനായി. ശക്തമായ രാഷ്ട്രീയ സാമൂഹ്യ വിമര്‍ശമാണ് പരമ്പരയിലൂടെ ടേംസ് ഉയര്‍ത്തിയത്. ഇപ്പോഴത്തെ ആനുകാലികങ്ങളില്‍ അതുപോലെ വായനക്കാരെ രസിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന എന്തെങ്കിലുമുണ്ടോ എന്ന്് സംശയം. ബോബനും മോളിയും ഒരിക്കല്‍ ചലച്ചിത്രമായെങ്കിലും വേണ്ടപോലെ വിജയിച്ചില്ല. പിന്നീടൊരിക്കല്‍ വീണ്ടും സിനിമയാക്കണമെന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു. പോത്തന്‍ വക്കീലിന്റെ വേഷം ചെയ്യണമെന്നും നിര്‍ദേശിക്കുകയുണ്ടായി.

 

ജനപ്രിയതയുടെ ശക്തി, പരിമിതി
ആര്‍ട്ടിസ്റ്റ് ഭട്ടതിരി

മലയാളത്തിലെ ജനപ്രിയ കാര്‍ട്ടൂണിസ്റ്റുകളില്‍ ശ്രദ്ധേയനായിരുന്നു ടോംസ്. പ്രായഭേദമന്യേ എല്ലാവര്‍ക്കും നിറഞ്ഞ് ആസ്വദിക്കാന്‍ പറ്റിയ വിഷയസ്വീകരണവും രചനാരീതിയുമായിരുന്നു അദ്ദേഹത്തിന്റേത്.  സാധാരണക്കാരുടെ പ്രശ്നങ്ങള്‍ ഹാസ്യാത്മകമായി അവതരിപ്പിച്ചപ്പോള്‍ അവ ഉള്‍ക്കൊള്ളാന്‍ ആര്‍ക്കും ബുദ്ധിമുട്ടുണ്ടായില്ല. ദുരൂഹത ഒട്ടുമില്ലാത്ത കാര്‍ട്ടൂണുകള്‍. മുഖ്യവിഷയത്തിന് സമാന്തരമായിവന്ന ചെറിയവ കേന്ദ്രപ്രമേയത്തെക്കാള്‍ ഉജ്വലങ്ങളായി. അവയില്‍ പലതും പോക്കറ്റ് കാര്‍ട്ടൂണുകളുടെ ഫലമുളവാക്കി.ജീവിച്ചിരിക്കുന്നവരെ കഥാപാത്രങ്ങളാക്കി വിജയിച്ചതില്‍ ടോംസിനോളം മികവ്പുലര്‍ത്തിയവര്‍ അധികമില്ല. നിസാര സന്ദര്‍ഭങ്ങള്‍ക്കും തുഛകഥാപാത്രങ്ങള്‍ക്കും വലിയ പ്രാധാന്യവും ലഭിച്ചു ആ വരകളില്‍. ആനുകാലിക സംഭവങ്ങളുടെ ചരിത്രവും ചിത്രവും അവയില്‍നിന്ന് വായിച്ചെടുക്കാം. പുതിയ ജീവിതരീതികളും സ്വഭാവവിശേഷങ്ങളും സാമൂഹ്യപ്രതിസന്ധികളും അതിന്റെ ഭാഗമായ പൊങ്ങച്ചങ്ങളും നാട്യങ്ങളും ടോംസിന്റെ വിമര്‍ശനങ്ങള്‍ക്കിരയായി. മുഖ്യ കഥാപാത്രങ്ങള്‍ക്കൊപ്പം ഹിപ്പിയെപ്പോലുള്ളവര്‍ സ്ഥാനം പിടിച്ചത് അതിനാലാണ്. അദ്ദേഹത്തിന്റെ ഫലിതം ജനപ്രിയമാകാന്‍ അതുകൂടിയാണ് കാരണം. മലയാള മനോരമയില്‍ ബോബനും മോളിയും അവസാനിപ്പിച്ച് കലാകൌമുദിയില്‍ തുടര്‍ന്നപ്പോഴും ടോംസ് മാഗസിനില്‍ അത് വന്നപ്പോഴും ജനങ്ങള്‍ ഹൃദയത്തോട് ചേര്‍ത്തുവെച്ചു. പുസ്തകമായി ഇറങ്ങിയപ്പോഴും അത് ആവര്‍ത്തിച്ചു. തിരക്കുപിടിച്ച വര ചുരുക്കം ഘട്ടങ്ങളില്‍ ഗൌരവം ചോര്‍ത്തിക്കളഞ്ഞിട്ടുണ്ട്. മലയാള മനോരമ പ്രതിനിധാനം ചെയ്യുന്ന അലസരായ ആസ്വാദകരെമാത്രം മുന്നില്‍ക്കണ്ട് രൂപം നല്‍കിയ ചില കാര്‍ട്ടൂണുകള്‍ക്കും ഈ ബലഹീനതയുണ്ടായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top