23 December Monday

നിരോധിത പ്ലാസ്റ്റിക് കടത്തൽ ; അതിർത്തികളിൽ 
കർശന പരിശോധന

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024


തിരുവനന്തപുരം
സമ്പൂർണ ശുചിത്വമുള്ള കേരളം അക്ഷരാർഥത്തിൽ നടപ്പാക്കണമെങ്കിൽ ഗ്രാമ, നഗര വ്യത്യാസമില്ലാതെ മുഴുവനാളുകളും കൈകോർക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. ജനകീയ പങ്കാളിത്തത്തോടെ മാലിന്യ സംസ്കരണ പരിപാടികൾക്ക്‌ മുഴുവൻ പിന്തുണയും തദ്ദേശഭരണ സ്ഥാപനങ്ങൾ നൽകണം.   
നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ സംസ്ഥാനത്തേക്ക് കടത്തുന്നില്ലെന്ന്‌ ഉറപ്പാക്കാൻ അതിർത്തികളിലും ചെക്പോസ്റ്റുകളിലും പരിശോധന കർശനമാക്കും. ഇതിനായി മാർഗരേഖ വികസിപ്പിക്കും. സംസ്ഥാനത്ത് നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നിർമിക്കുന്ന സ്ഥാപനങ്ങൾ, മൊത്തക്കച്ചവടക്കാർ എന്നിവർക്കെതിരെ കർശന നടപടിയെടുക്കും. പ്ലാസ്റ്റിക് പദാർത്ഥങ്ങളുടെ ഉപഭോഗം പരമാവധി കുറയ്‌ക്കാൻ ബോധവൽക്കരണം സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ജനകീയ വിജിലൻസ് സ്ക്വാഡുകൾ, പൊലീസ്‌ സഹായത്തോടെയുള്ള നടപടികൾ, ശുചിത്വ, ആരോഗ്യ ഏജൻസികളുടെ പരിശോധനകൾ എന്നിവ കാര്യക്ഷമമാക്കേണ്ടതുണ്ട്‌. ആവശ്യമായ ഇടങ്ങളിൽ എഐ ക്യാമറകൾ സ്ഥാപിക്കും. ഗ്രാമങ്ങൾ, നഗരങ്ങൾ, സർക്കാർ, പൊതുമേഖലാ ഓഫീസുകൾ, വിദ്യാലയങ്ങൾ, കലാലയങ്ങൾ, വിനോദ സഞ്ചാരകേന്ദ്രങ്ങൾ എന്നിവ ഹരിതാഭമാക്കി മാറ്റേണ്ടതുണ്ട്‌. മാലിന്യത്തിന്റെ അളവ് കുറയ്‌ക്കൽ, തരംതിരിക്കൽ, ജൈവ, ദ്രവ മാലിന്യങ്ങളുടെ ഉറവിട സംസ്കരണം, അജൈവ പാഴ്‌വസ്തുക്കൾ ഹരിതകർമസേനകൾ വഴി കൈമാറൽ എന്നിവ ജനപങ്കാളിത്തത്തോടെ നടത്തണം. കക്കൂസ് മാലിന്യ സംസ്കരണത്തിന് പ്ലാന്റുകൾ സ്ഥാപിക്കാനും ജലസ്രോതസും നീർച്ചാലുകളും ശുദ്ധീകരിക്കാനും ശാസ്ത്രീയമായി ലാൻഡ്‌ ഫില്ലുകൾ ആരംഭിക്കാനുംകൂട്ടായ ഇടപെടൽ വേണം.

അതിനായി  പൊതുബോധമുണരണം.പാഴ്‌വസ്തു ശേഖരണം, ഹരിതകർമസേനാ പ്രവർത്തനങ്ങൾ, ശേഖരിച്ച മാലിന്യം സംഭരിക്കൽ, പാഴ്‌വസ്തു–- സാനിറ്ററി–-പുനരുപയോഗയോഗ്യമല്ലാത്ത മാലിന്യങ്ങൾ എന്നിവയുടെ സംസ്കരണം, ജൈവമാലിന്യ സംസ്കരണം, വിവിധ വകുപ്പുകളുമായുള്ള ഏകോപനം എന്നിവയിൽ പാളിച്ചയുണ്ടെങ്കിൽ പരിഹരിക്കണം.

