കൊച്ചി
തുടർച്ചയായി രണ്ടാംദിവസവും സംസ്ഥാനത്ത് സ്വർണവില താഴ്‌ന്നു. ചൊവ്വാഴ്‌ച പവന് 960 രൂപയാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് പവന് 56,640 രൂപയും ഗ്രാമിന് 120 രൂപ കുറഞ്ഞ് 7080 രൂപയുമായി. ആറുദിവസംകൊണ്ട് പവന് 2920 രൂപ വർധിച്ചശേഷം തുടർച്ചയായി രണ്ടാംദിവസമാണ് വില ഇടിയുന്നത്. രണ്ടുദിവസംകൊണ്ട് പവന് 1760 രൂപയാണ് കുറഞ്ഞത്.
അന്താരാഷ്ട്രവിപണിയിൽ സ്വർണവിലയിലുണ്ടായ വൻ ഇടിവാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. അന്താരാഷ്ട്രവില ട്രോയ് ഔൺസിന് (31.1 ഗ്രാം) 2610 ഡോളറായി. ഒറ്റദിവസംകൊണ്ട് ഏകദേശം 100 ഡോളറാണ് കുറഞ്ഞത്. ഇസ്രയേലും ലബനനും വെടിനിർത്തലിന് സാധ്യതയെന്ന വാർത്തയും നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഓഹരിവിപണി പക്ഷവാദിയായ സ്‌കോട്ട് ബെസെന്റിനെ യുഎസ് ട്രഷറി സെക്രട്ടറിയായി നിയമിച്ചതോടെ യുഎസ് ഓഹരിവിപണി കുതിച്ചുയർന്നതും ട്രഷറി കടപ്പത്രത്തിൽനിന്നുള്ള ആദായം വർധിച്ചതുമാണ് പ്രധാനമായും സ്വർണവിലയെ സ്വാധീനിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..