കളമശേരി
കൂനംതൈയിലെ ഫ്ലാറ്റിൽ അമ്പത്തഞ്ചുകാരിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഗിരീഷ് ബാബു ആർഎസ്എസ്–-ബിജെപി സജീവപ്രവർത്തകൻ. കളമശേരി നഗരസഭയിലേക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പറക്കാട്ടുമല ഡിവിഷനിൽ ബിജെപി സ്ഥാനാർഥിയായി ഇയാൾ പത്രിക നൽകിയിരുന്നു. എന്നാൽ, സിപിഐ എം സ്ഥാനാർഥിയായ പി വി ഉണ്ണിയെ പരാജയപ്പെടുത്താൻ കോൺഗ്രസിനുവേണ്ടി അവസാനനിമിഷം പിൻമാറി. തെരഞ്ഞെടുപ്പിൽ ഉണ്ണിക്കായിരുന്നു ജയം.
ബിജെപി പ്രാദേശിക, അഖിലേന്ത്യ നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ ഇയാൾ സ്ഥിരമായി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ബിജെപി സംസ്ഥാന സെക്രട്ടറി പ്രകാശ് ബാബു, സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണൻ, അൽഫോൺസ് കണ്ണന്താനം, കളമശേരി കൗൺസിലറും മണ്ഡലം നേതാവുമായ പ്രമോദ് തൃക്കാക്കര തുടങ്ങിയവര്‍ക്കൊപ്പമുള്ള ഫോട്ടോകള്‍ ഗിരീഷ് ബാബുവിന്റെ ഫെയ്‌സ്ബുക് പേജിലുണ്ട്.
കങ്ങരപ്പടി പ്രദേശത്ത് ആർഎസ്എസ്–-ബിജെപി പരിപാടികളുടെ പ്രധാന സംഘാടകനാണ് ഗിരീഷ് ബാബു. ആർഎസ്എസ് യൂണിഫോമിൽ പ്രകടനങ്ങൾ നയിക്കുന്നതിന്റെയടക്കം ചിത്രങ്ങൾ സമൂഹമാധ്യമ പേജുകളിലുണ്ട്. കങ്ങരപ്പടി നാണിമൂല ലെനിൻ റോഡിൽ ആറുവർഷംമുമ്പ് വാങ്ങിയ വീട്ടിലായിരുന്നു ഇയാൾ കുടുംബമായി താമസിച്ചിരുന്നത്. കുടുംബവുമായി പിരിഞ്ഞതോടെ ആറുമാസമായി കാക്കനാട് മൈത്രിപുരത്ത് സഹോദരനും അമ്മയ്ക്കുമൊപ്പമായിരുന്നു. കൊച്ചി കരുവേലിപ്പടി സ്വദേശിയാണ്.
ഗിരീഷ് ബാബുവിനെ
കസ്റ്റഡിയിൽ വാങ്ങി
പ്രതി ഗിരീഷ് ബാബുവിനെ കളമശേരി പൊലീസ് ചൊവ്വ വൈകിട്ടോടെ കസ്റ്റഡിയിൽ വാങ്ങി. തുടർന്ന് കാക്കനാട്ടെ വീട്ടില്‍ തെളിവെടുപ്പിന് കൊണ്ടുപോയി. ബുധൻ രാവിലെ ഇയാളെ ഫ്ലാറ്റിലെത്തിച്ച് തെളിവെടുക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..