18 October Friday

രാജ്യവിരുദ്ധ പ്രവർത്തനമെന്ന പരാതി ; എൻഐഎ കോടതി ശിക്ഷിച്ച
5 പേരെ വെറുതെവിട്ടു

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024


കൊച്ചി
സിപിഐ മാവോയിസ്റ്റ് വിദ്യാർഥി സംഘടന രൂപീകരിക്കാൻ യോഗം ചേർന്നുവെന്ന കേസിൽ എൻഐഎ കോടതി ശിക്ഷിച്ച അഞ്ചുപ്രതികളെ ഹൈക്കോടതി വെറുതെവിട്ടു. ആലപ്പുഴ സ്വദേശി രാജേഷ് മാധവൻ, തമിഴ്നാട് സ്വദേശി ഗോപാൽ, കൊല്ലം സ്വദേശി ദേവരാജൻ, തിരുവനന്തപുരം സ്വദേശി ബാഹുലേയൻ, മൂവാറ്റുപുഴ സ്വദേശി അജയകുമാർ എന്നിവരെയാണ് ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് ജി ഗിരീഷ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വെറുതെവിട്ടത്. യുഎപിഎയിലെ വിവിധ വകുപ്പുകൾപ്രകാരം മൂന്നുവർഷം കഠിനതടവാണ് വിധിച്ചിരുന്നത്‌.

സംഘടനയുടെ വിദ്യാർഥിവിഭാഗമായ റെവല്യുഷണറി ഡെമോക്രാറ്റിക് ഫ്രണ്ട്‌ (ആർഡിഎഫ്) രൂപീകരിക്കാൻ 2012 ഡിസംബറിൽ  മാവേലിക്കരയിൽ രഹസ്യയോഗം ചേർന്നുവെന്ന പരാതിയിലാണ്‌ ഇവരെ ശിക്ഷിച്ചിരുന്നത്‌. ആർഡിഎഫിനെ നിരോധിത സംഘടനയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് വിലയിരുത്തിയാണ് ശിക്ഷ റദ്ദാക്കിയത്.
രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായാണ് യോഗം ചേർന്നതെന്നായിരുന്നു എൻഐഎയുടെ ആരോപണം. പൊലീസ് അന്വേഷണം എൻഐഎ ഏറ്റെടുക്കുകയായിരുന്നു.  മാവോയിസ്റ്റ് നേതാക്കളായ രൂപേഷ്–-ഷൈന ദമ്പതികളുടെ മക്കളെ പങ്കെടുപ്പിച്ചിരുന്നുവെന്നും ആരോപിച്ചിരുന്നു. എന്നാൽ, കൂടംകുളം ആണവനിലയം, വിദ്യാഭ്യാസ വായ്പ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ്‌ യോഗം ചേർന്നതെന്നായിരുന്നു ഹർജിക്കാരുടെ വാദം.  തെലങ്കാനയിലും ഒഡിഷയിലും മറ്റും ആർഡിഎഫിനെ നിരോധിച്ചിട്ടുണ്ടെങ്കിലും കേരളത്തിൽ നിരോധനമില്ലെന്ന്‌ വിലയിരുത്തിയാണ് കോടതി ഉത്തരവ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top