23 December Monday

ഓർമ നശിച്ചാലും പെന്‍ഷൻ നിഷേധിക്കരുത്‌: ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 27, 2019


കൊച്ചി
പ്രായാധിക്യവും രോഗവും കാരണം കിടപ്പിലായ വിരമിച്ച ജീവനക്കാർക്ക് റിസർവ് ബാങ്കിന്റെ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ പെൻഷൻ തുക വിതരണം ചെയ്യണമെന്ന് ഹൈക്കോടതി. അടുത്ത ബന്ധുക്കളെ തിരിച്ചറിയാനാകാത്ത വിധം കിടപ്പിലാണെങ്കിൽ ബാങ്ക് ഉദ്യോഗസ്ഥനുൾപ്പെടെ രണ്ട് സ്വതന്ത്ര സാക്ഷികളുടെ സാന്നിധ്യത്തിൽ വിരലടയാളം രേഖപ്പെടുത്തി വാങ്ങി പെൻഷൻ നൽകാം. ഇത്തരത്തിൽ വിരലടയാളം രേഖപ്പെടുത്താൻ കഴിയില്ലെങ്കിൽ സ്വതന്ത്ര സാക്ഷികളുടെ സാന്നിധ്യത്തിൽ ഏതെങ്കിലും തരത്തിലുള്ള അടയാളം ചെക്കിലോ ഫോമിലോ രേഖപ്പെടുത്തി വാങ്ങിയാൽ മതിയെന്ന്‌ മാർഗനിർദേശത്തിൽ പറയുന്നുണ്ടെന്നും ജസ്റ്റിസ് പി ബി സുരേഷ്‌കുമാർ ചൂണ്ടിക്കാട്ടി. 

കിടപ്പിലായ അമ്മയ്ക്ക് ബാങ്ക് അധികൃതർ പെൻഷൻ നിഷേധിക്കുന്നതിനെതിരെ ചേരാനല്ലൂർ സ്വദേശി വി ജയകുമാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി. ഹർജിക്കാരന്റെ അമ്മ ബംഗളൂരുവിൽ കേന്ദ്രസർക്കാർ ജീവനക്കാരിയായിരുന്നു. റിട്ടയർമെന്റിനു ശേഷം മകന്റെയൊപ്പം താമസിക്കാനാണ് കൊച്ചിയിൽ എത്തിയത്. അമ്മ കിടപ്പിലായതോടെ പെൻഷൻ വീട്ടിലെത്തിച്ചു തരണമെന്ന് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ ഇടപ്പള്ളി ബ്രാഞ്ചിന് അപേക്ഷ നൽകി. ബാങ്ക് മാനേജർ വീട്ടിൽ അന്വേഷിച്ചെത്തിയപ്പോൾ അമ്മ മകനെപ്പോലും തിരിച്ചറിയാനാകാത്ത നിലയിലാണെന്ന് വ്യക്തമായെന്നും ഇക്കാരണത്താലാണ് പെൻഷൻ തുക നൽകാതിരുന്നതെന്നും ബാങ്ക് അധികൃതർ വാദിച്ചു. തുടർന്നാണ് ഇത്തരം സാഹചര്യങ്ങളിൽ റിസർവ് ബാങ്ക് നിർദേശിച്ചിട്ടുള്ള വ്യവസ്ഥകൾ പാലിച്ച് തുക നൽകാൻ കോടതി നിർദേശിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top