28 December Saturday

കാർഷിക സർവകലാശാലയുടെ വിള പരിപാലന ശുപാർശകൾ മലയാളത്തിൽ; മന്ത്രി പി പ്രസാദ് പ്രകാശനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 27, 2024

തിരുവനന്തപുരം > കാർഷിക സർവകലാശാല തയ്യാറാക്കിയ "വിള പരിപാലന ശുപാർശകൾ 2024' കൃഷി മന്ത്രി പി പ്രസാദ് പ്രകാശനം ചെയ്തു. കർഷകർക്കായി കേരള കാർഷിക സർവകലാശാല പ്രസിദ്ധീകരിക്കുന്ന ആധികാരിക ഗ്രന്ഥമായ വിളപരിപാലന ശുപാർശകൾ സാധാരണയായി ഇംഗ്ലീഷിലാണ് തയ്യാറാക്കുന്നത്. എന്നാൽ സാധാരണക്കാരായ കർഷകർക്കും മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ സാങ്കേതിക പദങ്ങൾ ലഘൂകരിച്ച് മലയാളത്തിൽ തയ്യാറാക്കിയ പുസ്തകമാണ് പ്രകാശനം ചെയ്തത്.

കർഷകർക്കും കാർഷിക മേഖലയുമായി ബന്ധപ്പെട്ട് പഠനങ്ങൾ നടത്തുന്നവർക്കുമെല്ലാം കൃഷിയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ പകർന്നുനൽകാൻ കഴിയുന്ന പുസ്തകമാണ് വിള പരിപാലന ശുപാർശകൾ 2024 എന്ന് മന്ത്രി പറഞ്ഞു. കേരളത്തിൽ വിളയിടം അടിസ്ഥാനമാക്കിയുള്ള കൃഷിരീതി നടപ്പിലാക്കും. കാർഷിക സർവകലാശാലയുടെ ഗവേഷണങ്ങൾ ഇതിനായി പ്രയോജനപ്പെടുത്തും. പത്തുവർഷം മുൻപുള്ള കൃഷി രീതിയല്ല ഇന്ന്. ഒരിടത്ത് നടപ്പിലാക്കുന്ന കൃഷിരീതി അതേപോലെ മറ്റൊരിടത്ത് നടപ്പാക്കാൻ കഴിയില്ല. ഭൂപ്രകൃതിയും കാലാവസ്ഥയും അടിസ്ഥാനമാക്കി മാറ്റങ്ങൾ അനിവാര്യമാണ്. കാർഷിക മേഖലയിൽ നടക്കുന്ന പഠനങ്ങൾ മണ്ണിന് ഗുണം ഉണ്ടാവണം എന്നതാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്ന പ്രധാന ആശയം.

വിള അടിസ്ഥാനപ്പെടുത്തിയുള്ള കൃഷി രീതിയിൽ പ്രതിസന്ധികൾ ഏറെയാണ്. കാലാവസ്ഥയെ കണക്കിലെടുത്തു കൊണ്ടുള്ള കൃഷി രീതി മാത്രമേ കേരളത്തിൽ ഫലവത്തായി നടക്കുകയുള്ളൂ. ഉൽപ്പാദനത്തിൽ വരുന്ന കുറവ് വരുമാനത്തിൽ പ്രതിഫലിക്കും. കാലാനുസൃതമായ മാറ്റം വരുത്തി സാങ്കേതിക വിദ്യകളും മാറ്റങ്ങളും കൃഷിരീതിയിൽ പ്രായോഗികമാക്കണം. കാർഷിക മേഖലയിലെ പ്രതിസന്ധികൾ മറികടക്കാനുള്ള പരിഹാരരീതികളും വിള നഷ്ടം നിയന്ത്രിക്കാനുള്ള മാർഗ്ഗങ്ങളും ശാസ്ത്ര സമൂഹത്തിന്റെ പഠനങ്ങളിലുണ്ട്. 2017 പുറത്തിറക്കിയ വിള പരിപാലന ശുപാർശകൾ വളരെയേറെ പ്രയോജനപ്രദമായിരുന്നു. അതിനാലാണ് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പുറത്തിറക്കിയ ശുപാർശകളുടെ മലയാളം പതിപ്പ് വേണമെന്ന് സർവകലാശാലയോട് ആവശ്യപ്പെട്ടത്. കർഷകരുടെ ഭാഷയിൽ അവർക്ക് മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ വിള പരിപാലന ശുപാർശകൾ തയ്യാറാക്കിയതിൽ കാർഷിക സർവകലാശാലയെ അഭിനന്ദിക്കുന്നതായൂം മന്ത്രി അറിയിച്ചു.

സർവകലാശാല തയാറാക്കിയ കോൾ നിലങ്ങളുടെ അറ്റ്‌ലസ് എന്ന പുസ്തകവും സെക്രട്ടേറിയേറ്റ് ലയം ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി പ്രകാശനം ചെയ്തു. കോൾ നിലങ്ങളുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും അവയുടെ സ്വഭാമനുസരിച്ചുള്ള കൃഷിരീതിയും മറ്റും വിശദമായി പ്രതിപാദിക്കുന്നതാണ് പുസ്തകം. കൃഷി വകുപ്പ് ഡയറക്ടർ ഡോ. അദീല അബ്ദുള്ള, കാർഷിക സർവകലാശാല രജിസ്ട്രാർ ഡോ എ സക്കീർ ഹുസൈൻ, എക്സ്റ്റൻഷൻ ഡയറക്ടർ ഡോ. ജേക്കബ് ജോൺ, കർഷക പ്രതിനിധി സുജിത്ത്, കാർഷിക സർവകലാശാല ഉദ്യോഗസ്ഥർ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top