27 December Friday

തൃക്കാക്കര നഗരസഭയിൽ ഇടനിലക്കാരൊഴിഞ്ഞു; 
സമാധാനമായെന്ന് ഉദ്യോ​ഗസ്ഥര്‍

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024


തൃക്കാക്കര
തൃക്കാക്കര നഗരസഭയിൽ ഇടനിലക്കാരുടെ ഇടപെടലിനെക്കുറിച്ച് അന്വേഷണം തുടങ്ങിയതോടെ രണ്ടുദിവസമായി നഗരസഭയുടെ വിവിധ സെക്‌ഷനുകളില്‍ തിരക്കൊഴിഞ്ഞു. രണ്ടുദിവസമായി വളരെ സമാധാനപരമായി ജോലി ചെയ്യാൻ പറ്റുന്നുണ്ടെന്ന് ജീവനക്കാരും പറയുന്നു.

ഇടനിലക്കാരും ഏജ​ന്റുകളും ഒന്നിലധികം അപേക്ഷകളുംമറ്റുമായി ഉദ്യോഗസ്ഥരുടെ അടുത്തെത്തി അപേക്ഷ തീര്‍പ്പാക്കാന്‍ നിർബന്ധം പിടിച്ചിരുന്നു.
ഇടനിലക്കാരുടെ സ്വാധീനം അറിയാവുന്ന ഉദ്യോഗസ്ഥർ നിസ്സഹായരായ അവസ്ഥയായിരുന്നു. നഗരസഭയിലെ റവന്യു, പൊതുമരാമത്ത്, ആരോഗ്യ  വിഭാഗങ്ങളിലാണ് ഇടനിലക്കാര്‍ കൂടുതല്‍ ഇടപെട്ടിരുന്നത്. കഴിഞ്ഞ കൗൺസിലിൽ എൽഡിഎഫ് അംഗങ്ങൾ ഇതിനെതിരെ നടപടി ആവശ്യപ്പെട്ടു. തുടര്‍ന്ന് മുൻ ചീഫ് സെക്രട്ടറിയുടെ കെട്ടിട പെർമിറ്റിനായി ഇടനിലക്കാര്‍ ലക്ഷങ്ങൾ ആവശ്യപ്പെട്ടെന്ന വിവരം നഗരസഭാ സെക്രട്ടറിതന്നെ കൗൺസിലിൽ വെളിപ്പെടുത്തി. പിന്നാലെ, നഗരസഭയ്‌ക്കുമുന്നിൽ സിപിഐ എം പ്രതിഷേധം സംഘടിപ്പിച്ചു. ഇടനിലക്കാരുടെ പ്രവർത്തനത്തെപ്പറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു.

തുടർന്ന് നഗരസഭാ സെക്രട്ടറി നടപടി കർശനമാക്കി. നഗരസഭാ ഓഫീസിൽ ഇടനിലക്കാർ വഴിയെത്തുന്ന അപേക്ഷകളിൽ സേവനം ലഭിക്കില്ലെന്ന് എല്ലാ സെക്‌ഷനുകളിലും നോട്ടീസ്‌ പതിച്ചു. ഭൂരിഭാഗം അപേക്ഷകളും ഓൺലൈൻവഴിയാണ് സമർപ്പിക്കേണ്ടത്. അപേക്ഷകളിലുള്ള പുരോഗതി നേരിട്ടറിയാൻ കഴിയും. ഇനിമുതൽ കാര്യങ്ങള്‍ ഇടനിലക്കാരോട് വിശദീകരിക്കേണ്ടെന്ന് സെക്രട്ടറി നിർദേശം നൽകി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top