22 November Friday

അവനെന്റെ സ്വന്തം, 
പിന്നെങ്ങനെ പുഴയിൽ കളയും

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024


അങ്കോള
കഴിഞ്ഞ 72 ദിവസം... പലരും പലപ്പോഴും അർജുനെ മറന്നപ്പോൾ, ഉള്ളുനീറിക്കഴിഞ്ഞ കുടുംബത്തിന്റെ കണ്ണീര്‌ പങ്കിട്ട്‌ ഷിരൂരിൽമാത്രം കാത്തുകെട്ടിക്കിടന്ന ഒരാളുണ്ട്‌. ട്രക്കുടമ കോഴിക്കോട്‌ സ്വദേശി മനാഫ്‌. ഐഎൻഎൽ സ്ഥാപക നേതാവും  കർണാടകത്തിലെ സാഗര നഗരസഭാ ചെയർമാനുമായിരുന്ന കെ മുഹമ്മദ്‌ കോയയുടെ മകൻ. നാലുസഹോദരങ്ങൾക്കൊപ്പം ടിമ്പർ, ഹോട്ടൽ  ബിസിനസ്‌ ചെയ്യുന്ന മനാഫിന്റെ വാക്കുകൾ കേരളം കേട്ടത്‌ ചങ്കുപിടഞ്ഞാണ്‌.

‘‘കൂട്ടുകുടുംബമാണ്‌ ഞങ്ങളുടേത്‌. ട്രക്കുകൾ വാങ്ങിക്കുന്നത്‌ വണ്ടി ഭ്രാന്തനായ അനിയൻ മുബീന്റെ പേരിലാണ്‌. ഷിരൂരിൽ മുങ്ങിയതും അത്തരമൊരു ട്രക്കാണ്‌. അത് ഓടിക്കുന്ന അർജുനും എന്റെ  സ്വന്തം സഹോദരനെപ്പോലെയാണ്‌. അവൻ ഗംഗാവലിപ്പുഴയിൽ വീണപ്പോൾതന്നെ തിരിച്ചുകിട്ടുമെന്ന്‌ എനിക്കുറപ്പുണ്ടായിരുന്നു. അത്‌ ഞാൻ വിളിച്ചുപറഞ്ഞപ്പോൾ സമൂഹമാധ്യമങ്ങളിലും മറ്റും അപഹസിച്ചു.

അവരെല്ലാം അറിയാനായി ഞാൻ ആവർത്തിക്കുന്നു. 80 ലക്ഷം വിലയുള്ള ട്രക്കും തടിയും പുഴയിൽ കളഞ്ഞോളൂ, എനിക്ക്‌ അർജുൻ മതി. അവന്റെ കുടുംബത്തോട്‌, അമ്മയോട്‌ ഞാൻ പറഞ്ഞ വാക്ക്‌ പാലിച്ചു. അവനുമായി ഞങ്ങൾ നാളെയോ മറ്റന്നാളോ കോഴിക്കോട്ട്‌ പോകും’–- പുഴക്കരയിൽ തകർന്ന ട്രക്കിനുമുന്നിൽനിന്ന്‌ മനാഫ്‌ തേങ്ങി.

ജൂലൈ 16ന്‌ മണ്ണിടിഞ്ഞശേഷം 17ന്‌ മനാഫ്‌ അങ്കോള പൊലീസ്‌ സ്‌റ്റേഷനിലെത്തിയതാണ്‌. ഇടിഞ്ഞ മണ്ണിൽ അർജുനുണ്ടെന്ന പരാതി കേൾക്കാൻപോലും കർണാടക പൊലീസ്‌ ആദ്യം തയ്യാറായില്ല. തുടർന്നാണ്‌, നാട്ടിൽ പരാതിപ്പെടാൻ അർജുന്റെ കുടുംബത്തോട്‌ മനാഫ്‌ ആവശ്യപ്പെടുന്നത്‌. അന്നുമുതൽ മുഖ്യമന്ത്രി പിണറായി വിജയനടക്കം നടത്തിയ ഇടപെടലിന്‌ മനാഫ്‌ ഒരിക്കൽകൂടി നന്ദിപറയുന്നു.

കുന്ദാപുരത്താണ്‌ മനാഫിന്റെ ഉപ്പ മുഹമ്മദ്‌ കോയ സഹോദരീ ഭർത്താവിനൊപ്പം മരവ്യാപാരം ആരംഭിക്കുന്നത്‌. മുസ്ലിംലീഗ്‌ നേതാവായിരുന്ന മുഹമ്മദ്‌ കോയ, പിന്നീട്‌  ഐഎൻഎൽ രൂപീകൃതമായപ്പോൾ ഇബ്രാഹിം സുലെമാൻസേട്ടിനൊപ്പം നേതൃനിരയിലെത്തി. ദാവൺഗരെ നിയമസഭാ മണ്ഡലത്തിൽ മത്സരിച്ചു. ചെറിയ വോട്ടിനാണ്‌ തോറ്റത്‌. പിന്നീട്‌ ജനതാദളിൽചേർന്ന്‌ സാഗര നഗരസഭാ ചെയർമാനായി. പിതാവിന്റെ പൊതുപ്രവർത്തന പാരമ്പര്യത്തിന്റെ കരുത്തിലാണ്‌ താൻ പ്രതിസന്ധികളെ ചങ്കുറപ്പോടെ നേരിട്ടതെന്നും മനാഫ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top