26 December Thursday

50 പൈസ ഉപയോക്താക്കളിൽനിന്ന്‌ ഈടാക്കില്ല: മന്ത്രി ടി പി രാമകൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020


സ്വന്തം ലേഖകൻ
വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ഇ -ടോക്കൺ ലഭ്യമാക്കുന്നതിന്‌ ബാർ ഉടമകളിൽനിന്ന് 50 പൈസ  ഈടാക്കി ഫെയർകോഡിന്‌ നൽകുമെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് എക്‌സൈസ്‌ മന്ത്രി ടി പി രാമകൃഷ്‌ണൻ വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ്‌ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്‌ ഉന്നയിക്കുന്നത്‌. ആരു പറയുന്നതാണ്‌ ശരിയെന്ന്‌ പിന്നീട്‌ വ്യക്തമാകുമെന്നും വാർത്താ സമ്മേളനത്തിലെ ചോദ്യത്തിന്‌ മന്ത്രി മറുപടി നൽകി. ഈ തുക മൊബൈൽ ആപ്‌ വികസിപ്പിച്ച കമ്പനിക്കാണ് ലഭിക്കുന്നതെന്ന പ്രചാരണത്തിന് വസ്തുതകളുമായി ബന്ധമില്ല.

കേരള സ്റ്റാർട്ടപ്‌ മിഷൻ മുഖേന നടപടിക്രമങ്ങൾ പാലിച്ച് തെരഞ്ഞെടുത്ത ഫെയർകോഡ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡാണ്‌ വെർച്വൽ ക്യൂ വികസിപ്പിച്ചത്‌. ആപ്‌ വികസിപ്പിക്കാൻ ഫെയർകോഡിന് നൽകേണ്ട ഫീസ്, വെർച്വൽ ക്യൂ സംവിധാനം ഹോസ്റ്റ് ചെയ്തു നൽകുന്നതിന് സി- ഡിറ്റ് വഴി ലഭ്യമാക്കുന്ന ആമസോൺ സെർവർ സ്‌പേസിന് മാസം തോറും നൽകേണ്ട വാടക, എസ്എംഎസ് സംവിധാനം ലഭ്യമാക്കുന്നതിന് ഫെയർകോഡ് വഴി ടെലികോം കമ്പനികൾക്ക് നൽകേണ്ട നിരക്കുകൾ, ബിവറേജസ് കോർപറേഷന് സേവനങ്ങൾക്കും മറ്റുമായി അധികമായി വരുന്ന ചെലവുകൾ എന്നിവ നിറവേറ്റാനാണ് ഒരു ടോക്കണ് 50 പൈസ വീതം ബാർ, ബിയർ- വൈൻ പാർലർ ലൈസൻസികളിൽനിന്ന് ഈടാക്കുന്നത്.

മദ്യ ഉപഭോക്താക്കളിൽനിന്ന്‌ പൈസ ഈടാക്കുന്നുവെന്ന പ്രചാരണവും വസ്‌തുത മനസ്സിലാക്കാതെയാണ്‌. ഓരോ ടോക്കണും 50 പൈസ വീതമുള്ള തുക ബിവറേജസ് കോർപറേഷനാണ് ലഭിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top