ഞങ്ങടെ പ്രാണനായ സഖാവ് പുഷ്‌പൻ വിടപറഞ്ഞു. തോക്കുകളെ തോൽപിച്ചവൻ, തളർന്നുപോയ ശരീരവും കത്തിജ്ജ്വലിക്കുന്ന മനസ്സുമായി പുഷ്‌പൻ കടന്നുപോയ മൂന്നുപതിറ്റാണ്ട് രാഷ്ട്രീയചരിത്രത്തിലെ ഇതിഹാസ സമാനമായ ഏട്.
ഡിവൈഎഫ്ഐയെ പ്രണയിച്ച പുഷ്‌പൻ പാർടിയായി ജീവിച്ചു. ഓരോ കൂടിക്കാഴ്‌ചയിലും അദ്ദേഹം ചോദിച്ചത് പ്രസ്ഥാനത്തിന്റെ വളർച്ചയെ കുറിച്ച്, മുന്നേറ്റത്തെ കുറിച്ച്. മരണം നിരവധിതവണ മുഖാമുഖമെത്തിയപ്പോഴും വൈദ്യശാസ്ത്രത്തെ വിസ്‌മയിപ്പിച്ച് പുഷ്‌പൻ തിരികെവന്നു. വയനാട് ദുരന്തഭൂമിയിൽ നിൽക്കുമ്പോഴാണ് സഖാവിന് ഹൃദയാഘാതമുണ്ടായത് അറിയുന്നത്. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചെല്ലുമ്പോൾ വെന്റിലേറ്ററിലാണ്. ഡോക്ടർ ശൈലേഷുമായി സംസാരിക്കുമ്പോൾ അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. ‘ഇതുകണ്ട് ഭയപ്പെടണ്ട. ആൾ തിരിച്ചുവരും. അതാണ് രീതി’. ഡോക്‌ടർ പറഞ്ഞപോലെ തന്നെ അദ്ദേഹം അതിജീവിച്ചു. ഒരിക്കൽ പോലും പുഷ്‌പനെ അസ്വാസ്ഥനായി ഞാൻ കണ്ടിട്ടില്ല. ഒരു പരിഭവവും ആരോടും പങ്കുവച്ചിട്ടില്ല. രാഷ്ട്രീയ എതിരാളികളും വലതുപക്ഷ മാധ്യമങ്ങളും പലതവണ വാർത്തകൾക്കായി പുഷ്‌പനെ തേടി എത്തിയെങ്കിലും നിരാശയോടെ മടങ്ങേണ്ടിവന്നു.
രാജ്യത്തിന്റെ വിവിധയിടങ്ങളിൽനിന്ന് ചൊക്ലിയിലെ വീട്ടിൽ പുഷ്‌പനെ കാണാൻ ആയിരങ്ങളാണ് എത്തിയിരുന്നത്. സഹനപൂർണതയുടെ കരുത്തുകണ്ട് അതിശയിച്ചും ആവേശം കൊണ്ടുമല്ലാതെ ആരും ആ മുറിയിൽനിന്നും മടങ്ങിയിട്ടില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..