സമ്പൂർണ മാലിന്യസംസ്കരണ സംവിധാനം ഏർപ്പെടുത്തിയ നഗരങ്ങൾ, റസിഡൻഷ്യൽ ഏരിയകൾ, പാർക്കുകൾ, മാർക്കറ്റുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ സംസ്കരണം ഫലപ്രദമല്ലെങ്കിൽ പരിഹരിച്ച്‌ ഘട്ടംഘട്ടമായി നടപ്പിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു..

തദ്ദേശ സ്ഥാപനങ്ങൾ മാലിന്യസംസ്കരണ പദ്ധതി ഉറപ്പാക്കണം
തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി രൂപീകരണത്തിൽ മാലിന്യസംസ്കരണ പദ്ധതികളുണ്ടെന്ന്‌ ജില്ലാ ആസൂത്രണ സമിതികൾ ഉറപ്പാക്കണമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ നിർദേശിച്ചു. ഇക്കാര്യത്തിൽ കലക്ടർമാർ പ്രത്യേകം ശ്രദ്ധിക്കണം. ‘മാലിന്യമുക്തം നവകേരളം’ മിഷന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി ചേർന്ന ആസൂത്രണ സമിതി സംയുക്ത യോഗത്തിലാണ്‌ ചീഫ്‌ സെക്രട്ടറിയുടെ നിർദേശം.  

പദ്ധതി രൂപീകരണം പൂർത്തിയായാൽ മാലിന്യ സംസ്കരണ പദ്ധതി ഉറപ്പാക്കാൻ ജില്ലാ പ്ലാനിങ്‌ ഓഫീസർ പ്രത്യേകയോഗം വിളിക്കണം. പോരായ്മയുണ്ടെങ്കിൽ നികത്തണം. സ്വച്ഛ് ഭാരത് മിഷൻ, ശുചിത്വ കേരളം പദ്ധതി, കേരള ഖരമാലിന്യ പരിപാലന പദ്ധതി, ഗ്രാമീണ–--നഗര തൊഴിലുറപ്പ് പദ്ധതികൾ, പതിനഞ്ചാം ധനകാര്യ കമീഷൻ ഗ്രാൻഡ്, അമൃത്, ഇറിഗേഷൻ തുടങ്ങി സാധ്യമായ എല്ലാ ധന സ്രോതസ്സുകളും സംയോജിപ്പിച്ചാൽ ഫണ്ട്‌ കണ്ടെത്താം.

പോരായ്മ തദ്ദേശഭരണ ജോയിന്റ്‌ ഡയറക്ടറും ശുചിത്വ മിഷൻ ജില്ലാ കോ–-ഓർഡിനേറ്ററും ആസൂത്രണ സമിതിയെ ധരിപ്പിക്കണം. സാനിറ്ററി മാലിന്യ സംസ്കരണവും കെട്ടിട നിർമാണ അവശിഷ്ട സംസ്കരണവുമെല്ലാം പദ്ധതിയിൽ പരിഗണിക്കണം.  ജില്ലാ, ബ്ലോക്ക് ധനകമീഷൻ ഗ്രാന്റുകൾ ഉൾപ്പെടെയുള്ള ഫണ്ട്‌ പദ്ധതികൾക്കായി  ഉപയോഗിക്കണമെന്നും നിർദേശിച്ചു.

കക്കൂസ് മാലിന്യ സംസ്കരണവും കെട്ടിട അവശിഷ്ട സംസ്കരണവും സാനിറ്ററി മാലിന്യ സംസ്കരണവുംപോലുള്ള പദ്ധതികൾ ഏറ്റെടുക്കാമെന്ന്‌ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ ഉറപ്പുനൽകി.  യോഗത്തിൽ തദ്ദേശഭരണ സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമ, പ്രിൻസിപ്പൽ ഡയറക്ടർ സാംബശിവ റാവു, ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു വി ജോസ്, പ്ലാനിങ്‌ ബോർഡ് അംഗം ജിജു പി അലക്സ്, ജോസഫൈൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top