തിരുവനന്തപുരം
കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള ദീർഘകാല കരാർ റദ്ദാക്കിയ കേന്ദ്ര ഇലക്ട്രിസിറ്റി അപ്പലേറ്റ് ട്രിബ്യൂണൽ സംസ്ഥാന സർക്കാരിന്റെ അധികാരത്തിലും കടന്നുകയറി. സർക്കാർ നിർദേശം റഗുലേറ്ററി കമീഷൻ അംഗീകരിക്കേണ്ട എന്നാണ് കഴിഞ്ഞദിവസത്തെ ട്രിബ്യൂണൽ വിധിയിലെ പരാമർശം.
വൈദ്യുതി നിയമം 2003ലെ വകുപ്പ് 108 പ്രകാരം സംസ്ഥാന സർക്കാരിന് കമീഷന് രേഖാമൂലം നിർദേശങ്ങൾ നൽകാം. പൊതുതാൽപ്പര്യമുള്ള വിഷയമാണെങ്കിൽ സർക്കാർ നിർദേശം അന്തിമമായിരിക്കും. ഇതനുസരിച്ചാണ് റഗുലേറ്ററി കമീഷൻ റദ്ദാക്കിയ വൈദ്യുതി കരാർ പുനഃസ്ഥാപിക്കാൻ സർക്കാർ നിർദേശം നൽകിയത്.
യൂണിറ്റിന് 4.29 രൂപയ്ക്ക് മൂന്ന് കമ്പനികളിൽനിന്ന് 25 വർഷത്തേക്ക് 472 മെഗാവാട്ട് വൈദ്യുതി വാങ്ങാനായിരുന്നു കരാർ. 2023 മേയിൽ ടെൻഡർ നടപടികളിലെ ലംഘനങ്ങളുടെ പേരിൽ റഗുലേറ്ററി കമീഷൻ കരാർ റദ്ദാക്കി. മെയ്, ജൂൺ മാസങ്ങളിലെ അധികവൈദ്യുതി ആവശ്യകത മുൻകൂട്ടിക്കണ്ട് കെഎസ്ഇബി ഹ്രസ്വകാല കരാറുകളിൽ ഏർപ്പെട്ടിരുന്നു. എട്ടുരൂപ കൂടുതലായതിനാൽ കെഎസ്‌ഇബിക്ക് സാമ്പത്തിക പ്രതിസന്ധി നേരിട്ടു. കരാർ കാലാവധി അവസാനിക്കാൻ വർഷങ്ങൾ അവശേഷിക്കെ പൊതുജന താൽപ്പര്യപ്രകാരം കരാർ പുനഃസ്ഥാപിക്കാൻ സർക്കാരിന്റെ പ്രത്യേക അധികാരം പ്രയോഗിച്ച് റഗുലേറ്ററി കമീഷന് നിർദേശം നൽകി. 2023 ഡിസംബറിൽ കമീഷൻ കരാറുകൾ പുനഃസ്ഥാപിച്ചു. എന്നാൽ, കുറഞ്ഞ നിരക്കിൽ സംസ്ഥാനത്തിന് അർഹതപ്പെട്ട വൈദ്യുതി നൽകാൻ കമ്പനികൾ തയ്യാറായില്ല. കമീഷന്റെ തീരുമാനത്തിനെതിരെ കമ്പനികൾ കേന്ദ്ര ഇലക്‌ട്രിസിറ്റി അപ്പലേറ്റിനെ സമീപിക്കുകയായിരുന്നു. ഇതിലാണ് കമ്പനികൾക്ക് അനുകൂലവിധി വന്നത്. നിയമവിദഗ്ധരുമായി ആലോചിച്ച് സുപ്രീംകോടതിയിൽ അപ്പീൽ നൽകണമോയെന്ന് തീരുമാനിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..