കോഴിക്കോട്
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതിയെ വീണ്ടും മർദിച്ച സംഭവത്തിൽ ഭർത്താവ് പന്തീരാങ്കാവ് തെക്കേ വള്ളിക്കുന്ന് സ്വദേശി രാഹുൽ പി ഗോപാലിനെ (29) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ജില്ലാ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി (മൂന്ന്) രണ്ടാഴ്‌ചത്തേക്ക് റിമാൻഡ് ചെയ്‌തു. യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. തിങ്കൾ രാത്രിയാണ് സംഭവം. വീട്ടിലുണ്ടാക്കിയ കറിയിൽ എരിവ് കൂടിയെന്ന് പറഞ്ഞായിരുന്നു
അക്രമണമെന്നും ആശുപത്രിയിൽ പോകുംവഴി ആംബുലൻസിൽവച്ചും മർദിച്ചെന്ന് യുവതി പൊലീസിന് മൊഴി നൽകി. തിങ്കൾ രാത്രിയോടെ രാഹുലിനെ പൊലീസ് കരുതൽ തടങ്കലിലാക്കിയിരുന്നു. ചൊവ്വ രാവിലെ യുവതി കുടുംബാംഗങ്ങളോടൊപ്പം പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. വിശദമായി മൊഴി രേഖപ്പെടുത്തിയശേഷം ഗാര്‍ഹിക പീഡനം, കൊലപാതക ശ്രമം എന്നീ വകുപ്പുകൾ ചുമത്തി രാഹുലിനെതിരെ കേസെടുത്തു. യുവതി വീട്ടുകാരോടൊപ്പം എറണാകുളത്തേക്ക് പോയി.
ആദ്യകേസ്
മേയില്‍
ഈ വര്‍ഷം മെയ് അഞ്ചിന് ഗുരുവായൂര്‍ അമ്പലത്തിലായിരുന്നു ഇവരുടെ വിവാഹം. വിവാഹ സൽക്കാരത്തിനായി 12ന് യുവതിയുടെ വീട്ടുകാര്‍ രാഹുലിന്റെ വീട്ടിലെത്തിയപ്പോഴാണ് ഗാര്‍ഹിക പീഡന വിവരം പുറത്തറിയുന്നത്. യുവതിയുടെ പരാതിയിൽ ഭർത്താവ് ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കേസെടുത്തു. സംഭവത്തിൽ പൊലീസ് നടപടിയിൽ വീഴ്ചയുണ്ടായെന്ന ആരോപണത്താലും വനിതാ കമീഷൻ ഇടപെടലിലും പന്തീരാങ്കാവ് പൊലീസ് ഇൻസ്പെക്ടർ ഉൾപ്പെടെ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.
പിന്നീട് ഭർത്താവ് ഒഴികെ നാലുപേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ഇതിനിടെ രാഹുല്‍ ജര്‍മനിയിലേക്ക് കടക്കുകയും ചെയ്തു. പിന്നീട് യുവതി വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പരാതി നല്‍കിയതെന്ന് വീഡിയോ സംഭാഷണത്തിലുടെ അറിയിച്ചു. ഒരുമിച്ചുജീവിക്കാൻ തീരുമാനിച്ചു, ഇരുവരും ഹൈക്കോടതിയിൽ നൽകിയ ഒത്തുതീർപ്പ് ഹർജി പ്രകാരം ഒക്ടോബറിലാണ് കേസ് കോടതി റദ്ദാക്കിയത്. ഒരുമിച്ച് താമസവും ആരംഭിച്ചിരുന്നു.
ഇനി ഭർതൃവീട്ടിലേക്കില്ലെന്ന്
യുവതി
ഇനി എന്തു വന്നാലും രാഹുലിനൊപ്പം തിരിച്ചുപോക്കില്ലെന്ന് പന്തീരാങ്കാവിൽ ഗാർഹികപീഡനത്തിന് ഇരയായ യുവതി പറഞ്ഞതായി അച്ഛൻ ഹരിദാസ്. മകളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് ഡിസ്‌ചാർജ് ചെയ്‌ത് മാല്യങ്കര ചെട്ടിക്കാട്ടെ വീട്ടിലേക്ക് കൊണ്ടുവന്നെന്നും അദ്ദേഹം ‘ദേശാഭിമാനി’യോട് പറഞ്ഞു. രാഹുലിനെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകും.
കല്യാണം കഴിഞ്ഞ അടുത്തദിവസംതന്നെ രാഹുലിൽനിന്ന് മകൾക്ക് മർദനമേറ്റിരുന്നു. ഇത് വിവാദമായി കേസ് ഹൈക്കോടതിയിലെത്തി. എന്നാൽ, രാഹുലിന്റെ സമ്മർദവും ഭീഷണിയും മൂലമാണ് മകൾ കേസ് പിൻവലിച്ചത്. ഇതോടെ ഹൈക്കോടതി കേസ് ഒത്തുതീർപ്പാക്കി ഇരുവർക്കും ഒരുമിച്ചുജീവിക്കാൻ സൗകര്യമൊരുക്കി. എന്നാൽ, വീണ്ടും രാഹുൽ തന്റെ മകളെ ക്രൂരമായി മർദിച്ചു. മകൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണെന്ന് തിങ്കൾ രാത്രി ഒമ്പതിന് പൊലീസ് അറിയിക്കുകയായിരുന്നു. ചൊവ്വ പുലർച്ചെ 1.30ഓടെ അവിടെ ചെന്നപ്പോൾ കണ്ണിലും ചുണ്ടിലും പരിക്കേറ്റ നിലയിലായിരുന്നു. കറിക്ക് ഉപ്പ് കൂടി എന്ന കാരണം പറഞ്ഞാണ് ഇടിച്ചത്.
ആശുപത്രിയിൽനിന്ന് ഡിസ്‌ചാർജ് ചെയ്‌തശേഷം മകളുമൊത്ത് പന്തീരാങ്കാവ് പൊലീസ് സ്‌റ്റേഷനിൽ ചെന്ന് പരാതി നൽകി. പൊലീസ് സഹായത്തോടെ പന്തീരാങ്കാവിലെ വീട്ടിൽനിന്ന് മകളുടെ സർട്ടിഫിക്കറ്റുകളും വസ്ത്രങ്ങളും എടുത്താണ് വീട്ടിലേക്ക് പോയത്. ജർമനിയിൽ ജോലി ചെയ്തിരുന്ന രാഹുൽ മടങ്ങിയിട്ടില്ല. ജോലി നഷ്ടപ്പെട്ടെന്നാണ് അറിവെന്നും അച്ഛൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..