അങ്കമാലി
അങ്കമാലി നഗരസഭയിൽ വ്യാഴാഴ്ച ചേർന്ന അടിയന്തര കൗൺസിലിൽ പ്രതിപക്ഷ പ്രതിഷേധം. അംഗങ്ങൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് തൃപ്തികരമായ മറുപടി ലഭിക്കാത്തതിനെത്തുടർന്ന് പ്രതിപക്ഷം കൗൺസിൽ ബഹിഷ്കരിച്ചു.
താലൂക്കാശുപത്രിയിൽ മുൻഭരണസമിതിയുടെ കാലത്ത് നടപടി പൂർത്തിയാക്കി എട്ടുമാസംമുമ്പേ ഉദ്ഘാടനം ചെയ്ത ഡയാലിസിസ് യൂണിറ്റ് പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഇതുമൂലം നിരവധി വൃക്കരോഗികൾ ബുദ്ധിമുട്ടുകയാണ്. പ്രസവ വാർഡും മാതൃ–-ശിശു യൂണിറ്റും ഒരു വർഷത്തിലേറെയായി അടച്ചുപൂട്ടിയനിലയിലാണ്. കോടികളുടെ യന്ത്രങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു. മുൻഭരണസമിതിയുടെ കാലത്ത് പ്രവർത്തനമാരംഭിച്ച മുലയൂട്ടൽകേന്ദ്രം മാലിന്യംതള്ളുന്ന കേന്ദ്രമാക്കി. വിവിധ വാർഡുകളിൽ ഒരാൾപ്പൊക്കത്തിൽ പുല്ല് വളർന്ന് കാടുപിടിച്ച അവസ്ഥയിലാണ്. ബ്രഷ് കട്ടറുകൾ 12 എണ്ണവും കേടുപാട് സംഭവിച്ചു. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി എടുത്ത തീരുമാനങ്ങൾ വാർത്തയിലൊതുങ്ങി.
പഴയ നഗരസഭാ കാര്യാലയത്തിനുചുറ്റും മാസങ്ങളായി കുന്നുകൂടിയ മാലിന്യം നീക്കിയിട്ടില്ല. വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ഹരിതകർമസേനാംഗങ്ങൾ ശേഖരിക്കുന്ന മാലിന്യങ്ങളും വിവിധ പ്രദേശങ്ങളിൽ കെട്ടിക്കിടക്കുന്നു. സ്ഥിരംസമിതി അധ്യക്ഷരെയും കൗൺസിലിനെയും നോക്കുകുത്തിയാക്കിയാണ് തീരുമാനങ്ങൾ എടുക്കുന്നത്. പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് പ്രതിപക്ഷനേതാവ് ടി വൈ ഏല്യാസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..