കളമശേരി
ഹൈക്കോടതി വിധി അനുസരിച്ച് സർക്കാർ നൽകിയ പാനലിൽനിന്ന് സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലറെ നിയമിക്കാതെ സംഘപരിവാർ പാർശ്വവർത്തിയെ താൽക്കാലിക വിസിയായി നിയമിച്ച ചാൻസലർ ആരിഫ് മൊഹമ്മദ് ഖാന്റെ നടപടി നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതാണെന്ന് കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് കേരള പ്രസ്താവനയിൽ പറഞ്ഞു.
നേരത്തെ, സർക്കാരിനെ അറിയിക്കാതെ ഡോ. സിസ തോമസിനെ വിസിയായി നിയമിച്ച ഗവർണറെ ഹൈക്കോടതി വിമർശിച്ചിരുന്നു. ഇതിൽ വീണ്ടും കോടതിയിൽനിന്ന് തിരിച്ചടി നേരിട്ട് 24 മണിക്കൂർ തികയുംമുമ്പാണ് ഗവർണറുടെ ഗുരുതര നിയമലംഘനം. നിയമവ്യവസ്ഥ സംരക്ഷിക്കാൻ ഉത്തരവാദപ്പെട്ട ഗവർണർതന്നെ നിയമലംഘനം നടത്തിയത് സത്യപ്രതിജ്ഞാലംഘനമാണ്. ഒരുനിമിഷംപോലും ആ സ്ഥാനത്ത് തുടരാൻ ആരിഫ് മൊഹമ്മദ് ഖാൻ യോഗ്യനല്ല. അദ്ദേഹം പദവിയൊഴിഞ്ഞ് സംഘപരിവാറിന്റെ രാഷ്ട്രീയചുമതല ഏറ്റെടുക്കുന്നതാകും ഉചിതം. ഉന്നതനിലവാരമുള്ള കേരളത്തിലെ സർവകലാശാലകളിലേക്ക് വിദേശത്തുനിന്നുപോലും വിദ്യാർഥികൾ ഒഴുകുകയാണ്. ഉത്തരേന്ത്യയിലെ സർവകലാശാലകളുടെ നിലവാരത്തിലേക്ക് കേരളത്തിലെ സർവകലാശാലകളെ ഇടിച്ചുതാഴ്ത്താനാണ് ഗവർണറുടെ നീക്കം.
ഗവർണറുടെ നിലാപാടുകൾക്കെതിരെ കോൺഫെഡറേഷൻ ശക്തമായ പ്രക്ഷോഭത്തിന് തയ്യാറാകുമെന്ന് പ്രസിഡന്റ് ഡോ. പി കെ ബിജുവും ജനറൽ സെക്രട്ടറി ഹരിലാലും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..