കൊച്ചി
ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച മാർഗനിർദേശത്തിൽ മാറ്റം വരുത്താനാകില്ലെന്ന് ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷയും ആനകളുടെ പരിപാലനവും പരിഗണിച്ചാണ് നടപടി. എഴുന്നള്ളിപ്പ് ഒഴിവാക്കാനാകാത്ത മതാചാരമാണെന്ന് പറയാനാകില്ല. രാജാവിന്റെ കാലംമുതലുണ്ട് എന്നപേരിൽ ഇളവ് അനുവദിക്കാനുമാകില്ല. ഇപ്പോൾ രാജഭരണമല്ല, നിയമവാഴ്ചയാണ്. ദേവസ്വങ്ങൾ ഇക്കാര്യത്തിൽ പിടിവാശി ഉപേക്ഷിക്കണമെന്നും ജസ്‌റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്‌റ്റിസ് പി ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പറഞ്ഞു.
തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തിന് 15 ആനകളെ എഴുന്നള്ളിക്കുന്നതിന് ഇളവ് തേടി ദേവസ്വം നൽകിയ ഉപഹർജി പരിഗണിക്കുകയായിരുന്നു കോടതി. ആനകൾ തമ്മിലും ആനകളും ആളുകളും തമ്മിലും നിർദേശിച്ച ദൂരപരിധി കുറയ്ക്കാൻ മതിയായ കാരണം ഉണ്ടെങ്കിൽ അറിയിക്കാം. അഭിപ്രായപ്രകടനം പരിഗണിച്ച് മാർഗനിർദേശത്തിൽ മാറ്റം വരുത്താനാകില്ല. അനിവാര്യമായ ആചാരങ്ങളേ തുടരാനാകൂ. കാലഘട്ടത്തിനനുസരിച്ച് മാറ്റം വേണമെന്നും- കോടതി വ്യക്തമാക്കി.
എഴുന്നള്ളിപ്പിൽ രണ്ട് ആനകൾക്കിടയിൽ മൂന്നുമീറ്റർ ദൂരപരിധി ഉറപ്പാക്കണമെന്ന് നവംബർ 13ന് ഹെെക്കോടതി മാർഗരേഖയിറക്കിയിരുന്നു. ഇതിൽ ഇളവ് വേണമെന്നാണ് ദേവസ്വങ്ങളുടെ ആവശ്യം. എന്നാൽ, നിയമത്തിൽ പറയുന്നതേ അനുവദിക്കാനാകൂ എന്ന് കോടതി വ്യക്തമാക്കി. കോവിഡ് കാലത്ത് ആനകളുടെ എണ്ണം എങ്ങനെയാണ് കുറച്ചത്, കാലങ്ങളായി നടക്കുന്നത് എന്നെങ്കിലും അവസാനിപ്പിക്കണ്ടേ എന്നും കോടതി ചോദിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..