തിരുവനന്തപുരം
സംസ്ഥാനത്ത് ജനുവരി ഒന്നുമുതൽ ഏഴുവരെ നടക്കുന്ന ‘വലിച്ചെറിയൽ വിരുദ്ധ വാരം’ വിജയിപ്പിക്കാൻ എല്ലാ തദ്ദേശ സ്ഥാപനങ്ങളും രംഗത്തിറങ്ങണമെന്ന് മന്ത്രി എം ബി രാജേഷ് ആഹ്വാനം ചെയ്തു. സംസ്ഥാനത്തെങ്ങും ശാസ്ത്രീയ മാലിന്യ സംസ്കരണ സംവിധാനങ്ങൾ സജ്ജമാവുമ്പോഴും പൊതുവിടങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന പ്രവണത തുടരുന്ന സാഹചര്യത്തിലാണ് വിപുലമായ ക്യാമ്പയിൻ. പരിപാടിയുടെ വിജയത്തിനായി എല്ലാ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുമായും സെക്രട്ടറിമാരുമായും മന്ത്രി ഓൺലൈനിൽ സംവദിച്ചു. ക്യാമ്പയിന്റെ ഒരുക്കങ്ങളും മന്ത്രി വിലയിരുത്തി. പ്രവർത്തനത്തിൽ റസിഡൻസ് അസോസിയേഷനുകളെ സജീവമായി പങ്കാളികളാക്കാൻ തദ്ദേശസ്ഥാപനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. എല്ലാ ജങ്ഷനുകളിലും ജനുവരി 20നുള്ളിൽ ജനകീയ സമിതികൾ രൂപീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു.
വലിച്ചെറിയൽ മുക്തമായ പൊതുവിടങ്ങൾ ജനകീയ സമിതികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ സൃഷ്ടിക്കുക, സ്കൂളുകളെയും കോളേജുകളെയും മാലിന്യമുക്തമാക്കുക, സ്ഥാപനങ്ങളെ വലിച്ചെറിയൽ മുക്തമാക്കുക, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നിയമനടപടികൾ കർശനമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ക്യാമ്പയിൻ മുന്നോട്ടുവയ്ക്കുന്നത്. പരിസരം വൃത്തിയായി സൂക്ഷിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കും. നിയമലംഘകർക്കെതിരെ തദ്ദേശവകുപ്പിന്റെ എൻഫോഴ്സ്മെന്റ് ടീം വഴിയുള്ള നിയമ നടപടികൾ കൂടുതൽ ശക്തമാക്കും.
യോഗത്തിൽ നവകേരള കർമ പദ്ധതി കോ–- ഓർഡിനേറ്റർ ഡോ. ടി എൻ സീമ, തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിളാ മേരി ജോസഫ്, സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമ, പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവ റാവു, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ, ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു വി ജോസ്, ക്ലീൻ കേരള കമ്പനി എംഡി ജി കെ സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..