കളമശേരി
എറണാകുളത്ത് വിനോദയാത്രയ്ക്കെത്തിയ വിദ്യാർഥിസംഘത്തിന് ഭക്ഷ്യവിഷബാധ. നൂറോളം പേർ എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. മരിയാ ബോട്ടിൽ കടൽയാത്രയ്ക്കിടെ ഉച്ചയ്ക്ക് കഴിച്ച ഭക്ഷണത്തിൽനിന്നാണ് വിഷബാധയുണ്ടായത്. അവശനിലയിലാണ് സംഘം ആശുപത്രിയിൽ എത്തിയത്.
കോഴിക്കോട് കട്ടിപ്പാറയിൽ പ്രവർത്തിക്കുന്ന കാരുണ്യതീരം സ്പെഷ്യൽ സ്കൂളിലെ 65 വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, വളന്റിയർമാർ എന്നിവരടങ്ങിയ സംഘം രണ്ട് ബസുകളിലായാണ് കൊച്ചിയിലെത്തിയത്. ബുധൻ രാവിലെ ഏജന്റ്‌വഴി ബോട്ടുയാത്ര ഏർപ്പാടാക്കിയിരുന്നു. ബോട്ടുയാത്ര കഴിഞ്ഞ് ലുലു മാളിൽ എത്തിയപ്പോഴാണ് രാത്രി ഏഴരയോടെ പലർക്കും അസ്വസ്ഥത തുടങ്ങിയത്.
രാത്രി പത്തോടെയാണ് ഛർദിയും വയറിളക്കവുമായി കുട്ടികളും മുതിർന്നവരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്. 104 പേരുണ്ടായിരുന്ന സംഘത്തിൽ 65 പേർ ചികിത്സ തേടിയിട്ടുണ്ട്. ഇതിൽ അധികവും വിദ്യാർഥികളാണ്. രക്ഷിതാക്കൾക്കും ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. ഉച്ചഭക്ഷണത്തിലെ ഒരു പ്രത്യേക കറി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഈ കറി കഴിക്കാത്തവർക്കും ഭക്ഷണം തികയാത്തതിനാൽ കഴിക്കാനാകാതിരുന്നവർക്കും ഭക്ഷ്യവിഷബാധ ഏറ്റിട്ടില്ലെന്ന് സംഘാംഗങ്ങൾ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..