22 November Friday

ഹാഗിയ സോഫിയ : ലീഗ് നിലപാട് "ബാബ്‌റി മസ്ജിദി'ൽ തിരിച്ചടിയാകുമെന്ന്‌ ആശങ്ക

പി വി ജീജോUpdated: Monday Jul 27, 2020


കോഴിക്കോട്
തുർക്കിയിലെ ഹാഗിയ സോഫിയ മ്യൂസിയം പള്ളിയാക്കിയതിനെ മുസ്ലിംലീഗ് പിന്തുണയ്‌ക്കുന്നത് ആർഎസ്എസ് പ്രചാരണമാക്കുമെന്ന് ആശങ്ക. ഇത്‌ ബാബ്‌റി മസ്ജിദ് വിഷയത്തിലെ നിലപാടിന് തിരിച്ചടിയാകുമെന്ന ഭീതിയിലാണ്‌  ലീഗിലെ തന്നെ ഒരു വിഭാഗം നേതാക്കൾ. ബാബ്‌റി മസ്ജിദ് പൊളിച്ചിടത്ത് മോഡി സർക്കാറിന്റെ സഹായത്തോടെ സംഘ പരിവാരം ക്ഷേത്രം നിർമിക്കയാണ്‌.

ആർഎസ്എസിന് അനുകൂലമായ ഈ കോടതിവിധിയെ ലീഗും ചോദ്യം ചെയ്യുന്നുണ്ട്‌. എന്നാൽ ഹാഗിയ സോഫിയ വിഷയത്തിൽ ക്രൈസ്തവ വികാരവും യുനസ്കോയുടെ പൈതൃക പദവിയും തള്ളിയ ലീഗ്‌ ജമാഅത്തെ ഇസ്ലാമിയുടെ വാദത്തിനൊപ്പമാണ്.

ഇക്കാര്യം ആർഎസ്എസ് ഏറ്റുപിടിച്ചുകഴിഞ്ഞു. ബാബ്‌റി കേസിൽ സംഘപരിവാര വാദത്തിന് ശക്തിപകരുന്നതാണിതെന്ന സന്തോഷത്തിലാണ്‌ ആർഎസ്എസ്  ഇത് പ്രചരിപ്പിക്കുന്നുണ്ട്.  ജമാഅത്ത്‌ സ്വാധീനത്തിലുള്ള ലീഗിന്റെ നിലപാട് സമുദായത്തിനാകെ ദോഷമുണ്ടാക്കുന്ന സ്ഥിതിയാകും ഫലത്തിൽ സൃഷ്ടിക്കുക. താജ് മഹലിലടക്കം അവകാശമുന്നയിച്ച് ബിജെപി രംഗത്തുവന്നിട്ടുണ്ട്‌.   ഇതെല്ലാം ചൂണ്ടിക്കാട്ടി ജമാഅത്തെ വാദങ്ങൾ ഉയർത്തരുതെന്ന് ലീഗിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നു. എന്നാൽ  പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വിവാദ ലേഖനത്തെ തള്ളിപ്പറയാൻ ലീഗ് നേതൃത്വം തയ്യാറായിട്ടില്ലെന്ന ബേജാറും ഇവർക്കുണ്ട്.‌ഹാഗിയ സോഫിയ മ്യൂസിയം പള്ളിയാക്കിയതിൽ ആഹ്ലാദിച്ച് കഴിഞ്ഞ ദിവസമാണ് മുഖപത്രമായ ചന്ദ്രികയിൽ സാദിഖലിയുടെ ലേഖനം  പ്രസിദ്ധീകരിച്ചത്.

ക്രൈസ്തവ ദേവാലയമായ ഹാഗിയ സോഫിയ ദീർഘകാലമായി മ്യൂസിയമായിരുന്നു. ഈയടുത്ത് മതമൗലികവാദിയായ തുർക്കി പ്രധാനമന്ത്രി എർദോഗൻ അത് മുസ്ലിം പള്ളിയാക്കി. മതനിരപേക്ഷ സമൂഹത്തിനൊപ്പം മാർപ്പാപ്പയടക്കമുള്ള ക്രൈസ്തവ  നേതൃത്വത്തിന്റെയും എതിർപ്പ് മാനിക്കാതെയായിരുന്നു തീരുമാനം. ഇതിനെ  ലീഗും ചന്ദ്രികയും പിന്തുണച്ചിൽ സംസ്ഥാനത്തെ  വിവിധ ക്രൈസ്തവ സഭകൾക്ക്‌ എതിർപ്പുമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top