22 December Sunday

സൗന്ദര്യവൽക്കരണവും ബോധവൽക്കരണവുമായി ക്ലീൻ 
ഏലൂർ

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024

കളമശേരി
മാലിന്യശേഖരണത്തിനും സംസ്കരണത്തിനും മാതൃകയായ ഏലൂർ നഗരസഭയിൽ ശുചിത്വബോധവൽക്കരണത്തിന് പുതിയ മാതൃകകൾ തേടുന്നു. പൊതുയിടങ്ങളിൽ ചെറുമാലിന്യംപോലും അവശേഷിക്കാതിരിക്കാനുള്ള ജാഗ്രതയോടെയാണ് നഗരസഭ മുന്നേറുന്നത്. ക്ലീൻ ഏലൂർ എന്ന പേരിൽ നേരത്തേ ആരംഭിച്ച ശുചിത്വപദ്ധതിയുടെ തുടർച്ചയാണ് സൗന്ദര്യവൽക്കരണം. ഇതിനായി നഗരസഭാ നിവാസികളുടെ പിന്തുണ ആർജിക്കാൻ ബോധവൽക്കരണം, പരിശീലനം, നിർദേശങ്ങൾ, വിട്ടുവീഴ്ചയില്ലാത്ത നടപടികൾ എന്നിവയുമായി വിവിധ സംരംഭങ്ങൾക്കാണ് നഗരസഭ നേതൃത്വം കൊടുക്കുന്നത്.

സ്നേഹാരാമങ്ങൾ ഒരുക്കൽ, ശുചിത്വസന്ദേശങ്ങളടങ്ങിയ ചുവർചിത്രങ്ങളുടെ രചന, എൽഇഡി ബോർഡുകൾ ഉൾപ്പെടെ സ്ഥാപിക്കൽ, ബസ് സ്റ്റോപ്പ് നവീകരണം തുടങ്ങിയവ നഗരസഭ നടപ്പാക്കിയിട്ടുണ്ട്. കുട്ടികളിൽ ശുചിത്വബോധവും മാലിന്യസംസ്കരണം സംബന്ധിച്ച അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നെയിംസ്ലിപ്പുകൾ വിതരണം ചെയ്തു. കൂടാതെ പാവകളി, ഓട്ടൻതുള്ളൽ തുടങ്ങിയ കലാരൂപങ്ങളിലൂടെയും ശുചിത്വസന്ദേശം പ്രചരിപ്പിക്കുന്നു.
ഓട്ടോഡ്രൈവർമാർ, വിദ്യാർഥികൾ തുടങ്ങി വിവിധ വിഭാഗം തൊഴിലാളികൾ എന്നിവർ ചേർന്ന് നഗരസഭയിലെ പ്രധാന കവലകളും റോഡരികും പൂച്ചെടികൾ വച്ചുപിടിപ്പിച്ച് സൗന്ദര്യവൽക്കരിച്ചു. കൂടാതെ സെൽഫി പോയിന്റ് ഒരുക്കിയും ശുചിത്വസന്ദേശം നൽകുന്നുണ്ട്.ശുചിത്വമിഷന്റെ നിർദേശപ്രകാരമാണ് നഗരസഭ ശുചിത്വ ബോധവൽക്കരണ പ്രവർത്തനത്തിന് പദ്ധതിയിട്ടത്. പദ്ധതിയിൽ നഗരസഭയ്ക്ക് ഇതുവരെ 13,77,304 രൂപ ലഭിച്ചു. ജില്ലയിൽ ഇത്തരത്തിൽ ഏറ്റവും ഉയർന്ന തുക ലഭിച്ച നഗരസഭ ഏലൂരാണ്.

പദ്ധതിയിൽ നഗര ജനകീയ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ബസ്‌ സ്റ്റോപ്പുകൾ പെയിന്റ്‌ ചെയ്ത് ചിത്രം വരച്ച് മുഖച്ഛായ മാറ്റുന്ന പ്രവർത്തനങ്ങളും തുടങ്ങി. കമ്പനിപ്പടിയിലും പാട്ടുപുരയ്ക്കലിലുമുള്ള ബസ് സ്റ്റോപ്പുകൾ നവീകരിച്ചു. ബാക്കിയുള്ള ബസ്‌ സ്റ്റോപ്പും സൗന്ദര്യവൽക്കരിക്കുമെന്ന് ചെയർമാൻ എ ഡി സുജിൽ പറഞ്ഞു. പരിപാടികൾ മികച്ച രീതിയിൽ പൂർത്തിയാക്കുന്നവർക്ക് ശുചിത്വമിഷനിൽനിന്ന് കൂടുതൽ തുക ലഭിക്കും. ഏലൂരിന് ഈയിനത്തിൽ 2025 വരെ 40 ലക്ഷം രൂപ അനുവദിച്ചതായും ചെയർമാൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top