ഹിരോഷിമദുരന്ത സ്മാരകത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുഷ്പചക്രമർപ്പിച്ചു. ഹിരോഷിമ പീസ് മെമ്മോറിയൽ പാർക്കും മ്യൂസിയവും അദ്ദേഹം സന്ദർശിച്ചു. കേരളത്തിലെ ജനങ്ങൾക്കുവേണ്ടി ദുരന്തസ്മാരകത്തിൽ പുഷ്പചക്രം സമർപ്പിക്കാനായതിൽ അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സ്മാരകം ആണവയുദ്ധത്തിന്റെ ഭയാനകതയിലേക്ക് ജനങ്ങളുടെ കണ്ണ് തുറപ്പിക്കുന്നു. ഇനിയൊരിക്കലും ആണവായുധം ഉപയോഗിക്കപ്പെടരുത്. സന്ദർശനം വികാരപരമായ അനുഭവമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വീകരണത്തിനും പ്രദർശനങ്ങൾ വിശദീകരിച്ചതിനും ഹിരോഷിമാ നഗരത്തിലെ രാജ്യാന്തര നയതന്ത്ര വിഭാഗത്തോടും പീസ് കൾച്ചർ ഫൗണ്ടേഷനോടും മുഖ്യമന്ത്രി നന്ദി പറഞ്ഞു.
ഹിരോഷിമ നഗരത്തിലെ സിറ്റിസൺസ് അഫയേഴ്സ് ബ്യൂറോ, രാജ്യാന്തര നയതന്ത്രവിഭാഗം ഡയറക്ടർ യൂക്കോ ഷിഗെമിസു, ചീഫ് ഡോ. യാസുകോ ഒശാനെ, ഹിരോഷിമ പീസ് മെമ്മോറിയൽ മ്യൂസിയം ഡെപ്യൂട്ടി ഡയറക്ടർ കട്സ്നോബു ഹമോക എന്നിവർ മുഖ്യമന്ത്രിയെയും സംഘാംഗങ്ങളെയും സ്വീകരിച്ചു. ജപ്പാനും ഹിരോഷിമയും സന്ദർശിക്കുന്ന ആദ്യ കേരള മുഖ്യമന്ത്രിയാണ് പിണറായി വിജയൻ.
ഷിമാനെ പ്രിഫെക്ചറും കേരളവും സഹകരണം ശക്തിപ്പെടുത്തും
പടിഞ്ഞാറൻ ജപ്പാൻ സംസ്ഥാനമായ മാറ്റ്സു സിറ്റി ഷിമാനെ പ്രിഫെക്ചർ മത്സ്യബന്ധന ജലവിഭവ വിനിയോഗമേഖലകളിൽ കേരളവുമായി സഹകരിക്കും. മാറ്റ്സു സിറ്റി ഷിമാനെ പ്രിഫെക്ചർ ഗവർണർ തത്സുയ മരുയാമ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ സംസ്ഥാനത്തിനു തുല്യമായ ജപ്പാനിലെ ഭരണസംവിധാനമാണ് ഷിമാനെ പ്രിഫെക്ചർ.
സാനിൻ മേഖലയിലാണ് ഷിമാനെ പ്രിഫെക്ചർ. കേരളവും സാനിൻ മേഖലയും തമ്മിൽ വ്യാപാരം, നിക്ഷേപം, മാനവ വിഭവശേഷി സഹകരണം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള ധാരണപത്രം നേരത്തെ ഒപ്പിട്ടിരുന്നു. മത്സ്യബന്ധനം, ജലസ്രോതസ്സുകൾ എന്നിവയിൽ വൈദഗ്ധ്യം നേടിയ രണ്ട് വൊക്കേഷണൽ ഹൈസ്കൂൾ ഷിമാനെ പ്രിഫെക്ചറിൽ ഉണ്ട്. തുറമുഖങ്ങളുടെ നടത്തിപ്പിലും സജീവമാണ്.
ഷിമാനെയിൽ റൂബി പ്രോഗ്രാമിങ് ഭാഷയിൽ പരിശീലനത്തിന് അത്യാധുനിക സൗകര്യമുണ്ട്. കേരളത്തിൽനിന്നുള്ള അഞ്ച് എൻജിനിയർമാർ ഈ സംവിധാനത്തിൽ പ്രവർത്തിക്കുന്നുണ്ട്. കാർഷിക, വനമേഖലകൾ ഷിമാനെ പ്രിഫെക്ചറിൽ ശക്തമാണെന്ന് ഗവർണർ പറഞ്ഞു. ഈ മേഖലകളിലെ സഹകരണത്തിനുള്ള സാധ്യതകളെക്കുറിച്ച് സാനിൻ ഇന്ത്യ അസോസിയേഷനുമായി ചേർന്ന് തുടർനടപടികൾ സ്വീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ജപ്പാനിലെ താരതമ്യേന കുറഞ്ഞ ജനസാന്ദ്രതയുള്ള പ്രദേശമാണ് സാനിൻ. സ്വകാര്യവാഹനങ്ങളാണ് പ്രധാന ഗതാഗത സംവിധാനം. റോഡ് മാനേജ്മെന്റ് വിഷയത്തിൽ ഷിമാനെയ്ക്ക് താൽപ്പര്യമുണ്ടെന്ന് ഗവർണർ മരുയാമ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..