കൊച്ചി
നവതരംഗത്തിന്റെ കരുത്തും മനോഹാരിതയും ചാലിച്ച മോഹന്റെ ചിത്രങ്ങളെ ആരാധിക്കുന്നവർക്കുപോലും അജ്ഞാതനായിരുന്നു ആ സിനിമകളുടെ സംവിധായകൻ. ആരോടും പരാതിയും പരിഭവവുമില്ലാതെ അദ്ദേഹം സ്വയം വരിച്ചതാണ് അത്. ഭരതനും പത്മരാജനുമൊപ്പം എൺപതുകളിലെ നവസിനിമയുടെ മുൻനിരക്കാരനായി തിളങ്ങിയ മോഹൻ, പുതിയ ഭാഷയിലേക്കും ഭാവുകത്വത്തിലേക്കും സിനിമ മാറിയപ്പോൾ വിനയപൂർവം സ്വയം വഴിയൊഴികയായിരുന്നു.
1978ലായിരുന്നു ആദ്യസിനിമ–- വാടകവീട്. തുടർന്ന് രണ്ട് പെൺകുട്ടികൾ. പിന്നീട് അദ്ദേഹത്തിന്റെ ജീവിതപങ്കാളിയായി മാറിയ അനുപമ ഈ രണ്ടു ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. സിനിമയിലെ സൗഹൃദം പ്രണയമായി വളരുകയായിരുന്നു. ആന്ധ്രയിലെ ധനിക കുടുംബാംഗമായിരുന്ന അനുപമ, നർത്തകൻ വെമ്പട്ടി ചിന്നസത്യത്തിന്റെ ശിഷ്യയായ നർത്തകിയായി അറിയപ്പെട്ടുകഴിഞ്ഞിരുന്നു. ഏതാനും തെലുങ്ക് ചിത്രങ്ങളിലും വേഷമിട്ടിരുന്നു. സ്വവർഗ പ്രണയത്തിന്റെ കഥ പറഞ്ഞ ‘രണ്ട് പെൺകുട്ടികൾ’ മലയാളത്തിന് പുതിയ ഭാവുകത്വം സമ്മാനിച്ച ചിത്രമാണ്. ഇതുൾപ്പെടെ ആദ്യ രണ്ടു ചിത്രങ്ങളും ബ്ലാക്ക് ആൻഡ് വൈറ്റായിരുന്നു. വി ടി നന്ദകുമാറിന്റെ ‘രണ്ട് പെൺകുട്ടികൾ’ എന്ന കഥ പി സ്റ്റാൻലി സിനിമയാക്കാനിരുന്നതാണെന്ന് മോഹനുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന നിർമാതാവ് ഡേവിഡ് കാച്ചപ്പിള്ളി പറഞ്ഞു. കെ ജി ജോർജിനെ സംവിധായകനായും കണ്ടുവച്ചു. സ്റ്റാൻലിക്ക് ചില പ്രയാസങ്ങൾ വന്നപ്പോൾ കഥ മോഹൻ വാങ്ങി.
ശോഭ എന്ന നടിയുടെ അഭിനയപ്രതിഭ എടുത്തുകാട്ടിയ ‘ശാലിനി എന്റെ കൂട്ടുകാരി’ മലയാളസിനിമയ്‌ക്ക് പുതിയൊരു ഭാവുകത്വമാണ് പകർന്നത്. സാമ്പത്തികമായും വലിയ വിജയമായിരുന്നു. നെടുമുടി വേണുവിനെ നായകനായി അവതരിപ്പിച്ച ‘വിടപറയും മുമ്പേ’ നാല് സംസ്ഥാന അവാർഡുകളാണ് നേടിയത്. മികച്ച നടനുള്ള ഫിലിംഫെയർ അവാർഡും നെടുമുടി നേടി. കൊച്ചിയിലെ പ്രധാന തിയറ്ററുകളിലൊന്നായിരുന്ന ലുലുവിന്റെ ഉദ്‌ഘാടനചിത്രമായിരുന്നു ഇത്. തിയറ്റർ ഉദ്‌ഘാടനത്തിന് പ്രദർശിപ്പിക്കാൻ, വിതരണക്കാരുടെ എതിർപ്പുണ്ടായിട്ടും റിലീസ് തീയതിക്ക് ഒരാഴ്‌ചമുമ്പ് മോഹൻ ഇടപെട്ട് ചിത്രം നൽകിയതായി തിയറ്റർ ഉടമയും നിർമാതാവുമായ സിയാദ് കോക്കർ ഓർക്കുന്നു. 100 ദിവസം തികയാൻ നാലുദിവസം ബാക്കിനിൽക്കെ ചിത്രം പിൻവലിക്കേണ്ടിവന്നതിന്റെ പ്രയാസം പിന്നീട് മോഹൻ പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. വിതരണക്കാരുമായുണ്ടായ തർക്കമാണ് കാരണം. ഡേവിഡ് കാച്ചപ്പിള്ളിയും ഇന്നസെന്റുമായിരുന്നു ഇതിന്റെ നിർമാതാക്കൾ.
ഒടുവിൽ രണ്ടാഴ്‌ചമുമ്പ് കാണുമ്പോഴും മോഹൻ സിനിമയെക്കുറിച്ചാണ് പറഞ്ഞുകൊണ്ടിരുന്നതെന്ന് കാച്ചപ്പിള്ളി ഓർക്കുന്നു. ഒരുവർഷത്തിലേറെയായി ശയ്യാവലംബിയാണ്. അവസാനനിമിഷംവരെ സിനിമയെ ക്കുറിച്ചുമാത്രമാണ് ചിന്തിച്ചത്. കാണണമെന്ന് അദ്ദേഹം ആവശ്യപ്പെടുമ്പോഴൊക്കെ അനുപമ വിളിച്ചുപറയും. ചെന്നുകണ്ട് എന്തിനാണ് കാണണമെന്ന് പറഞ്ഞതെന്ന് ചോദിക്കുമ്പോൾ, സിനിമയെക്കുറിച്ച് ചർച്ച ചെയ്യാനെന്നായിരിക്കും മറുപടി–- ഡേവിഡ് കാച്ചപ്പിള്ളി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..