ആലങ്ങാട്
ഞായറാഴ്‌ച നടക്കുന്ന വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണവുമായി ബന്ധപ്പെട്ട് ആലങ്ങാട് കോൺഗ്രസിൽ പൊട്ടിത്തെറി. പരിപാടി നടക്കുന്ന ബൂത്തിന്റെ പരിധിയിലെ ഭാരവാഹികളേയോ, മണ്ഡലത്തിലെ മുതിർന്ന നേതാക്കളേയോ അറിയിക്കാതെ നടത്തുന്നതാണ് വിവാദങ്ങൾക്ക് വഴിവച്ചത്. ആലങ്ങാട് കോൺഗ്രസ് മേഖലാ കമ്മിറ്റിയുടെ പേരിൽ വിതയത്തിൽ ഹാളിൽ രാവിലെ 10നാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. എന്നാൽ, ഇല്ലാത്ത മേഖലാ കമ്മിറ്റിയുടെ പേരിൽ നടത്തുന്ന പരിപാടിക്കെതിരെ വ്യാപകപ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ മൂന്ന് പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ സ്വന്തം വാർഡിൽ വിമതരെ നിർത്തി യുഡിഎഫ് സ്ഥാനാർഥികളെ തോൽപ്പിച്ച ഡിസിസി ജനറൽ സെക്രട്ടറി കെ വി പോളാണ് മുഖ്യസംഘാടകൻ. ആലങ്ങാട് സാധുജനസംഘത്തിൽ നടന്ന ക്രമക്കേടുകളെ തുടർന്നുള്ള നിയമനടപടികളിൽനിന്ന് ശ്രദ്ധതിരിക്കാനാണ് കെ വി പോളിന്റെ ശ്രമമെന്നാണ് മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അഭിപ്രായം. 12 വർഷം സാധുജനസംഘത്തിൽ പ്രസിഡന്റായിരുന്നു പോൾ. എ ഗ്രൂപ്പ് വക്താവായിരുന്ന പോൾ അടുത്തിടെയാണ് സതീശൻപക്ഷത്തേക്ക് മാറിയത്.
പാർടിയുടെ കെട്ടുറപ്പ് തകർക്കാനും വിഭാഗീയതയെ പ്രോത്സാഹിപ്പിക്കാനും കെ വി പോൾ നടത്തുന്ന നിരന്തരശ്രമങ്ങളെ ഒറ്റക്കെട്ടായി നേരിടുമെന്ന് ഡിസിസി അംഗം പി കെ സുരേഷ് ബാബു, മുൻ മണ്ഡലം പ്രസിഡന്റ് എം പി റഷീദ്, കരുമാല്ലൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ എബി മാഞ്ഞൂരാൻ, സന്തോഷ് പി അഗസ്റ്റിൻ, സെബാസ്റ്റ്യൻ വേവുകാട്, സുരേഷ് മുണ്ടോളിൽ, യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി റോജിൻ ദേവസി എന്നിവർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..