തിരുവനന്തപുരം
മൂന്നു പതിറ്റാണ്ട് നീണ്ട സഹനങ്ങൾക്ക് അന്ത്യംകുറിച്ച് നമ്മെ വിട്ടുപിരിഞ്ഞ പുഷ്‌പൻ അണയാത്ത ആവേശവും ത്യാഗത്തിന്റെ അനശ്വരപ്രതീകവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആ പേരുകേട്ടാൽ ആവേശം തുടിച്ചിരുന്ന ഓരോ കമ്യൂണിസ്‌റ്റുകാരന്റെ ഹൃദയവും ഈ നിമിഷം ദുഃഖഭരിതമാണ്. പാർടിയുടെ ചരിത്രത്തിലെ അവിസ്‌മരണീയമായ ഒരധ്യായം കൂടി പുഷ്‌പനൊപ്പം അഗ്നിയായി ജ്വലിക്കുന്നു.
അഞ്ചു ഡിവൈഎഫ്ഐ പ്രവർത്തകരുടെ ജീവനെടുത്ത അന്നത്തെ യുഡിഎഫ് ഭരണകൂട ഭീകരതയെ നെഞ്ചുവിരിച്ചു നേരിട്ട പുഷ്‌പനു ജീവൻ ബാക്കിയായെങ്കിലും സ്വന്തം ജീവിതം നഷ്ടപ്പെട്ടു. കൂത്തുപറമ്പ് വെടിവയ്‌പ് എന്നന്നേയ്‌ക്കുമായി ശയ്യാവലംബിയാക്കി.
ശിഷ്ടകാലം ദുരന്തം സമ്മാനിച്ച അനാരോഗ്യത്തോടു പൊരുതേണ്ടി വന്ന അവസ്ഥയിലും പുഷ്‌പനിലെ കമ്യൂണിസ്‌റ്റ് അണുവിട ഉലഞ്ഞില്ല. നേരിട്ട ദുരന്തത്തിൽ പശ്ചാത്തപിച്ചിട്ടില്ല. കാരണം അദ്ദേഹത്തെ നയിച്ചത് സ്വാർഥ മോഹങ്ങളായിരുന്നില്ല, മറിച്ച് നാടിനുവേണ്ടി സ്വയം ത്യജിക്കാനുള്ള ധീരതയും ഉറച്ച കമ്യൂണിസ്‌റ്റ് ബോധ്യങ്ങളുമായിരുന്നു. ആദരാഞ്ജലികൾ. സഖാക്കളുടെയും കുടുംബത്തിന്റെയും വേദനയിൽ പങ്കുചേരുന്നു– മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..