കോട്ടയം
മരുന്ന് കുറഞ്ഞ വിലയ്‌ക്ക് ലഭ്യമാക്കാൻ സംസ്ഥാനത്ത് പൊതുമേഖലയിലെ നിർമാണം വിപുലപ്പെടുത്തണമെന്ന് അഞ്ചാമത് അന്താരാഷ്ട്ര കേരളപഠന കോൺഗ്രസിന്റെ മുന്നോടിയായി കോട്ടയത്ത് സംഘടിപ്പിച്ച ദ്വിദിന ആരോഗ്യസെമിനാർ. ചികിത്സാച്ചെലവിന്റെ 70 ശതമാനവും മരുന്നിനാണ്. പൊതുമേഖലയിലെ ഉൽപ്പാദനമാണ് ഇത് കുറയ്‌ക്കാനുള്ള മാർഗം–- സെമിനാർ നിർദേശിച്ചു. കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിനുവേണ്ടി ഇപ്പോഴത്തെയും മുമ്പത്തെയും എൽഡിഎഫ് സർക്കാരുകൾ 330 കോടി രൂപയാണ് മുടക്കിയത്. നിർമാണത്തിനുള്ള രാസവസ്‌തുക്കൾ ഇറക്കുമതിചെയ്യാം. ഇതിന് സർക്കാരിന് വായ്‌പയെടുക്കാം. ഉൽപ്പാദിപ്പിക്കുന്ന മരുന്നുകൾ കുറഞ്ഞ ചെലവിൽ വിതരണം ചെയ്യാനുമാകും. ആരോഗ്യമേഖലയിലെ വിദഗ്‌ധർ തയ്യാറാക്കിയ ഇരുനൂറോളം പ്രബന്ധങ്ങളാണ് സിഎംഎസ് കോളേജിലെ 10 വേദികളിലായി നടന്ന സെമിനാറിൽ അവതരിപ്പിച്ചത്.
ആരോഗ്യമേഖലക്ക് പുതിയ ദിശാസൂചിക
എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ അടുത്തവർഷം നടക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര കേരളപഠന കോൺഗ്രസിന്റെ മുന്നോടിയായി കോട്ടയത്ത് സംഘടിപ്പിച്ച ദ്വിദിന ആരോഗ്യസെമിനാർ സമാപിച്ചു. ആരോഗ്യമേഖലയിലെ വിദഗ്‌ധരുടേതടക്കം ഇരുനൂറോളം പ്രബന്ധങ്ങളാണ് സിഎംഎസ് കോളേജിലെ 10 ഉപവേദികളിലായി നടന്ന സെമിനാറിൽ അവതരിപ്പിച്ചത്. പ്രാഥമികാരോഗ്യം മുതൽ അതിനൂതന സാങ്കേതികവിദ്യകളുടെ പ്രയോഗം വരെ സെമിനാർ ചർച്ചയാക്കി. കൂടുതൽ കാര്യക്ഷമമായ രോഗപ്രതിരോധം, നൂതന ചികിത്സ അതിവേഗം എന്ന ആരോഗ്യവകുപ്പിന്റെ ലക്ഷ്യത്തിന് ഗതിവേഗം പകരുന്ന നിർദേശങ്ങളാണ് സെമിനാറിലെ 30ലേറെ സെഷനുകളിൽ ഉയർന്നുവന്നത്. ഇതിനെ അടിസ്ഥാനമാക്കിയായിരിക്കും കേരള പഠന കോൺഗ്രസിൽ ആരോഗ്യമേഖലയെപ്പറ്റി ചർച്ചകൾ നടത്തുക.
കോട്ടയം ടി കെ സ്‌മാരക സാംസ്‌കാരിക പഠനകേന്ദ്രമാണ് സെമിനാർ സംഘടിപ്പിച്ചത്. രണ്ടാം ദിവസമായ തിങ്കളാഴ്‌ച മാനസികാരോഗ്യം, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ആരോഗ്യസംരക്ഷണം, ആയുഷ്, ആരോഗ്യവും ഔഷധമേഖലയും: അനുബന്ധ നയം എന്നീ വിഷയങ്ങളിലാണ് പ്രബന്ധാവതരണവും ചർച്ചയും നടന്നത്.
