ചെങ്ങന്നൂർ > ചെങ്ങന്നൂർ വണ്ടിമല ദേവസ്ഥാനം ക്ഷേത്രത്തിന് സമീപത്തെ നാഗവിഗ്രഹ കൽവിളക്ക് തകർത്ത് മാലിന്യക്കുളത്തിൽ എറിഞ്ഞ സംഭവത്തിൽ നഗരസഭ യുഡിഎഫ് കൗൺസിലറും സഹായികളും പിടിയിൽ. കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന വൈസ് ചെയർമാനും കൗൺസിലറുമായ ചെങ്ങന്നൂർ തിട്ടമേൽ കണ്ണാട്ട് തോമസ് വർഗീസ് (രാജൻ കണ്ണാട്ട്–- 66), തിട്ടമേൽ കൊച്ചുകുന്നുംപുറത്ത് രാജേഷ് (ശെൽവൻ–- 53), പാണ്ടനാട് കീഴ്‌വന്മഴി കളക്കണ്ടത്തിൽ കുഞ്ഞുമോൻ (49) എന്നിവരെയാണ് ചെങ്ങന്നൂർ എസ്‌എച്ച്‌ഒ എ സി വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്‌തത്. വെള്ളി വൈകിട്ട് ആറിനാണ് സംഭവം.
ക്ഷേത്രത്തിന്റെ തെക്കേ കവാടത്തിന് മുൻവശത്തെ നാലടി ഉയരമുള്ള നാഗവിഗ്രഹ കൽവിളക്ക് രാജൻ കണ്ണാട്ടിന്റെ നിർദേശപ്രകാരം ശെൽവൻ ഇളക്കിമാറ്റി. തുടർന്ന് ഒരുകിലോമീറ്റർ അകലെയുളള പെരുങ്കുളം പാടത്തെ മാലിന്യക്കുഴിയിൽ മിനി ലോറിയിൽ കുഞ്ഞുമോന്റെ സഹായത്തോടെ എത്തിച്ച് ഉപേക്ഷിച്ചുവെന്നാണ് കേസ്. കൽവിളക്ക് നഷ്‌ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട ക്ഷേത്രഭാരവാഹികളാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്നുള്ള അന്വേഷണത്തിൽ ശെൽവനെ പിടികൂടി. പൊലീസും ക്ഷേത്രഭാരവാഹികളും ജെസിബി ഉൾപ്പെടെ ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ വിളക്ക് രാത്രി ഒന്നോടെ പെരുങ്കുളം പാടത്തെ മാലിന്യക്കുഴിയിൽനിന്ന് കണ്ടെത്തി.
ശെൽവന്റെ മൊഴിപ്രകാരമാണ് രാജൻ കണ്ണാട്ടിനെയും കുഞ്ഞുമോനെയും അറസ്റ്റുചെയ്‌തത്. കൽവിളക്കുള്ള സ്ഥലത്തിന്റെ തൊട്ടുപുറകിലെ സ്ഥലവിൽപ്പനയുമായി ബന്ധപ്പെട്ടാണ് വിളക്ക് തകർത്തതെന്ന് പൊലീസ് കരുതുന്നു. സംഭവത്തിൽ വണ്ടിമല ദേവസ്ഥാനം സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ പ്രസിഡന്റ് ടി സി ഉണ്ണികൃഷ്‌ണൻ അധ്യക്ഷനായി. മതസ്‌പർധ ഉണ്ടാക്കുംവിധം ആരാധനാലയങ്ങൾക്ക് നേരെ കയ്യേറ്റം നടത്തിയതിന് ഭാരതീയന്യായസംഹിത 298–-ാം വകുപ്പ് പ്രകാരം പ്രതികൾക്കെതിരെ കേസെടുത്തു. മൂവരെയും റിമാൻഡ്‌ചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..