കൊച്ചി
കുന്നുംപുറത്ത് നിർമാണം നടക്കുന്ന മേൽപ്പാലത്തിലിടിച്ച് ട്രക്കിൽനിന്ന് കണ്ടെയ്‌നർ കാറിന് മുകളിലേക്ക് വീണു. കാറിലുണ്ടായിരുന്ന കുട്ടിയടക്കം മൂന്നുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു. കുന്നുംപുറത്ത് ചൊവ്വ രാത്രി 8.15നായിരുന്നു സംഭവം.
ഇടപ്പള്ളി ഭാഗത്തുനിന്ന് വരാപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്നു കണ്ടെയ്‌നർ ട്രക്ക്. കുന്നുംപുറത്ത് നിർമാണം നടക്കുന്ന മേൽപ്പാലത്തിൽ ട്രക്കിലെ കണ്ടെയ്‌നർ ഇടിക്കുകയായിരുന്നു. ഇതോടെ കണ്ടെയ്‌നർ ഇളകി താഴേക്ക് പതിച്ചു. ഇടതുഭാഗത്തുകൂടി കടന്നുപോകുകയായിരുന്ന കാറിന് മുകളിലേക്കാണ് വീണത്. പാതിചരിഞ്ഞ നിലയിലായിരുന്നു കണ്ടെയ്‌നർ. കോതാട് വാടകയ്‌ക്ക് താമസിക്കുന്ന കുടുംബവുമായിരുന്നു കാറിൽ. ഒരുവയസ്സായ കുഞ്ഞും ഒപ്പമുണ്ടായിരുന്നു. ട്രക്ക് ഡ്രൈവർ അപകടം നടന്നയുടൻ ഓടിരക്ഷപ്പെട്ടു. കണ്ടെയ്‌നർ കാലിയായിരുന്നു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ ഉടമസ്ഥതയിലുള്ളതാണ് കാറ്.
ചേരാനല്ലൂർ പൊലീസും ഏലൂർ അഗ്നി രക്ഷാസേനയും സ്ഥലത്തെത്തി. അപകടത്തെ തുടർന്ന് റോഡ് ഗതാഗതക്കുരുക്കിലായി. ദേശീയപാത നിർമാണം നടക്കുന്നിടത്തുനിന്ന് രണ്ട് ക്രെയിനുകൾ എത്തിച്ച് പൊലീസ് ഉടൻതന്നെ അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കി. രാത്രി 9.30 ഓടെ ഗതാഗതം പുനഃസ്ഥാപിച്ചു.
ചേരാനല്ലൂർ ഇൻസ്പെക്ടർ ആർ വിനോദ്, ഏലൂർ ഫയർ ആൻഡ് റസ്‌ക്യു ഓഫീസർ എ എ റഷീദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..