തൃശൂർ
‘സിനിമയിൽ അഭിനയിക്കണോ. ആ തിരക്കഥ തപ്പിപ്പിടിച്ച് കൊണ്ടുവാ’ സംവിധായകൻ മോഹന്റെ വാക്കും കേട്ട് ഇന്നസെന്റ് പാഞ്ഞു. ‘രണ്ട് പെൺകുട്ടികളു’ടെ തിരക്കഥ തേടിയായിരുന്നു ഓട്ടം. ഒടുവിൽ മദ്യഷാപ്പിൽനിന്ന് തിരക്കഥ കിട്ടി. അതേ സിനിമയിൽ വേഷവും കിട്ടി. സിനിമാതിരക്കഥയിലെ ക്ലൈമാക്‌സ് പോലെതന്നെ ആകാംക്ഷ നിറഞ്ഞ രംഗമായിരുന്നു അത്. പിന്നീട് നടനായും നിർമാതാവായും തിളങ്ങിയ ഇന്നസെന്റിന് വഴിതുറന്ന പ്രതിഭ ഇരിങ്ങാലക്കുട മഠത്തിവീട്ടിൽ മോഹനും മായുകയാണ്.
ഇരിങ്ങാലക്കുടക്കാരായ മോഹനും ഇന്നസെന്റും സ്‌കൂൾ പഠനകാലംമുതൽ സുഹൃത്തുക്കളായിരുന്നു. മോഹനും സുഹൃത്തുക്കളും ചെയ്യുന്ന നാടകത്തിന്റെ റിഹേഴ്‌സൽ കാണാനും തെറ്റുകൾ പറഞ്ഞുകൊടുക്കാനും ഇന്നസെന്റിനെ വിളിക്കുമായിരുന്നു. പിന്നീട് സിനിമാമോഹവുമായി മോഹൻ മദ്രാസിലെത്തി. അസിസ്റ്റന്റ് ഡയറക്ടറും ഡയറക്ടറുമായി.
തീപ്പെട്ടിക്കമ്പനി നടത്തിവരികയായിരുന്ന ഇന്നസെന്റും സിനിമാക്കമ്പത്തോടെ മദ്രാസിലെത്തി മോഹന്റെ കൂടെക്കൂടി. അപ്പോഴാണ് മോഹൻ ‘രണ്ട് പെൺകുട്ടികൾ’ ചെയ്യുന്നത്. തിരക്കഥ സുരാസുവാണ് എഴുതുന്നത്. ഇന്നസെന്റിന് പ്യൂണിന്റെ വേഷമാണ്. ‘നിന്റെ സീനാണ് നാളെ ഷൂട്ട് ചെയ്യേണ്ടത്. സുരാസു അത് എഴുതിയില്ലെങ്കിൽ പിന്നെ ഈ സിനിമയിൽ അഭിനയിക്കാനാകില്ല’–- മോഹൻ പറഞ്ഞു. ‘എന്റമ്മേ’, ഇന്നസെന്റിന്റെ മനസ്സൊന്ന് കാളി. തിരക്കഥ വാങ്ങാൻ പാഞ്ഞു. മുറിയിലെത്തിയപ്പോൾ സുരാസുവുമില്ല തിരക്കഥയുമില്ല. ‘ഷൂട്ടിങ് നിർത്താം. തന്റെ റോളും വേണ്ട, സിനിമയും വേണ്ട’–- മോഹൻ ക്ഷുഭിതനായി. ഒടുവിൽ സമീപത്തെ മദ്യഷാപ്പിൽ തിരക്കഥയുമായി സുരാസുവിനെ കണ്ടെത്തി. ഇന്നസെന്റ് അത് പിടിച്ചുവാങ്ങി സെറ്റിലെത്തിച്ചു. ഷൂട്ടിങ് പൂർത്തിയാക്കി. ‘ഈ ലോകം അതിലൊരു ഇന്നസെന്റ്’ എന്ന പുസ്‌തകത്തിൽ ഇന്നസെന്റ് ഇക്കാര്യങ്ങൾ വിവരിക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..