22 December Sunday

കണ്ണീർചിത്രമായി എട്ടുപേർ , ഓർമകളിൽ നടുക്കം ; കളമശേരി സ്‌ഫോടനത്തിന്‌ നാളെ ഒരുവർഷം

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024


കൊച്ചി
കേരളത്തെ നടുക്കിയ കളമശേരി സ്‌ഫോടനം നടന്നിട്ട്‌ ചൊവ്വാഴ്‌ച ഒരുവർഷം. കളമശേരി സാമ്ര കൺവൻഷൻ സെന്ററിലെ യഹോവയുടെ സാക്ഷികളുടെ കൺവൻഷനിലാണ്‌ 2023 ഒക്ടോബർ 29ന്‌ രാവിലെ 9.30ന്‌ സ്‌ഫോടനമുണ്ടായത്‌. ഒരു കുടുംബത്തിലെ മൂന്നുപേരുടേതടക്കം എട്ടുപേരുടെ ജീവനെടുത്തു. 2500ൽ കൂടുതൽപേർ പങ്കെടുത്ത കൺവൻഷനിൽ പൊട്ടിത്തെറിച്ചത്‌ രണ്ട്‌ ബോംബുകൾ. ആദ്യദിനം കൊല്ലപ്പെട്ടത്‌ മൂന്നുപേർ. അമ്പതിലധികംപേർക്ക്‌ പരിക്ക്‌. തുടർന്നുള്ള ദിവസങ്ങളിൽ മരണസംഖ്യ ഉയർന്നു.

ഡിസംബർ ഏഴിന്‌ തൊടുപുഴ വണ്ടമറ്റം കുളങ്ങരതൊട്ടിയിൽ ലില്ലി ജോണിന്റെ ജീവനും കവർന്നതോടെ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. സ്‌ഫോടനത്തിൽ പരിക്കേറ്റ ലില്ലിയുടെ ഭർത്താവ്‌ ജോൺ ഒരാഴ്‌ചമുമ്പ്‌ മരിച്ചിരുന്നു. മലയാറ്റൂർ സ്വദേശി റീന, മക്കളായ ലിബ്‌ന (12), പ്രവീൺ (24), പെരുമ്പാവൂർ വട്ടോളിപ്പടിയിലെ ലിയോണ പൗലോസ്‌, ഗണപതിപ്ലാക്കലിലെ മോളി ജോയി, വണ്ണപ്പുറം സ്വദേശി കുമാരി എന്നിവരും കൊല്ലപ്പെട്ടു. സ്‌ഫോടനം നടന്ന ഉടൻ സർക്കാർ സംവിധാനമാകെ കളമശേരി കേന്ദ്രീകരിച്ചു. മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവർ സ്ഥലത്തെത്തി രക്ഷാ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ധനസഹായവും പ്രഖ്യാപിച്ചു. സ്‌ഫോടനദിവസംതന്നെ പ്രതി തമ്മനം ചിലവന്നൂർ വേലിക്കകത്ത്‌ ഡൊമിനിക്‌ മാർട്ടിനെ പൊലീസ്‌ കസ്‌റ്റഡിയിൽ എടുത്തു. ഇതോടെ മതസ്‌പർധയുണ്ടാക്കി ലഹളയുണ്ടാക്കാനുള്ള കേന്ദ്രമന്ത്രിയുടേതടക്കമുള്ള നീക്കങ്ങളും പൊളിഞ്ഞു.

യഹോവയുടെ സാക്ഷികളോടുള്ള എതിർപ്പാണ്‌ മാർട്ടിൻ ഡൊമിനിക്‌ സ്‌ഫോടനം നടത്താൻ കാരണമെന്നാണ്‌ കുറ്റപത്രത്തിൽ വ്യക്തമാക്കിയത്‌. ഇതിനായി രണ്ട്‌ ഇഐഡി ബോംബുകൾ നിർമിച്ചു. രണ്ടും പൊട്ടിത്തെറിച്ചു. 3578 പേജുണ്ട്‌ കുറ്റപത്രത്തിന്‌. സംഭവത്തിൽ ഗൂഢാലോചനയില്ല. 294 സാക്ഷികളുണ്ട്‌. നൂറ്റിമുപ്പതിലേറെ തൊണ്ടിമുതലും നൂറ്റമ്പതിലേറെ രേഖകളുമുണ്ട്‌. 29ന്‌ രാവിലെ സ്‌കൂട്ടറിൽ ഡൊമിനിക്‌ മാർട്ടിൻ കൺവൻഷൻ സെന്ററിലെത്തി. സീറ്റിനടിയിൽ ബോംബുകൾവച്ച്‌ മടങ്ങി. സംഭവശേഷം കൊടകര പൊലീസ്‌ സ്‌റ്റേഷനിൽ കീഴടങ്ങി. കാക്കനാട്‌ ജില്ലാ ജയിലിൽ റിമാൻഡിലാണ്‌ പ്രതി.

സങ്കടമഴ തോരാതെ
സങ്കടമഴ ഇനിയും തോർന്നിട്ടില്ല ആ വീട്ടിൽ. മലയാറ്റൂരിൽ താഴത്തെ പള്ളിയങ്ങാടിയിൽ വാടകവീട്ടിൽ താമസിക്കുന്ന കടവൻകുടിവീട്ടിൽ പ്രദീപന്‌ സ്‌ഫോടനത്തിൽ നഷ്ടമായത്‌ ഭാര്യ സാലിയെയും മകൾ ലിബ്നയെയും മകൻ പ്രവീണിനെയും. രക്ഷപ്പെട്ടത്‌ ഇളയമകൻ രാഹുൽമാത്രം. പ്രദീപൻ കൺവൻഷനിൽ പങ്കെടുത്തിരുന്നില്ല. പ്രിയപ്പെട്ടവരുടെ ചിത്രത്തിൽ നോക്കി കണ്ണീർവാർക്കുകയാണിപ്പോഴും പ്രദീപനും രാഹുലും. ‘‘ആ ദിനത്തെ ഇപ്പോഴും ഓർമയുണ്ട്‌. എന്നാൽ, ഒന്നും പറയാനാകുന്നില്ല. അത്രമേൽ വേദനയാണ്‌ ഞങ്ങൾ അനുഭവിക്കുന്നത്‌’’– ഇരുവരും പറഞ്ഞു. കാറ്ററിങ്‌ ജോലിക്ക്‌ പോയിക്കൊണ്ടിരുന്ന പ്രദീപൻ ഹൃദയ ശസ്‌ത്രക്രിയയെ തുടർന്ന്‌ വിശ്രമത്തിലാണ്‌. രാഹുലിന്‌ അങ്കമാലിയിൽ വർക്‌ഷോപ്പിലാണ്‌ ജോലി.

സാമ്ര തിരിച്ചുവന്നു
സ്‌ഫോടനം നടന്ന സാമ്ര കൺവൻഷൻ സെന്റർ തിരിച്ചുവരവിന്റെ പാതയിലാണ്‌. സ്ഫോടനത്തെ തുടർന്ന് മൂന്നുമാസത്തോളം അടച്ചിട്ടു. ജനുവരിയിൽ കോടതിയാണ്‌ തുറക്കാൻ അനുമതി നൽകിയത്‌. 3000 പേർക്ക് ഇരിക്കാവുന്ന സെന്ററിൽ ഒരുകോടിയിലേറെ രൂപ നഷ്ടം വന്നതായി ഉടമകളിലൊരാളായ റിയാസ്‌ മണക്കാടൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top