22 November Friday

തൃശൂർ പൂരം ; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഗൂഢനീക്കം , കുപ്രചാരണം മുഖ്യമന്ത്രിയുടെ ചില പദപ്രയോഗം 
അടർത്തിയെടുത്ത്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 29, 2024


തൃശൂർ
തൃശൂർ പൂരം പൂർണമായും അലങ്കോലമായെന്നുവരുത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഗൂഢനീക്കം. 2024ലെ പൂരച്ചടങ്ങുകളുടെ യാഥാർഥ വസ്തുതകൾ മറച്ചുവച്ച്‌ പൂരം പൂർണമായും മുടങ്ങിയെന്ന്‌  വരുത്താനാണ്‌ ചില  നിക്ഷിപ്‌ത താൽപ്പര്യക്കാർ ശ്രമിക്കുന്നത്‌. ഈ വർഷം പൂരത്തിന്‌ ചെറുപൂരങ്ങളുടെ വരവ്‌, മഠത്തിൽ വരവ്‌, ഇലഞ്ഞിത്തറ മേളം, കുടമാറ്റം, കൂടിക്കാഴ്ച എന്നിവ പൂർത്തിയായിരുന്നു. രാത്രിയിലെ വെടിക്കെട്ടുമായി ബന്ധപ്പെട്ട്‌ സുരക്ഷാ ക്രമീകരണത്തിലെ തർക്കങ്ങളെത്തുടർന്നാണ്‌ വെടിക്കെട്ടുൾപ്പെടെ വൈകിയത്‌. ചില ആചാരങ്ങൾ ദേവസ്വങ്ങൾ ചുരുക്കി നടത്തുകയും ചെയ്‌തു. ഈ വസ്‌തുതയാണ്‌  മുഖ്യമന്ത്രി സൂചിപ്പിച്ചത്‌.

പൂരം അലങ്കോലമാക്കാൻ ശ്രമിച്ചെന്ന പരാതി അന്വേഷിക്കാൻ എഡിജിപി  എച്ച്‌ വെങ്കിടേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷകസംഘം രൂപീകരിച്ച്‌ സമഗ്രാന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. അന്വേഷക സംഘത്തിന്റെ നിർദേശപ്രകാരം തൃശൂർ ഈസ്‌റ്റ്‌ പൊലീസ്‌ എഫ്‌ഐആറും രജിസ്‌റ്റർ ചെയ്തു.  ഉദ്യോഗസ്ഥതലത്തിൽ ആരെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്‌. എന്നാൽ മുഖ്യമന്ത്രിയുടെ ചില പദപ്രയോഗം അടർത്തിയെടുത്താണ്‌ കുപ്രചാരണം. 

തൃശൂർപൂരം സുഗമമാക്കാൻ എല്ലാക്കാലത്തും ഇടതുപക്ഷ സർക്കാരുകൾ മുന്നിൽനിന്നിട്ടുണ്ട്‌. വെടിക്കെട്ട്‌ സുരക്ഷയ്‌ക്ക്‌ ഫയർ ഹൈഡ്രന്റ്‌  നിർബന്ധമാക്കിയപ്പോൾ 1.10 കോടി ചെലവിൽ സ്ഥാപിച്ചു. പല ഘട്ടത്തിലും കേന്ദ്ര നിബന്ധന തടസ്സമായപ്പോൾ പരിഹരിക്കാൻ സംസ്ഥാന  മന്ത്രിമാർ ഇടപെട്ടു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത്‌ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി.

കേന്ദ്രസർക്കാരിനുകീഴിലുള്ള പെസോയുടെ പുതിയ നിബന്ധനമൂലം തൃശൂർപൂരം ഉൾപ്പെടെ കേരളത്തിലെ എല്ലാ ഉത്സവങ്ങൾക്കും വെടിക്കെട്ട്‌  നടത്താനാകാത്ത  സ്ഥിതിയാണ്‌. ഇതിനെതിരെ ദേവസ്വങ്ങളും പൂരപ്രേമികളും പ്രതിഷേധവുമായി രംഗത്തുണ്ട്‌. ഇത്‌ മറച്ചുവയ്‌ക്കാൻ ആഗ്രഹിക്കുന്നവരാണ്‌ അനാവശ്യ വിവാദം സൃഷ്ടിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top