05 November Tuesday

സിനിമാ മേഖലയിലെ സ്‌ത്രീകൾ ഉന്നയിച്ച ലൈംഗിക പീഡന പരാതികൾ ; അന്വേഷക സംഘത്തിൽ കൂടുതൽ വനിതകൾ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024


തിരുവനന്തപുരം
സിനിമാ മേഖലയിലെ സ്‌ത്രീകൾ ഉന്നയിച്ച ലൈംഗിക പീഡന പരാതികൾ അന്വേഷിക്കാൻ സർക്കാർ രൂപീകരിച്ച പ്രത്യേകസംഘം കൂടുതൽ വനിതാ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വിപുലീകരിക്കും. ലോക്കൽ പൊലീസ്‌ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യുന്ന കേസുകളും സംഘത്തിന്‌ കൈമാറും. സംസ്ഥാന പൊലീസ്‌ മേധാവി ഡോ. ഷെയ്ഖ്  ദർവേഷ് സാഹിബിന്റെ സാന്നിധ്യത്തിൽ പ്രത്യേകസംഘത്തിന്റെ പ്രഥമയോഗത്തിലാണ്‌ തീരുമാനം.

മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്‌ച  വിളിച്ചുചേർത്ത ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ്‌ ഐജി ഡി സ്‌പർജൻകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചത്‌. ഡിഐജി എസ് അജിതാബീഗം, ക്രൈംബ്രാഞ്ച്‌ ഹെഡ്‌ക്വാർട്ടേഴ്‌സ്‌ എസ്‌പി മെറിൻ ജോസഫ്‌, കോസ്റ്റൽ പൊലീസ്‌ എഐജി ജി പൂങ്കുഴലി, പൊലീസ്‌ അക്കാദമി അസിസ്റ്റന്റ്‌ ഡയറക്ടർ ഐശ്വര്യ ഡോങ്ക്റെ, ക്രമസമാധാന ചുമതലയുള്ള എഐജി വി അജിത്‌, ക്രൈംബ്രാഞ്ച്‌ എസ്‌പി എസ്‌ മധുസൂദനൻ എന്നിവരടങ്ങിയ സംഘത്തിന്റെ  മേൽനോട്ടച്ചുമതല ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിനാണ്‌.

ചൊവ്വാഴ്ച  പ്രത്യേക സംഘത്തിന്റെ യോഗത്തിൽ സംസ്ഥാന പൊലീസ്‌ മേധാവിക്കുപുറമേ ഇന്റലിജൻസ്‌ എഡിജിപി മനോജ്‌ അബ്രഹാം, ഹെഡ്‌ ക്വാർട്ടേഴ്‌സ്‌ എഡിജിപി എസ്‌ ശ്രീജിത്ത്‌, ക്രമസമാധനപാലന വിഭാഗം എഡിജിപി എം ആർ അജിത്‌കുമാർ എന്നിവരും  പങ്കെടുത്തു.  എല്ലാ കേസുകളും മുതിർന്ന വനിതാ ഓഫീസർമാരുടെ നേതൃത്വത്തിലാണ്‌ അന്വേഷിക്കുക.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top