സമാപന സമ്മേളനത്തിൽ എകെജി പഠനഗവേഷണകേന്ദ്രം ഡയറക്ടർ ഡോ. ടി എം തോമസ് ഐസക് ചർച്ച ക്രോഡീകരിച്ചു. സെമിനാർ അക്കാദമിക് കമ്മിറ്റി കൺവീനർ ഡോ. പി കെ ജമീല അധ്യക്ഷയായി. സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസൽ, കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നൂസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു, ഡോ. സൈറു ഫിലിപ്പ്, ഡോ. മുബാറക് സാനി, ഡോ. പ്രശാന്ത് സോണി, ഡോ. എ കെ ജയശ്രീ എന്നിവർ സംസാരിച്ചു.
മുൻ കില ഡയറക്ടർ ഡോ. ജോയ് ഇളമൺ, പൊതുജനാരോഗ്യ വിദഗ്‌ധൻ ഡോ. വി രാമൻകുട്ടി, പരിയാരം മെഡിക്കൽകോളേജ് പൊതുജനാരോഗ്യ വിഭാഗം മേധാവി ഡോ. എ കെ ജയശ്രീ, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി കെ ജയകുമാർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നൂസ്, കോഴിക്കോട് മെഡിക്കൽ കോളേജ് ഫാമിലി മെഡിസിൻ മേധാവി ഡോ. പി കെ ശശിധരൻ, സിസിഐഎം മുൻ എക്‌സിക്യൂട്ടീവംഗം ഡോ. ഉദയകുമാർ തുടങ്ങിയ നിരവധി ആരോഗ്യവിദഗ്‌ധർ സെമിനാറിൽ പങ്കാളിയായി.
ആരോഗ്യസേവനത്തിന് വിദ്യാർഥികളും
പൊതുജനാരോഗ്യത്തിന് കരുത്തേകാൻ വിദ്യാർഥിപങ്കാളിത്തം ഉറപ്പാക്കി ആരോഗ്യ സെമിനാർ. തദ്ദേശ സ്ഥാപനങ്ങൾക്കൊപ്പം ചേർന്നുള്ള പ്രവർത്തനങ്ങൾക്ക് പദ്ധതി ആവിഷ്‌കരിക്കാൻ സെമിനാറിന്റെ ഭാഗമായി നടന്ന വിദ്യാർഥി സംഗമത്തിൽ ധാരണയായി. മെഡിക്കൽ വിദ്യാർഥികൾ അവരുടെ സ്ഥാപനങ്ങളുടെ ചുറ്റുവട്ടത്തുള്ള ഏതെങ്കിലും തദ്ദേശസ്ഥാപനങ്ങളിലെ നിലവിലുള്ള ആരോഗ്യ പദ്ധതികളിൽ പങ്കാളികളാകും. ഓരോയിടങ്ങളിലും നടപ്പാക്കുന്ന പദ്ധതികളുടെ കുടൂതൽ പഠനങ്ങൾക്കും സേവനങ്ങൾക്കും ഇവരും കൂടെയുണ്ടാകും. പ്രവർത്തനങ്ങൾ കൂടുതൽ ജില്ലകളിലേക്കും വ്യാപിപ്പിക്കും.
പൊതുജനാരോഗ്യരംഗത്ത് വിദ്യാർഥികൾക്ക് വളരെയധികം സംഭാവനകൾ ചെയ്യാനാകും. ആരോഗ്യ രംഗത്ത് ഭാവിയിൽ പ്രവർത്തിക്കേണ്ടവരാണ് തങ്ങളെന്നും അതിന് മുന്നോടിയായി സമൂഹത്തിന് സഹായം നൽകാൻ സാധിക്കുമെങ്കിൽ അത് മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഊർജമാകുമെന്നും വിദ്യാർഥി പ്രതിനിധികൾ പറഞ്ഞു. രണ്ട് ദിവസമായി നടന്ന സെമിനാറിൽ നൂറുകണക്കിന് വിദ്യാർഥികളാണ് പങ്കാളികളായത്. കാൻസർ ബോധവൽക്കരണത്തിന് ഉൾപ്പെടെ തദ്ദേശസ്ഥാപനങ്ങളിലെ പ്രതിനിധികൾക്ക് പരിമിതികളുണ്ട്. സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെന്ന് അവർക്ക് കാര്യങ്ങൾ കൃത്യമായി വിശദീകരിക്കാൻ മെഡിക്കൽ വിദ്യാർഥികൾക്ക് സാധിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..