തിരുവനന്തപുരം
വയോജനങ്ങളുടെ ക്ഷേമം, സംരക്ഷണം, പുനരധിവാസം,അവകാശ സംരക്ഷണം എന്നിവ ഉറപ്പാക്കാനായി സംസ്ഥാനത്ത് വയോജനകമീഷൻ രൂപീകരിക്കുന്നു. ഇന്ത്യയിൽ ആദ്യമായാണ് വയോജന ക്ഷേമത്തിനുള്ള കമീഷൻ. ഇതിനുള്ള ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ബുധനാഴ്‌ച ചേർന്ന മന്ത്രിസഭായോഗം ശുപാർചെയ്‌തു. ചെയർപേഴ്‌സണും മൂന്നിൽ കവിയാത്ത അംഗങ്ങളുമുള്ള കമീഷന്റെ കാലാവധി മൂന്നുവർഷമായിരിക്കുമെന്ന് മന്ത്രി ആർ ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. അർധജുഡീഷ്യൽ പദവിയുണ്ടാകും. വയോജനങ്ങളുടെ കഴിവുകൾ പൊതുസമൂഹത്തിന് ഉപയുക്തമാക്കാനുള്ള പ്രവർത്തനങ്ങളും ഏറ്റെടുക്കും. ചെയർപേഴ്‌സണേയും അംഗങ്ങളേയും സർക്കാർ വിജ്ഞാപനം വഴി നിയമിക്കും.
60 വയസ്സിന് മുകളിലുള്ളവരാകും അംഗങ്ങൾ. ഒരാൾ പട്ടികജാതി/ വർഗത്തിൽ നിന്നും, ഒരാൾ വനിതയുമായിരിക്കണം. അഡീഷണൽ സെക്രട്ടറിയുടെ പദവിയിലുള്ള ആളാകും സെക്രട്ടറി. നിയമ ജോയിന്റ് സെക്രട്ടറിയുടെ പദവിയിലുള്ളയാളെ രജിസ്ട്രാറായും ധന ഡെപ്യൂട്ടി സെക്രട്ടറിയുടെ പദവിയിലുള്ളയാളെ ഫിനാൻസ് ഓഫീസറായും നിയമിക്കും. ആസ്ഥാനം തിരുവനന്തപുരം.
ദൈനംദിന പൊതുവായ മേൽനോട്ടം, മാർഗനിർദേശം, ഭരണനിർവഹണം എന്നിവ ചെയർപേഴ്സന്റെ ചുമതലയാണ്. ചെയർപേഴ്സൺ ഗവൺമെന്റ് സെക്രട്ടറിയുടെ പദവിയുള്ള പൂർണസമയ ഉദ്യോഗസ്ഥനായിരിക്കും. കമീഷന് ആവശ്യമെങ്കിൽ പ്രത്യേക വിഷയങ്ങളിൽ അറിവുള്ള രണ്ടുപേരെ ക്ഷണിതാക്കളായി വിളിക്കാം. കമീഷന്റെ തീരുമാനങ്ങൾ അതിന്റെ ശുപാർശ സഹിതം ഉചിതമായ നടപടിക്കായോ അല്ലെങ്കിൽ തർക്കത്തിലേർപ്പെട്ട കക്ഷികൾക്ക് പരിഹാരത്തിനായോ സർക്കാരിലേക്ക് അയയ്ക്കാം–- മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..